സിറിയന്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ കോടീശ്വരന്‍ ദ്വീപുകള്‍ വാങ്ങുന്നു

Breaking News Middle East

സിറിയന്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ കോടീശ്വരന്‍ ദ്വീപുകള്‍ വാങ്ങുന്നു
കെയ്റോ: സിറിയയിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് പാലായനം ചെയ്യുന്ന പൌരന്മാര്‍ക്ക് പാര്‍പ്പിടമൊരുക്കുവാന്‍ ഈജിപ്റ്റ് കോപ്റ്റിക്ക് ക്രൈസ്തവനായ കോടീശ്വരന്‍ രണ്ടു ദ്വീപുകള്‍ വാങ്ങുന്നു.

 

ഈജിപ്റ്റിലെ ബില്യനെയര്‍ (ലക്ഷം കോടി ഡോളര്‍ സ്വത്തിന്റെ ഉടമ) നഗ്യുബ് സാവിരിസ് ആണ് ഈ ദൌത്യത്തിനു തയ്യാറാകുന്നത്. കര്‍ത്താവിന്റെ സ്നേഹം ആശയറ്റവര്‍ക്കുവേണ്ടി പകര്‍ന്നുകൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഈജിപ്റ്റിലെ മൂന്നാമത്തെ ധനികനായ സാവിരിസ് പറഞ്ഞു.

 

കഴിഞ്ഞ ആഴ്ച സിറിയന്‍ അഭയാര്‍ത്ഥി ബോട്ടു തകര്‍ന്ന് മരിച്ച അയ്ലന്‍ കുര്‍ദ്ദി എന്ന മൂന്നു വയസ്സുകാരന്റെ ജഡം കടല്‍ത്തീരത്ത് അടിഞ്ഞ സംഭവം വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഈ കുരുന്നിന്റെ ജഡത്തിന്റെ ഫോട്ടോ ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചര്‍ച്ചാ വിഷയം ആകുകയും ചെയ്തിരുന്നു. ഈ ഫോട്ടോ കണ്ട സാവിരിസിന്റെ കണ്ണു തുറന്നതായി അദ്ദേഹം വെളിപ്പെടുത്തി.

 

സിറിയന്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുവാനായി തുര്‍ക്കിയുടെയോ, ഗ്രീസിന്റെയോ, ഇറ്റലിയുടെയോ ഭരണാധീനതയില്‍ ഉള്ള ഏതെങ്കിലും മെഡിറ്ററേനിയന്‍ ദ്വീപു വാങ്ങാനാണ് ആലോചന. ഇതിനുവേണ്ടി ഇരുനൂറു മില്യണ്‍ ഡോളര്‍ ചെലവഴിക്കുവാന്‍ ഇദ്ദേഹം ഉദ്ദേശിക്കുന്നു.

 

ഇതിനായി അനുയോജ്യമായ ദ്വീപ് കണ്ടെത്തി ആ രാജ്യത്തിന്റെ അനുമതി നേടി പണം നല്‍കി സ്വന്തമാക്കി അഭയാര്‍ത്ഥികള്‍ക്കു വീടൊരുക്കാനാണ് പദ്ധതി. വളരെ ക്ലേശം നിറഞ്ഞ ഈ പദ്ധതി എത്രയും പെട്ടന്നു നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സാവിരിസ്. ഇതുവരെ 40 ലക്ഷത്തിലധികം സിറിയക്കാര്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.