ചിലര്‍ക്ക് മനുഷ്യരേക്കാള്‍ സ്നേഹം നായയോടെന്ന് പഠനം

Articles Features

ചിലര്‍ക്ക് മനുഷ്യരേക്കാള്‍ സ്നേഹം നായയോടെന്ന് പഠനം
മനുഷ്യരും നായകളും തമ്മിലുള്ള ആത്മബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. സ്നേഹം പങ്കിടാനും, വീട്ടുകാവലിനും, വെറും രസത്തിനുവേണ്ടിയുമൊക്കെ നായ്ക്കളെ വളര്‍ത്തുന്നവരാണ് മനുഷ്യര്‍ ‍.

എന്നാല്‍ ഭൂരിഭാഗവും മനുഷ്യരേക്കള്‍ നായകളെ സ്നേഹിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഈ സത്യം എത്രനാള്‍ നിലനില്‍ക്കുമെന്ന് ഇനി ആര്‍ക്കും പറയുവാന്‍ സാദ്ധ്യമല്ലാത്ത കാലത്തേക്കാണോ നാം എത്തപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് മനുഷ്യനെയും നായയെയും സംബന്ധിച്ചു നടത്തിയ ഒരു പുതിയ പഠനം വ്യക്തമാക്കുന്നു.

പ്രത്യേകിച്ച് മനുഷ്യര്‍ തമ്മിലുള്ള സ്നേഹബന്ധം അറ്റുപോകുന്ന ഈ കാലത്ത്…… മനുഷ്യന്റെ സ്വന്തക്കാരുടെ കാര്യമല്ല ഇവിടെ പരാമര്‍ശിക്കുന്നത്. അപരിചിതനായ വ്യക്തിയോടു തോന്നുന്നതിനേക്കാള്‍ ഇഷ്ടവും സഹതാപവും അപരിചിതനായ ഒരു നായയോടു തോന്നുമെന്നാണ് ഈ പഠനം പറയുന്നത്. ഹാരിസണ്‍സ് ഫണ്ട് എന്ന സംഘടനയാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയത്.

പഠനത്തിന്റെ ഭാഗമായി ഇവര്‍ ഒരു പരീക്ഷണം നടത്തി. ആദ്യം തങ്ങളുടെ വെബ്സൈറ്റില്‍ ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കായി പണം നല്‍കണമെന്ന് അപേക്ഷിച്ചു. കുഞ്ഞിന്റെ ഫോട്ടോയോടൊപ്പമായിരുന്നു അപേക്ഷ. ഒരാഴ്ചയ്ക്കുശേഷം കുഞ്ഞിനു പകരം ഒരു നായ്ക്കുട്ടിയുടെ ചികിത്സയ്ക്കായി പണം നല്‍കണമെന്ന് അപേക്ഷിച്ചു.

എന്നാല്‍ കുഞ്ഞിന്റെ ചികിത്സയ്ക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടി പണമാണ് നായ്ക്കുട്ടിയുടെ ചികിത്സയ്ക്കായി ലഭിച്ചത്. സമാനമായ നിരവധി പരീക്ഷണങ്ങള്‍ നടത്തിയാണ് മനുഷ്യന് മനുഷ്യനേക്കാള്‍ നായ്ക്കുട്ടിയോടാണ് സ്നേഹം എന്ന വിലയിരുത്തലിലേക്ക് എത്തിയതെന്ന് സംഘടന പറയുന്നു.