ഇന്ത്യയിലെ വിദ്വേഷ പ്രസംഗങ്ങളിലും ന്യൂനപക്ഷങ്ങളുടെ അവസ്ഥയിലും ആശങ്കയെന്ന് യു.എസ്.
വാഷിംഗ്ടണ്‍: ഇന്ത്യയിലെ വിദ്വേഷ പ്രസംഗങ്ങളിലും മതംമാറ്റ വിരുദ്ധ നിയമങ്ങളിലും ആശങ്കയുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 200 രാജ്യങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന വേളയിലാണ് ബ്ളിങ്കന്റെ പരാമര്‍ശം. ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളും ആരാധനാലയങ്ങളും തകര്‍ക്കുന്നതിലും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇപ്പോഴും മതസ്വാതന്ത്ര്യത്തിന് ബഹുമാനം ലഭിക്കുന്നില്ല. മതസ്വാതന്ത്ര്യം സംരക്ഷിക്കാനായി ഗൌരവകരമായ ചില ഇടപെടലുകള്‍ ആളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും ബ്ളിങ്കന്‍ പറഞ്ഞു.
ഇന്ത്യയില്‍ മതം മാറ്റ വിരുദ്ധ നിയമങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും തകര്‍ക്കല്‍ മുതലായവ വര്‍ദ്ധിക്കുകയാണ്.
അതേസമയം തന്നെ മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും ലോകത്ത് സജീവമാകുകയാണെന്നും യു.എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 10 എണ്ണത്തിലും മതം മാറ്റം തടയുന്നതിനു വേണ്ടിയുള്ള നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്.
അക്രമത്തില്‍നിന്നും തങ്ങളെ സംരക്ഷിക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യത്തില്‍ ഒരു വിഭാഗം ന്യൂനപക്ഷങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും യു.എസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ യു.എസ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല.