ലാവോസില്‍ സ്വന്തം വീട്ടില്‍ സഭായോഗം: പാസ്റ്റര്‍ ഉള്‍പ്പെടെ 5 പേരെ അറസ്റ്റു ചെയ്തു
വിയന്റിയനി: ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ ലാവോസില്‍ സ്വന്തം ഭവനത്തില്‍ ദൈവസഭ രൂപീകരിച്ച പാസ്റ്ററെയും വിശ്വാസികളെയും അധികാരികള്‍ അറസ്റ്റു ചെയ്തു.
മധ്യ ലാവോസിലെ ഖമ്മൌനി പ്രവിശ്യയിലെ കൈബോതോങ് ജില്ലയില്‍ താഹോയ് ഗ്രാമത്തിലെ പാസ്റ്റര്‍ മം ഉള്‍പ്പെടെയുള്ളവരെയാണ് ജൂണ്‍ 22-ന് വീട്ടില്‍ റെയ്ഡു നടത്തി കസ്റ്റഡിയിലെടുത്തത്.
ലിയാങ് (40), പാ (24), എന്നീ പുരുഷന്മാരും ലായോണ്‍ (50), ലാല്‍ (23), ഖൂന്‍ (28) എന്നീ സ്ത്രീകളുമാണ് അറസ്റ്റിലായവര്‍.
ഇവര്‍ ഇപ്പോള്‍ ഷായ്ബൊതോങ് ജില്ലാ ജയിലില്‍ കഴിയുകയാണെന്ന് ഹ്യുമന്‍ റൈറ്റ്സ് വാച്ചര്‍ ഫോര്‍ ലാവോ റിലിജിയസ് ഫ്രീഡം ഡയറക്ടറായ സിരിക്കോണ്‍ പറഞ്ഞു.
2019-ലാണ് പാസ്റ്റര്‍ മം ക്രിസ്തു വിശ്വാസത്തിലേക്ക് വന്നത്. ദൈവത്തിന്റെ അത്ഭുത സൌഖ്യം കിട്ടിയതിനെത്തുടര്‍ന്നാണ് വിശ്വാസത്തിലേക്കു വന്നത്.
ഇതേത്തുടര്‍ന്ന് ഇദ്ദേഹം സ്വന്തം ഭവനത്തില്‍ ഒരു ദൈവസഭ സ്ഥാപിച്ച് കര്‍ത്താവിനെ ആരാധിച്ചു വരികയായിരുന്നു. ഞായറാഴ്ച സഭാ ആരാധനയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. ഈ സഭയില്‍ സ്വന്തം ഗ്രാമത്തില്‍നിന്നും മറ്റു ഗ്രാമങ്ങളില്‍നിന്നുമായി നിരവധി പേര്‍ കടന്നുവന്ന് കര്‍ത്താവിനെ ആരാധിക്കുന്നുണ്ട്.
ഇവിടെ ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനായി അധികാരികള്‍ പുതിയ ഗ്രാമത്തലവനെ നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാസ്റ്ററെയും വിശ്വാസികളെയും അറസ്റ്റു ചെയ്തതെന്ന് സിരിക്കോണ്‍ പറഞ്ഞു.
ലാവോസില്‍ 64.7 ശതമാനം പേരും ബുദ്ധമതക്കാരാണ്. 1.7 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ബാക്കി 31.4 ശതമാനം പേര്‍ ഒരു മതത്തിലും പെടാത്തവരാണ്. ലോവോസില്‍ ദൈവമക്കള്‍ തഴച്ചു വളരുന്നതില്‍ അധികാരികള്‍ അസ്വസ്ഥരാണ്.