ആസ്തിക്കൊത്ത ജീവിത ശൈലി വേണം

Breaking News Editorials

ആസ്തിക്കൊത്ത ജീവിത ശൈലി വേണം
കേരളത്തില്‍ ആത്മഹത്യകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. പല രീതിയിലും പലകാരണങ്ങളാലും ആത്മഹത്യകള്‍ നടക്കുന്നു. കുട്ടികള്‍തൊട്ട് മുതിര്‍ന്നവര്‍ വരെ ഈ ബലഹീനതയ്ക്കു സ്വയം കീഴ്പ്പെടുന്നു. കടഭാരം കയറി ജീവന്‍ ഒടുക്കുന്നവരാണ് നല്ലൊരുഭാഗം പേരും.

വീടുവെയ്ക്കാനും ബിസിനസ്സ് ആവശ്യത്തിനും കൃഷിആവശ്യത്തിനുമൊക്കെ ബാങ്കുകളില്‍ നിന്നും സ്വകാര്യ സ്വര്‍ണ്ണപണയ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമൊക്കെ വന്‍തുകകള്‍ കടമെടുത്തു വീട്ടുവാന്‍ മാര്‍ഗ്ഗമില്ലാതെ ജീവിതം അവസാനിപ്പിക്കുന്നവരുടെ വാര്‍ത്തകള്‍ പുത്തരിയല്ല.

സമൂഹത്തില്‍ മാന്യമായും സമൃദ്ധിയായും ജീവിക്കുവാനുള്ള മോഹം കൊണ്ടാണ് പലരും ഇത്തരം അധിക ബാധ്യതകള്‍ സ്വയം വരുത്തിവെയ്ക്കുന്നത്. സ്വന്തം ആസ്തിക്കനുസരിച്ച് ജീവിക്കുന്നതിലപ്പുറം ഒരു പരീക്ഷണം എന്ന നിലയിലും നല്ലൊരു ശതമാനം ആളുകളും പണം കടംവാങ്ങി നഷ്ടത്തിലാക്കുന്നു.
അയല്‍ക്കാരുടെയോ മറ്റ് സ്നേഹിതരുടെയോ ജീവിതശൈലികള്‍ അനുകരിച്ച് കടക്കെണി ഉണ്ടാക്കി കുഴപ്പത്തിലാകുന്നവരാണ് അധികവും. കടംവാങ്ങുന്നവര്‍ ചെലവഴിക്കുന്ന പണം വീട്ടുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന്റെ വിജയകരമായ നടത്തിപ്പിലേയ്ക്ക് എത്തിപ്പെടുവാന്‍ പലപ്പോഴും സാധിക്കാതെ വരുന്നു. അങ്ങനെ നിരാശയും ഉണ്ടാകുന്നു. ഒരു കാര്യം നാം ചിന്തിക്കണം. ആദ്യം നമ്മുടെ ആസ്തിക്കനുസരിച്ച് ജീവിക്കുവാന്‍ പഠിക്കണം.

നാം എന്തുകാര്യത്തിനുവേണ്ടി ആഗ്രഹിക്കുന്നുവോ അതിനുള്ള പരിശ്രമം താഴേക്കിടയില്‍നിന്നുതന്നെ തുടങ്ങണം. അതിനുള്ള മാര്‍ഗ്ഗം ആദ്യം ദൈവത്തോട് അടുത്തു ജീവിക്കുകയാണ്. യഹോവയായ ദൈവം ആലോചനയില്‍ വലിയവനും പ്രവര്‍ത്തിപ്പാന്‍ ശക്തനുമാണ്. നാം ദൈവത്തോട് എപ്പോഴും പ്രാര്‍ത്ഥിക്കുന്നവരായിരിക്കണം.

നമ്മുടെ ആഗ്രഹങ്ങള്‍ ദൈവത്തിനു മുന്‍പാകെ സമര്‍പ്പിച്ച് അതിനുള്ള നടത്തിപ്പുണ്ടോ എന്ന് ബോധ്യപ്പെടണം. പിന്നീട് നല്ലകാര്യങ്ങള്‍ക്കായി നാം അദ്ധ്വാനിക്കുകയും പരിശ്രമിക്കുകയും ചെയ്യേണം. ബൈബിള്‍ പറയുന്നു “ഞാന്‍ നിന്നെ ഉപദേശിച്ചു നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും, ഞാന്‍ നിന്റെമേല്‍ ദൃഷ്ടിവെച്ചു നിനക്ക് ആലോചന പറഞ്ഞുതരും” (സങ്കീ:32:8). ഇത് ദൈവത്തിന്റെ അരുളപ്പാടാണ്.
ദൈവത്തിന്റെ മക്കളായവര്‍ക്ക് ദൈവം എപ്പോഴും താങ്ങും തണലുമായുണ്ട്. നമ്മുടെ അന്യായമായ അവകാശങ്ങള്‍ സാധിപ്പിച്ചു നല്‍കുവാന്‍ ദൈവം ശക്തനാണ്. പെട്ടെന്ന് ധനികരാകാനും സമൃദ്ധിയില്‍ ജീവിക്കുവാനുംവേണ്ടി നാം വഴിവിട്ട മാര്‍ഗ്ഗങ്ങളോ താങ്ങാനാകാത്ത ഇടപാടുകളോ നടത്തരുത്.

അദ്ധ്വാനിക്കുന്നവരെ ദൈവം സഹായിക്കുന്നവനും ഉയര്‍ത്തുന്നവനുമാണ്. എന്നിരിക്കെ അതിനുള്ള അവസരം നാം ദൈവത്തിനു നല്‍കാതെ സ്വന്തം ആലോചനയ്ക്ക് കീഴ്പ്പെട്ട് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നാം ഇടറിവീഴാന്‍ ഇടയാകും. ലോകംകണ്ട ബഹുമുഖപ്രതിഭകളും ധനികരുമായ നല്ലൊരുശതമാനം സത്യസന്ധരും കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്നവരുമാണ്.

അവരുടെ ഇല്ലായ്മകളിലൂടെ അവര്‍ സഞ്ചരിച്ച് പ്രയത്നിച്ച് ഇന്ന് ഉന്നതന്മാരായിത്തീര്‍ന്നു. ശരിയായ പ്രാര്‍ത്ഥനയും അദ്ധ്വാനവും നമ്മെ അനുഗ്രഹത്തിന്റെ അനുഭവസ്ഥരാക്കുന്നു. കൊക്കിലൊതുങ്ങാത്ത വ്യാമോഹങ്ങള്‍ നമ്മെ ആപത്തിലാക്കുമെന്നു ലോകം നമ്മെ പഠിപ്പിക്കുന്നു.
ഷാജി. എസ്.

Leave a Reply

Your email address will not be published.