യഹോവ സാക്ഷികളുടെ മീറ്റിംഗിനിടയിൽ കൺവെൻഷൻ സെന്ററിൽ വന്‍ സ്‌ഫോടനം;

Articles Breaking News India Kerala

കളമശേരിയില്‍ യഹോവ സാക്ഷികളുടെ മീറ്റിംഗിനിടയിൽ കൺവെൻഷൻ സെന്ററിൽ വന്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം.

കൊച്ചി : കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം. ഒരു സ്ത്രീ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്.

പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും. പിന്നാലെ തുടര്‍ സ്‌ഫോടനങ്ങളുമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടയാള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. അതേസമയം പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. സങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്.

അതേസമയം മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകള്‍ തടിച്ചു കൂടിയിരിക്കുകയാണ്. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രാര്‍ത്ഥനയുടെ സമയമായതിനാല്‍ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകള്‍ പറയുന്നു.

നിലവില്‍ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.