അപസ്മാരം പ്രതിരോധിക്കാന്‍ തലയില്‍ ചിപ്പ്; പരീക്ഷണം വിജയം
ലണ്ടന്‍: അപസ്മാരത്തെ പ്രതിരോധിക്കാന്‍ ഉള്ള വൈദ്യശാസ്ത്രത്തിന്റെ പരീക്ഷണം വിജയത്തിലേക്ക്. തലയോട്ടിയില്‍ ചിപ്പ് വച്ച് പിടിപ്പിച്ച് അപസ്മാരം നിയന്ത്രിക്കാനുള്ള പരീക്ഷണമാണ് വിജയം കണ്ടത്.
ഒക്ടോബറില്‍ ലണ്ടനിലെ ഓറന്‍ നോള്‍സണ്‍ എന്ന 13 കാരന്റെ തലയോട്ടിയിലാണ് ചിപ്പ് ഘടിപ്പിച്ച് പരീക്ഷണം നടത്തിയത്. ചിപ്പ് വച്ചതോടെ പകല്‍ സമയത്തെ അപസ്മാര പ്രശ്നങ്ങള്‍ 80 ശതമാനം കുറഞ്ഞതായി കണ്ടെത്തി.
ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ലെനോക്സ് ഗ്യാസ്റ്റൌട്ട് സിന്‍ഡ്രം എന്ന അപസ്മാരമായിരുന്നു നോള്‍സന്റേത്.
മൂന്നു വയസ്സില്‍ പിടിപെട്ട രോഗം ഏതു സമയവും പ്രകടമാകുമെന്നതിനാല്‍ 24 മണിക്കൂറും ശ്രദ്ധ ആവശ്യമായിരുന്നു. ഇത് മാതാപിതാക്കള്‍ക്ക് വലിയ ആശങ്കയുണര്‍ത്തിയിരുന്നു.
ഇത്തരത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ലോകത്ത് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ (ഗോഷ്) ഡോക്ടര്‍ വര്‍ഷങ്ങളായി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന ഗവേഷണത്തിലായിരുന്നു.
ഇതേ ഡോക്ടര്‍മാര്‍ തന്നെയാണ് ഓറനെയും ചികിത്സിച്ചതും ചിപ്പ് വച്ചു പിടിപ്പിച്ചതും.
ചിപ്പില്‍നിന്നുള്ള നേരിയ വൈദ്യുതി തരംഗങ്ങള്‍ അപസ്മാരമുണ്ടാക്കുന്ന തരംഗങ്ങളെ തടയും. പരീക്ഷണ വിജയം വൈദ്യ ശാസ്ത്രത്തിനു പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.