മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍
ന്യൂഡെല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു പ്രത്യേക നിയമങ്ങള്‍ ഒന്നുമില്ല. സ്വന്തം നിയമനിര്‍മ്മാണം കൊണ്ടുവരുന്ന പ്രക്രീയയിലാണ്.
അതുവരെ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രലോഭനങ്ങളും പാരിതോഷികവും നല്‍കി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകനായ അഭിഭാഷകന്‍ അശ്വനി ഉപാധ്യായയാണ് 2022-ല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2022 നവംബറില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് എം.ആര്‍. ഷാ, ഹിമാ കോഹ്ളി എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം ദേശ സുരക്ഷയെ ബാധിക്കുമെന്ന് നിരീക്ഷിച്ചു.
ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. യു.പി., മദ്ധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് സര്‍ക്കാരുകള്‍ പാസ്സാക്കിയ മതപരിവര്‍ത്തന നിയമം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.