രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Breaking News Health

രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഒരു ദിവസത്തെ അവസാന ഭക്ഷണമാണ് അത്താഴം. വളരെ ശ്രദ്ധിച്ചും സൂക്ഷ്മതയോടും ഉള്‍പ്പെടുത്തേണ്ട വിഭവങ്ങളാണ് രാത്രി ഭക്ഷണത്തില്‍ വേണ്ടത്.

കാരണം നമ്മുടെ ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കും വഴുതി മാറുമ്പോള്‍ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും. ഈ സമയത്ത് ദഹനേന്ദ്രിയത്തിനു വഴങ്ങുന്ന ഭക്ഷണം മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിനു ഉചിതം. അതിനു സഹായിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പച്ചക്കറികളും കൊഴുപ്പില്ലാത്തതുമായ വിഭവങ്ങളാണ്.

നമ്മുടെ ശരീരം ഏറ്റവും ആഗ്രഹിക്കുന്നതും ഇവയാണ്. രാത്രിയില്‍ പതിവ് ഉറക്കത്തിനു തയ്യാറെടുക്കുന്ന സമയത്ത് ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തിലെ അനാരോഗ്യകരമായ കൊഴുപ്പ് ‘ട്രൈഗ്ളിസറൈഡ്’ വന്‍ തോതില്‍ വര്‍ദ്ധിക്കുന്നുവെന്ന് മെക്സിക്കോയിലെ നാഷണല്‍ ഓട്ടോണമസ് നടത്തിയ ഗവേഷണത്തില്‍ വ്യക്തമാകുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കരുത്.

ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കണം. രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍ ‘ട്രൈഗ്ളിസറൈഡ്’ ശരീരത്തില്‍ കൂടുവാനും അത് ഹൃദയ രോഗങ്ങള്‍ കൊണ്ടുവരുന്നതിനും പ്രധാന കാരണമാകുവാനും ഇടയാകും.

ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ തോത് കൂട്ടാനും ദഹനവുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങള്‍ ഉണ്ടാകാനും ഇടയാകും. എന്നാല്‍ സന്ധ്യയ്ക്ക് ഭക്ഷണം കഴിക്കുന്നവരില്‍ ‘ട്രൈഗ്ളിസറൈഡ്’ കുറയുകയും ചെയ്യുന്നു.
പലരും പകല്‍ സമയങ്ങളില്‍ കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുവാന്‍ സാധിക്കാത്തതിനാല്‍ അതിന്റെ കുറവ് പരിഹരിക്കാനായി രാത്രി വൈകി ഭക്ഷണം കഴിക്കുന്നതു പതിവാണ്.

ഇത് വലിയ അപകടം ക്ഷണിച്ചു വരുത്തുന്ന കാര്യമാണ്. ജങ്ക് ഫുഡ്, മസാലയടങ്ങിയ ഭക്ഷണം, പാസ്ത, ബര്‍ഗര്‍ ‍, പിസ, ബിരിയാണി, കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം (ചോറ് മുതലായവ), ബട്ടര്‍ ‍, കൊഴുപ്പ് കൂടിയ ചിക്കന്‍ ‍, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചില്ലിലോസ്, അതിമധുര പലഹാരങ്ങള്‍ ‍, ചോക്ളേറ്റ് തുടങ്ങിയ വിഭവങ്ങള്‍ രാത്രിയില്‍ ഒഴിവാക്കപ്പെടേണ്ടതാണ്.

തൈര് രാത്രി കഴിക്കുന്നത് പതിയെ രക്തധമനികളുടെ പ്രവര്‍ത്തനത്തെയും തുടര്‍ന്ന് ഹൃദയത്തെയും ബാധിക്കുമെന്നാണ് അഭിപ്രായം. രാത്രിയില്‍ കട്ടിയുള്ള ആഹാരങ്ങള്‍ ഒഴിവാക്കുകയും പെട്ടന്നു ദഹിക്കുന്ന പഴം, പച്ചക്കറികള്‍ ‍, ഓട്ട്സ് മുതലായ ഭക്ഷണ വിഭവങ്ങള്‍ കഴിക്കുകയും ചെയ്യുന്നതാണ് ഉത്തമം.