പരീശഭക്തി വെടിയുക

പരീശഭക്തി വെടിയുക

Articles Editorials

പരീശഭക്തി വെടിയുക
ബൈബിളില്‍ പരീശന്മാരെക്കുറിച്ച് വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അവരുടെ സ്വഭാവം പൊതുവേ ആര്‍ക്കും അത്ര ഇഷ്ടപ്പെടാവുന്നതല്ല. അവര്‍ സാധാരണയായി സ്വയ നീതിക്കാരും കപടഭക്തരും സഹജീവികളോട് കാരുണ്യം കാണിക്കാത്തവരുമായിരുന്നു.

ആയതിനാല്‍ തന്നെ പരീശ നാമം കപടനാട്യത്തിന്റെ പര്യായം തന്നെയായിരുന്നു. അവരുടെ ദൈവത്തോടുള്ള മനോഭാവത്തിലും ഇതു തന്നെയായിരുന്നു ദൃശ്യമായിരുന്നത്. അവരുടെ ആദരവ് തനിക്ക് ബഹുമാനകരമായിരിക്കുമെന്ന് ദൈവം കരുതുന്നതുപോലെ അവര്‍ സ്വയം ചിന്തിച്ചുപോന്നു.

പരീശന്മാരുടെ മതപരമായ നാട്യത്തെ യേശു അങ്ങേയറ്റം വെറുത്തിരുന്നു. ഇഹലോകവാസത്തില്‍ യേശു ഉപയോഗിച്ച കയ്പേറിയ വാക്കുകള്‍ അധികവും പരീശന്മാരുടെ കപടഭക്തിയേക്കുറിച്ചുതന്നെയായിരുന്നു. തങ്ങളുടെ ജീവിതവിചാരങ്ങളും നിലപാടുകളും പരിപൂര്‍ണ്ണമായും ശരിയെന്നു തോന്നിക്കുന്ന രീതിയിലായിരുന്നു അവരുടെ ജീവിതംതന്നെ.

ചുങ്കക്കാരോടും, വേശ്യകളോടും, കൊള്ളക്കാരോടും യേശു കാണിച്ച അതേ നിലപാടുതന്നെയായിരുന്നു പരീശന്മാരോടും കാണിച്ചത്. യേശു പറഞ്ഞു കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരും ആയുള്ളോരെ നിങ്ങള്‍ക്കു ഹാ കഷ്ടം.

നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു, അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനേ, “കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നതിനു മുമ്പേ അവയുടെ അകം വെടിപ്പാക്കുക” (മത്തായി. 23: 25,26). ഇത്ര ശക്തമായ ഭാഷയില്‍ യേശു പ്രതികരിക്കണമെങ്കില്‍ യേശുവിന് അവരോടുള്ള എതിര്‍പ്പ് എത്രമാത്രം വലുതാണെന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അവരും നശിച്ചുപോകുവാനല്ല മറിച്ച് മാനസാന്തരപ്പെടുവാനാണ് യേശു ആഗ്രഹിച്ചത്.

യെഹൂദന്മാരിലെ പരീശന്മാരേപ്പോലെതന്നെ ഇന്നും ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ ധാരാളം പരീശന്മാരുണ്ട്. അവര്‍ തങ്ങളുടെ നിലപാടുകളാണ് വലുതെന്നും മറ്റുള്ള സഹവിശ്വാസികളും ശുശ്രൂഷകരും വെറും മണ്ടന്മാര്‍ മാത്രമാണെന്നുമാണ് വിചാരം. സഹവിശ്വാസികളുടെ ബലഹീനതകളും കുറവുകളും എടുത്തുകാട്ടി സദാസമയവും കുറ്റം ചൂണ്ടിക്കാണിക്കുന്നവര്‍ അനേകരാണ്.

മറ്റുള്ളവരേക്കാള്‍ തങ്ങള്‍ക്ക് നല്ല അറിവും പാണ്ഡിത്യവും കൃപാവരങ്ങളുമൊക്കെയുണ്ടെന്ന് സ്വയം അവകാശപ്പെടുമ്പോഴും തങ്ങളുടെ ജീവിതത്തില്‍ പ്രായോഗികത വരുത്തുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം. ഉപവാസവും പ്രാര്‍ത്ഥനയും ആരാധനയുമൊക്കെയുണ്ട്, ഇതൊക്കെ ബാഹ്യമായി അനുഷ്ഠിച്ചു വരുന്നു. എന്നാല്‍ ഇവരുടെ ഹൃദയം പലപ്പോഴും ദുഷ്ടത നിറഞ്ഞതാണ്.

സ്നേഹമോ, ദയയോ, കരുണയോ, സഹിഷ്ണതയോ, വിശുദ്ധ ജീവിതമോ, ആത്മനിറവോ ഒന്നുംതന്നെ ജീവിതത്തില്‍ കാണുകയില്ല. ഇതിനെയാണ് യേശു വിമര്‍ശിക്കുന്നത്. കിണ്ടികിണ്ണങ്ങളുടെ പുറം നല്ല ശോഭയാണ്, അകം മുഴുവനും കരിയും ദുര്‍ഗന്ധവുമാണ്. അകം വൃത്തിയാക്കാതെ പുറംമാത്രം വൃത്തിയാക്കി മനോഹരമാക്കിയെടുക്കുന്ന പാത്രങ്ങള്‍ മറ്റുള്ളവര്‍ക്കു ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുന്നത്.

നമ്മുടെ ഹൃദയം ശുദ്ധമായെങ്കില്‍ മാത്രമേ നമ്മുടെ ജീവിതംകൊണ്ടു പ്രയോജനമുള്ളു. നമ്മള്‍ ശരിയാകാതെ മറ്റുള്ളവരെ ശരിയാക്കാന്‍ പോയാല്‍ അവര്‍ അംഗീകരിക്കാന്‍ വൈമനസ്യം കാട്ടും. ബാഹ്യമായ അനുഷ്ഠാനങ്ങള്‍കൊണ്ടുമാത്രം ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയുന്നതുമല്ല. നമ്മിലെ പരീശ സ്വഭാവം കളഞ്ഞേ മതിയാകു. അതിനായി പരിശ്രമിക്ക.
പാസ്റ്റര്‍ ഷാജി. എസ്.