തലമുറകളെക്കുറിച്ചുള്ള വിചാരം
കൌമാരക്കാര്‍ നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. ഭവനങ്ങളിലും കലാലയങ്ങളിലും സമൂഹത്തിലും പലരും പേരുദോഷങ്ങളുണ്ടാക്കുന്നു.
അനാവശ്യ കൂട്ടുകെട്ട്, അലസത, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗങ്ങള്‍, സഭ്യമല്ലാത്ത ബന്ധങ്ങള്‍ ഇവയെല്ലാം കൌമാരക്കാരെ വഴിതെറ്റിക്കുന്നു. താല്‍ക്കാലിക സുഖങ്ങള്‍ക്കും, രസത്തിനുംവേണ്ടി എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്. പലരും സ്വന്തം ഭവനങ്ങളില്‍ നല്ല സ്വഭാവം നടിക്കും. വീടുവിട്ടാല്‍ തോന്നിയപോലുള്ള ജീവിതമാണ്.
ചിലര്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ വരിക, അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുക ഇവയൊക്കെ പല കുട്ടികളേയും നശിപ്പിക്കുന്നു.
ചതിക്കുഴികളില്‍ അകപ്പെട്ടവര്‍ക്ക് പിന്നീട് തലയൂരാന്‍ പാടാണ്. ഇതു മനസിലാക്കുവാന്‍ മാതാപിതാക്കള്‍ക്ക് കാലതാമസം വരുന്നു. അതുകൊണ്ട് ചിലകാര്യങ്ങള്‍ അത്യാവശ്യമായി നാം ഓര്‍മ്മിക്കേണ്ടത് നല്ലതാണ്.
ഒരു കുട്ടിയെക്കുറിച്ച് (ആണായാലും പെണ്ണായാലും) കൂടുതല്‍ ഉത്തരവാദിത്വം അവരുടെ മാതാപിതാക്കള്‍ക്കു തന്നെയാണ്. അദ്ധ്യാപകര്‍ക്കോ, ഹോസ്റ്റലിലെ വാര്‍ഡന്മാര്‍ക്കോ കുട്ടികളെക്കുറിച്ച് ഉത്തരവാദിത്വങ്ങളുണ്ടെങ്കിലും ചില പോരായ്മകളും നിയന്ത്രണങ്ങളുമൊക്കെയുണ്ട്.
ആയതിനാല്‍ മാതാപിതാക്കള്‍തന്നെയാണ് കുട്ടികളുടെ പരിപൂര്‍ണ്ണ സംരക്ഷകര്‍. തങ്ങളുടെ സന്തതി സ്വന്തം വീട്ടില്‍ എപ്രകാരം ജീവിക്കുന്നു. അവരെ എന്തുമാത്രം സ്നേഹിക്കുകയും ലാളിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നു, അതേപടി അവര്‍ വീടുവിട്ടിറങ്ങുമ്പോഴും അവരെക്കുറിച്ച് ശ്രദ്ധയുണ്ടായിരിക്കണം.
തിരിച്ചു വീട്ടില്‍ വന്നു ചേര്‍ന്നാല്‍ രാവിലെ വീടുവിട്ടപ്പോഴുണ്ടായ അതേ മാനസികവും ശാരീരികവുമായ നിലകളില്‍ത്തന്നെയാണോ വന്നു ചേര്‍ന്നതെന്ന് ശരിയായി അവരെ മനസിലാക്കണം.
അവര്‍ക്ക് നഷ്ടപ്പെട്ടതും, മുറിവേറ്റതുമായ എന്തെങ്കിലും മനസ്സിലുണ്ടെങ്കില്‍ അത് വായിച്ചെടുക്കുവാനോ, ചികഞ്ഞെടുക്കുവാനോ ഉള്ള ത്രാണി വീട്ടുകാര്‍ക്കുണ്ടായിരിക്കണം.
കുട്ടികള്‍ക്ക് ആഹാരവും വസ്ത്രവും പഠനസൌകര്യങ്ങളും, യാത്രാസൌകര്യങ്ങളുമൊക്കെ ചെയ്തുകൊടുക്കുമ്പോള്‍ത്തന്നെ അവര്‍ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാണെന്നും നല്ല മാനസീകവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നവരാണെന്നുകൂടി ഉറപ്പു വരുത്തണം.
വീട്ടില്‍നിന്നു ലഭിക്കാത്ത കരുണ, സ്നേഹം, പരിപാലനം കുട്ടികള്‍ പുറംലോകത്തുനിന്നും പ്രതീക്ഷിക്കും. ഇതിനെ കുറ്റപ്പെടുത്തുവാനും തരമില്ല. ഒരുപക്ഷെ ഈ സൌകര്യങ്ങള്‍ താല്‍ക്കാലികമായിരിക്കാം.
ഇതില്‍ ഒളിഞ്ഞു കിടക്കുന്ന ചതിക്കുഴികള്‍, ഊരാക്കുടുക്കകള്‍ ഈ ഇളംമനസ്സുകള്‍ ആദ്യം ചിന്തിച്ചെന്നു വരില്ല. അവര്‍ എല്ലാം നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് തങ്ങളുടെ അബദ്ധം മനസ്സിലാക്കുന്നത്.
വിശുദ്ധ വേദപുസ്തകം നന്നായി കുട്ടികളെ പഠിപ്പിക്കണം, ശരിയായ ആത്മീയ നിലവാരത്തിലൂടെ അവരെ വളര്‍ത്തിയെടുക്കണം. ഇതിനായി മാതാപിതാക്കള്‍ തന്നെ നല്ല കൌണ്‍സിലിംഗ് കുട്ടികള്‍ക്കു നല്‍കണം. സാന്‍മാര്‍ഗ്ഗികവും, ആത്മീകവുമായ നല്ല അഭ്യസനം ഓരോ കുട്ടികള്‍ക്കും നല്‍കുന്നുവെങ്കില്‍ അവര്‍ കൊഴിഞ്ഞു വീഴുകയില്ല. ഓടിഒളിക്കുകയുമില്ല.
പലകുട്ടികളുടെയും മാതാപിതാക്കള്‍ നല്ല ആത്മീയരാണ്. എന്നാല്‍ തങ്ങളുടെ മക്കളെയും ചെറുപ്രായത്തില്‍ത്തന്നെ ആത്മീയ വഴിയിലൂടെ കൈപിടിച്ചു നടത്തിയാല്‍ നമ്മുടെ കുട്ടികള്‍ നശിക്കില്ല.
ബൈബിള്‍ പറയുന്നു “ബാലന്‍ തന്റെ നടപ്പിനെ നിര്‍മ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല്‍ത്തന്നെ” (സങ്കീ.119:9). ദൈവവചനമാണ് നമ്മെ ശരിയായ അര്‍ത്ഥത്തില്‍ ജീവിപ്പിക്കുന്നത്. നമ്മെ നയിക്കുന്നതും.
പാസ്റ്റര്‍ ഷാജി. എസ്.