എത്യോപ്യയില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ കൂട്ടക്കൊല, 54 മരണം
അഡിസ് അബാബ: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ സായുധരായ തീവ്രവാദികള്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ 54 പേര്‍ മരിച്ചു.
1-ന് പടിഞ്ഞാറന്‍ ഒറോമിയ പ്രവിശ്യയിലെ ഗുലിസോ ജില്ലയില്‍ ഗാവ ക്വാന്‍ക ഗ്രാമത്തില്‍ വൈകിട്ട് 5 മണിയോടെ 60-ഓളം വരുന്ന തോക്കുധാരികള്‍ ഗ്രാമത്തിലെ അംഹാര വിഭാഗത്തില്‍പ്പെട്ട ആളുകളെ തോക്കു ചൂണ്ടി വലിച്ചിഴച്ചു സമീപത്തെ സ്കൂള്‍ വളപ്പിനുള്ളില്‍ കൊണ്ടുവന്ന് കൂട്ടത്തോടെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നു രക്ഷപെട്ടവര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടയില്‍പ്പെട്ടവരോട് പറഞ്ഞു.
അക്രമികള്‍ ഒഹോരോ ലിബറേഷന്‍ ആര്‍മിയില്‍പ്പെട്ടവരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവര്‍ ഏറെയും സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമാണ്. അക്രമികളുടെ മുമ്പില്‍നിന്നും ഓടി രക്ഷപെടാന്‍ കഴിയാതിരുന്നവരാണ് തോക്കിനിരയായത്. മറ്റുള്ളവര്‍ ഓടി രക്ഷപെട്ടതിനാല്‍ ജീവന്‍ തിരികെ കിട്ടിയെന്നു കണ്ണീരോടെ പറഞ്ഞു. ക്രൈസ്തവരുടെ 12 വീടുകളും തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയെന്നു റിപ്പോര്‍ട്ടുണ്ട്.
തെക്കന്‍ സുഡാന്‍ അതിര്‍ത്തി ഗ്രാമമായ ഇവിടെ അപ്രതീക്ഷിതമായാണ് അക്രമികള്‍ എത്തിയതെന്നും ഈ പ്രദേശം ഞങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയുമായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്നു 200 കുടുംബങ്ങള്‍ നാടുവിടുകയുണ്ടായി. സംഭവത്തിനുസേഷം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബിയി അഹമ്മദ് അപലപിച്ചു.
സംഭവം ഹൃദയം തകര്‍ത്തുവെന്നും പ്രാകൃത ആക്രമണമാണ് നടന്നതെന്നും അബിയി എഫ് ബി പോസ്റ്റില്‍ വ്യക്തമാക്കി. എത്യോപ്യയില്‍ തീവ്രവാദികള്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നത് പതിവ് സംഭവമാണ്. അബിയിക്ക് 2019-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.
20 വര്‍ഷമായി എറിത്രിയയുമായുള്ള യുദ്ധം അവസാനിപ്പിച്ച നടപടികള്‍ക്കായിരുന്നു ഇത്. അയല്‍ രാഷ്ട്രവുമായി സമാധാനം ഉണ്ടാക്കിയെങ്കിലും രാജ്യത്ത് ക്രൈസ്തവര്‍ ഇപ്പോഴും ഭീതിയിലാണ് കഴിയുന്നത്. എത്യോപ്യയില്‍ ഫുള്‍ ഗോസ്പല്‍ ബിലിവേഴ്സ് ചര്‍ച്ച് എന്ന പെന്തക്കോസ്തു സഭയിലെ അംഗമാണ് അബിയി അഹമ്മദ്. രാജ്യത്തെ സമാധാനത്തിനും ക്രൈസ്തവ വിഭാഗത്തിനുവേണ്ടി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.