ഒരാള്‍ ദിവസം എത്രഗ്ളാസ്സ് വെള്ളം കുടിക്കണം?

Breaking News Health Others

ഒരാള്‍ ദിവസം എത്രഗ്ളാസ്സ് വെള്ളം കുടിക്കണം?
ഇപ്പോള്‍ വേനല്‍ക്കാലമാണ്. അമിതമായ ചൂട് ശരീരത്തെ തളര്‍ത്തുന്നു. ശരീരം വിയര്‍ത്തു കുളിച്ച് ലവണങ്ങളെ പുറംന്തള്ളുന്നു.നിര്‍ജ്ജലീകരണം ഉണ്ടായി ആളുകള്‍ തളര്‍ന്നു വീഴുവാന്‍ സാദ്ധ്യതയുണ്ട്.

അതിനെ പ്രതിരോധിക്കാന്‍ ഏക മാര്‍ഗ്ഗം ധാരാളം വെള്ളം കുടിക്കുക മാത്രമാണ്. മറ്റു സീസണുകളെ അപേക്ഷിച്ച് ചൂടുകാലത്ത് കൂടുതല്‍ വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കണം. നല്ല ആരോഗ്യം നിലനിര്‍ത്തുവാന്‍ ദിവസവും 8 മുതല്‍ 10 ഗ്ളാസ് വെള്ളം വരെയെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

മനുഷ്യ ശരീരത്തില്‍ 70 ശതമാനവും വെള്ളമാണ്. ശരീരത്തില്‍നിന്നു വിയര്‍പ്പായും മൂത്രമായും വെള്ളം നഷ്ടപ്പെടുന്നു. ഇത് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ വെള്ളം കുടിക്കുന്നത് ശരീര ഭാരം വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യും. ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ പലവിധമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു.

വായ വരണ്ടു പോകുന്നു, തലവേദന, ത്വക്ക് വരളുക, മയക്കം, തലചുറ്റല്‍ ‍, ഉത്സാഹക്കുറവ്, ശ്രദ്ധയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സാദ്ധ്യതയേറുന്നു. എന്നാല്‍ ചിലയാളുകളുടെ ശരീര പ്രകൃതിയ്ക്കനുസരിച്ച് വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ക്ക് ധാരാളം വെള്ളം ആവശ്യമായിരിക്കും.

മറ്റു ചിലര്‍ക്ക് വെള്ളം കൂടുതല്‍ കുടിച്ചാല്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരികയും ഇത് ബുദ്ധിമുട്ടിനിടയാക്കുകയും ചെയ്യും. അതിനാല്‍ ദാഹിക്കുമ്പോള്‍ നിര്‍ബന്ധമായും വെള്ളം കുടിക്കണം. ദാഹമില്ലാത്തപ്പോള്‍ വെള്ളം കുടിക്കണമെന്നില്ല എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഉഷ്ണ കാലത്ത് ശരീരത്തില്‍നിന്നും ധാരാളം വെള്ളം നഷ്ടമാകുന്നതിനാല്‍ ആ നഷ്ടം നികത്താനാവശ്യമായ വെള്ളം കുടിക്കേണ്ടതാണ്.

മുതിര്‍ന്ന വ്യക്തി ഒരു ദിവസം ശരാശരി 3 ലിറ്റര്‍ വെള്ളം കുടിക്കണം. സ്ത്രീകള്‍ക്ക് രണ്ടര മുതല്‍ മൂന്നു ലിറ്റര്‍ വരെ കുടിക്കാം. എന്നാല്‍ പുരുഷന്മാര്‍ക്ക് 3 ലിറ്റര്‍ വെള്ളം ആവശ്യമാണ്.

പുരുഷന്മാരുടെ പേശീ രൂപീകരണം മൂലം കൂടുതല്‍ വെള്ളം ആവശ്യമായി വരുന്നു. ഭക്ഷണം കഴിക്കുന്നതിനു അര മണിക്കൂര്‍ മുമ്പെങ്കിലും വെള്ളം കുടിച്ചാല്‍ നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ കാലറി കുറയ്ക്കാന്‍ സാധിക്കും.

ഇത് ശരീര ഭാരം വര്‍ദ്ധിപ്പിക്കുന്നതില്‍നിന്നു തടയുന്നു. മുട്ട, മീന്‍ ‍, പഴങ്ങള്‍ ‍, വെള്ളരി പോലുള്ള സാധനങ്ങള്‍ ‍, ജലാംശം കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. ഇവ കഴിക്കുന്നതുമൂലം വെള്ളത്തിന്റെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു.