ഭൂകമ്പത്തെത്തുടര്‍ന്ന് നേപ്പാളില്‍ ക്രൈസ്തവര്‍ പട്ടിണി നേരിടുന്നു
കാഠ്മാണ്ഡു: ചൊവ്വാഴ്ച പടിഞ്ഞാറന്‍ നേപ്പാളില്‍ പിടിച്ചുലച്ച ഭൂകമ്പത്തെത്തുടര്‍ന്ന് ഇവിടത്തെ ക്രൈസ്തവര്‍ ഭവന രഹിതരും ഭക്ഷണ ദൌര്‍ലഭ്യം നേരിടുന്നവരുമായിത്തീര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പത്തില്‍ വിശ്വാസികളുടെ വീടുകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു.
നിരവധി പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രത്തിലെ അധികാരികള്‍ അവരെ സഹായിക്കാന്‍ വിമുഖത കാണിക്കുന്നതായി ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബര്‍ 3-ന് ഉണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 150 തിലധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് വിശ്വാസികള്‍ക്ക് പരിക്കേല്‍ക്കുകയോ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയോ ചെയ്തതായി ക്രിസ്ത്യന്‍ സഹായ പ്രവര്‍ത്തകര്‍ പറഞ്ഞു.
വിദൂരവും പര്‍വ്വത പ്രദേശവുമായ ജാര്‍ജാര്‍ കോട്ട് മേഖലയില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ അര്‍ദ്ധരാത്രിയോടുകൂടി വീടുകളില്‍നിന്നും പാലായനം ചെയ്തു.
അവര്‍ ധരിച്ചിരുന്ന വസ്ത്രം മാത്രമായിരുന്നു അവശേഷിച്ചത്. 18,000 ത്തിലധികം വീടുകളും ചുരുങ്ങിയത് 20 പള്ളികളെങ്കിലും തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പാസ്റ്റര്‍ ജൂദയ്ക്ക് അഞ്ച് കുടുംബാംഗങ്ങളെ ന്ഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്റെ മകള്‍ക്കും നാല് പേരക്കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി.
തലസ്ഥാനമായ കാഠ്മാണ്ഡുവില്‍ നിന്ന് 500 കിലോമീറ്റര്‍ പടിഞ്ഞാറ് ജാര്‍ജര്‍കോട്ട്, വെസ്റ്റ് റുകും എന്നീ ദുര്‍ഘട ജില്ലകളിലാണ് ഭൂകമ്പം വിനാശം വിതച്ചത്.