പാരസെറ്റമോള്‍ ഉള്‍പ്പെടെ 50 ഇന്ത്യന്‍ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സിഡിഎസ് സിഒ
ന്യൂഡെല്‍ഹി: പാരസെറ്റമോള്‍ ഉള്‍പ്പെടെ രാജ്യത്ത് നിര്‍മ്മിക്കുന്ന 50 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ് സിഒ).
തൊണ്ടവേദന, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, അര്‍ബുദം, വേദന, ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ, ഗ്യാസ്, പനി, അള്‍സര്‍ എന്നിവയ്ക്കുള്ള മരുന്നുകളും ലേദന സംഹാരി, വൈറ്റമിന്‍, കാല്‍സ്യം ഗുളികകളും ഇതില്‍ പെടും.
ഇതില്‍ പലതിനും ലേബലില്ലായിരുന്നുവെന്നും പലതും വ്യാജമാണെന്നും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.
രക്താതിമര്‍ദ്ദത്തിനു കഴിക്കുന്ന ടെല്‍മിസാര്‍ട്ടന്‍, കഫ്ടിന്‍ കഫ് സിറപ്പ്, പാരസെറ്റമോള്‍ 500 എംജി, അപസ്മാരത്തിനുള്ള ക്ളോണോസെഫാം, വേദന സംഹാരിയായ ഡാക്ളോഫെനിക്, മള്‍ട്ടി വിറ്റാമിന്‍-കാല്‍സ്യം ഗുളികകള്‍ എന്നിവയാണ് പട്ടികയിലെ പ്രധാനപ്പെട്ട മരുന്നുകള്‍.
ഹിമാചല്‍പ്രദേശ് ഡ്രഗ് കണ്‍ട്രോള്‍ അതോറിട്ടി ബന്ധപ്പെട്ട കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വിപണിയിലുള്ള ഈ മരുന്നുകളെല്ലാം തിരിച്ചെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മരുന്നുകളുടെ ഗുണ നിലവാരം സംബന്ധിച്ച് സിഡിഎസ് സിഒയില്‍നിന്ന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ സാമ്പിള്‍ പരിശോധിക്കുകയാണെന്നും വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ കോസ്മറ്റിക്സ് ആന്റ് ഡ്രഗ്സ് നിയമപ്രകാരം നടപടിയെടുക്കുമെന്നും സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ മനീഫ് സൂര്‍ പറഞ്ഞു.
രാജ്യത്തെ മൂന്നിലൊന്ന് മരുന്നും ഹിമാചലിലാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.