നൈജീരിയ: 3 വര്‍ഷത്തിനിടയില്‍ 16,000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

Breaking News Global

നൈജീരിയ: 3 വര്‍ഷത്തിനിടയില്‍ 16,000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
കഡുന: 3 വര്‍ഷത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16,000. ഇസ്ളാമിക തീവ്രവാദികളും, മതമൌലിക വാദികളും വിഹരിക്കുന്ന വടക്കന്‍ നൈജീരിയായില്‍ 2015 ജൂണ്‍ മാസം മുതല്‍ കൊല്ലപ്പെട്ടവരുടെ കണക്കാണിത്.

അന്താരാഷ്ട്ര സംഘടനയായ ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് ദ റൂള്‍ ഓഫ് ലോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.

 

സംഘടന ഈ വിവരം ഉള്‍പ്പെടുത്തിയും, എത്രയും പെട്ടന്ന് ക്രൈസ്തവര്‍ക്ക് സംരക്ഷണവും സഹായവും നല്‍കാന്‍ പ്രസിഡന്റ് മുഹമ്ദ് ബുഹാരി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ ഒരു കത്തും ബുഹാരിയ്ക്ക് അയച്ചു കൊടുത്തു. ഈ കത്തിന്റെ കോപ്പി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനും അയച്ചുകൊടുത്തിട്ടുണ്ട്.

16,000 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 2,050 പേര്‍ സംസ്ഥാനങ്ങളില്‍ നടന്ന കലാപങ്ങളില്‍ കൊല്ലപ്പെട്ടവരും, 7,950 പേര്‍ പോലീസ് കസ്റ്റഡിയിലോ വംശീയ അതിക്രമങ്ങളിലോ കൊല്ലപ്പെട്ടവരും, 2,050 പേര്‍ ബോക്കോഹറാം എന്ന ഇസ്ളാമിക ഭീകര സംഘടനയുടെ ആക്രമണങ്ങളില്‍ മരിച്ചവരും, 3,750 പേര്‍ ഇസ്ളാമിക ഫുലാനി ഗോത്ര വിഭാഗക്കാരായ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുമാണ്.

 

2017 ഡിസംബര്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ ഫുലാനി ഗോത്രവിഭാഗക്കാരുടെ ആക്രമണങ്ങളില്‍ മാത്രം 350 പേര്‍ കൊല്ലപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലും, പ്രാദേശിക തര്‍ക്കങ്ങളിലും, തൊഴില്‍ പരമായ തര്‍ക്കങ്ങളിലും, മറ്റു നിസ്സാരമായ വാക്കു തര്‍ക്കങ്ങളിലും, മോഷണങ്ങള്‍ക്കും മറ്റുമായാണ് ക്രൈസ്തവര്‍ ഇരയാക്കപ്പെടുന്നത്.

 

പ്രധാനമായും അദാമാവ, ബോര്‍ണോ, ബെന്യു, കഡുന എന്നീ സംസ്ഥാനങ്ങളിലാണ് കൂട്ടക്കൊലകള്‍ അരങ്ങേറുന്നത്. ആളുകളെ വെടിവെച്ചും, വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തുക. ഇതോടൊപ്പം ആരാധനാലയങ്ങള്‍ ‍, വീടുകള്‍ എന്നിവ തകര്‍ക്കുകയും, അഗ്നിക്കിരയാക്കുകയും, കൊള്ളയടിക്കുകയും ചെയ്യുന്നതും പതിവാണ്.

 

ആയിരക്കണക്കിനു ക്രൈസ്തവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ നൈജീരിയായില്‍ 30 മില്യണ്‍ ക്രൈസ്തവരാണുള്ളത്. മുഹമ്മദ് ബുഹാരി 6-ാമത് പ്രസിഡന്റാണ്. എന്നാല്‍ തീവ്രവാദികളുടെ ഭീഷണികള്‍ക്കും, ആക്രമണങ്ങള്‍ക്കും മുമ്പില്‍ ബുഹാരി പലപ്പോഴും കാഴ്ചക്കാരനായി നില്‍ക്കുകയാണ്.

 

ആയിരക്കണക്കിനു ക്രൈസ്തവര്‍ക്കിപ്പോഴും വീടുകളില്‍ സമാധാനമായി കഴിയാന്‍ സാധിക്കുന്നില്ല. പലരും വീടുകള്‍ വിട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. എത്രയും പെട്ടന്നു ഇതിനു പ്രതിവിധി ഉണ്ടാകണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published.