അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ 4200 കിലോമീറ്റര്‍ പറന്ന് ചിത്ര ശലഭങ്ങള്‍

അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ 4200 കിലോമീറ്റര്‍ പറന്ന് ചിത്ര ശലഭങ്ങള്‍

Breaking News Others

അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ 4200 കിലോമീറ്റര്‍ പറന്ന് ചിത്ര ശലഭങ്ങള്‍

ബോസ്റ്റണ്‍: ആയിരക്കണക്കിനു കിലോമീറ്ററോളം സമുദ്രങ്ങള്‍ താണ്ടി ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളെ കണ്ടെത്തി ഗവേഷകര്‍.

പശ്ചിമ ആഫ്രിക്കയില്‍ കണ്ടു വരുന്ന പെയിന്റഡ് ലേഡി ഇനത്തില്‍ പെട്ട ശലഭമാണ് അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ 4200 കിലോമീറ്ററിലേറെ പറന്ന് തെക്കെ അമേരിക്കയിലെ ഫ്രഞ്ച് ഗയാന തീരത്തെത്തിയത്. ശാസ്ത്ര ജേണലായ നേച്ചറിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജെറാള്‍ഡ് ടലാവെര എന്ന ഗവേഷകനാണ് ഫ്രഞ്ച് ഗയാനയിലെ ബീച്ചില്‍ പെയിന്റഡ് ലേഡി ശലഭത്തെ കണ്ടെത്തിയത്. ആഫ്രിക്കന്‍ വന്‍കരയിലാണ് ഈ ഇനം ശലഭങ്ങളെ കണ്ടു വരുന്നത്. തുടര്‍ന്ന് ടലാവെര ഉള്‍പ്പെടെയുള്ള ഒരു സംഘം നടത്തിയ ഗവേഷണമാണ് ശലഭത്തിന്റെ സാഹസിക യാത്ര പുറത്തുകൊണ്ടുവന്നത്.

ഇവര്‍ ശലഭത്തിന്റെ ചിറകുകളില്‍നിന്ന് പശ്ചിമ ആഫ്രിക്കയിലുള്ള ചെടികളിലെ പൂമ്പൊടി ശേഖരിച്ചു. ജനിതക ശ്രേണീകരണം, ഐസോടോപ്പ് ട്രെയ്സിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തിയ വിശദമായ പഠനത്തില്‍ യൂറോപ്പിലും ആഫ്രിക്കയിലും കണ്ടുവരുന്ന ശലഭങ്ങള്‍ അറ്റ്ലാന്റിക് സമുദ്രം കടന്ന് തെക്കേ അമേരിക്കയിലെത്തുന്നു എന്നു കണ്ടെത്തി.

വടക്കന്‍ ആഫ്രിക്കയില്‍ വസന്ത കാലത്തിലാണ് ലേഡി ശലഭങ്ങള്‍ ജന്മമെടുക്കുന്നത്. പല തലമുറകള്‍ പിറന്നുകൊണ്ടാണത്രെ ഇവ യാത്ര പൂര്‍ത്തിയാക്കുന്നത്.

യാത്രയില്‍ ജന്മമെടുക്കുന്ന പുതിയ പൂമ്പാറ്റകള്‍ യാത്ര തുടരുകയും പഴയവ ചത്തുപോവുകയും ചെയ്യും. കാലാവസ്ഥാ രീതികള്‍ ഭൂപ്രകൃതിയില്‍ മനുഷ്യന്‍ വരുത്തുന്ന മാറ്റങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ചിത്രശലഭങ്ങള്‍ അവയുടെ സഞ്ചാര പഥവും സമയവും ക്രമീകരിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി.