സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം

സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം

സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം
ഇന്ന് മനുഷ്യര്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ് സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം. തലച്ചോറിന്റെ ഏതെങ്കിലും ഭാഗങ്ങളുടെ പ്രവര്‍ത്തനം പെട്ടന്ന് മന്ദീഭവിക്കുകയോ മസ്തിഷ്ക്കത്തിന് ഭാഗീകമായി നശമുണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണിത്.

 

തലച്ചോറിലെ കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞ് ഇടുങ്ങിപ്പോവുക, രക്തക്കട്ടകള്‍ വന്നടിഞ്ഞ് ധമനികളില്‍ തടസ്സമുണ്ടാവുക, ധമനികള്‍ പൊട്ടി മസ്തിഷ്ക്കത്തില്‍ രക്തസ്രാവമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സമുണ്ടാവുകയും മസ്തിഷ്ക്കാഘാതത്തിന് ഇടയാകുകയും ചെയ്യുന്നു.

 

തലച്ചോറിന്റെ ഏതു ഭാഗത്തെ രക്തപ്രവാഹമാണ് തടസ്സപ്പെട്ടത് എന്നതനുസരിച്ച് ശാരീരിക വൈകല്യങ്ങള്‍ക്കും വ്യത്യാസങ്ങളുണ്ടാകുന്നു.
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം മരവിപ്പും തളര്‍ച്ചയും അനുഭവപ്പെടുന്നു: ശരീരത്തിനു പെട്ടന്നുണ്ടാകുന്ന മരവിപ്പും തളര്‍ച്ചയുമാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. മുഖം, കൈകാലുകള്‍ തുടങ്ങിയ ഭാഗങ്ങളെയാണ് തളര്‍ച്ചയും ബലക്ഷയവും പ്രധാനമായി ബാധിക്കുന്നത്.

 

തലച്ചോറിന്റെ ഇടത്ത് അര്‍ദ്ധ ഗോളത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ ശരീരത്തിന്റെ വലത്തുഭാഗത്തിന് തളര്‍ച്ചയുണ്ടാകുന്നു. അതുപോലെ തലച്ചോറിന്റെ വലത്ത് അര്‍ദ്ധഗോളത്തിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ഇടതു കൈകാലുകള്‍ക്ക് തടസ്സമുണ്ടാകുന്നു. മസ്തിഷ്ക്കത്തിന്റെ ഏതുഭാഗത്തുള്ള കോശങ്ങള്‍ക്കും സ്ട്രോക്ക് ബാധിച്ചേക്കാം. തലച്ചോറിന്റെ പിന്‍ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് മൂലം ഒരിടത്ത് ഉറച്ചു നില്‍ക്കാനോ, എഴുന്നേല്‍ക്കാനോ സാധിക്കാത്ത തളര്‍ച്ചയുണ്ടാകുന്നു.

 

കാഴ്ചയെ ബാധിക്കുന്നു: സ്ട്രോക്ക് ഉണ്ടാകുമ്പോള്‍ ഒരു കണ്ണിനോ അല്ലെങ്കില്‍ ഇരു കണ്ണുകള്‍ക്കോ കാഴ്ച പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കാണുന്ന വസ്തുക്കള്‍ ഇരട്ടിയായി കാണുക, അല്‍പ്പനേരത്തേക്കു അന്ധത, കണ്ണിനു മുകളില്‍നിന്നു ഒരു കര്‍ട്ടന്‍ സാവധാനം വീഴുന്നതുപോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങളാണനുഭവപ്പെടുക.

കടുത്ത തലവേദന അനുഭവപ്പെടുക: എന്തെങ്കിലും കാരണമില്ലാതെ അപ്രതീക്ഷിതമായി തലവേദന ഉണ്ടാകുന്നു. തലയോട്ടിക്കാകെ വിങ്ങലും സമ്മര്‍ദ്ദവും അനുഭവപ്പെടുന്ന തലവേദനയാണിത്. മറ്റു തലവേദനകളില്‍നിന്നു വ്യത്യസ്തമായ അവസ്ഥയാണിത്. ഛര്‍ദ്ദി, മന്ദത, ബോധക്കേട് ഇവയും ചിലര്‍ക്കുണ്ടാകാം.

ബാലന്‍സ് തെറ്റി വീഴാന്‍ പോവുക: സ്ട്രോക്ക് വരുന്നവരെ എഴുന്നേല്‍പ്പിച് ഇരുത്താന്‍ ശ്രമിച്ചാല്‍ ബാലന്‍സ് തെറ്റി വീണുപോകുന്നു. ശരീരാവയവങ്ങളുടെ ഏകോപനം നഷ്ടമാകുന്നു.
നാവു കുഴയുന്നു: സംസാരിക്കാന്‍ ശ്രമിച്ചാല്‍ നാവു പെട്ടന്നു കുഴയുക, സംസാരിക്കാന്‍ ബുദ്ധിമുട്ട്, വായ കോടിപ്പോവുക, ഉമിനീരൊലിക്കുക, മുഖം കോടിപ്പോവുക എന്നത് സ്ട്രോക്കിന്റെ ലക്ഷണങ്ങളാകുന്നു.

 

വെള്ളം കുടിക്കാനാകാതെ വരുന്നു: സ്ട്രോക്ക് വന്ന വ്യക്തിക്ക് നാവിന്റെ ചലനങ്ങളും തൊണ്ടയിലെ പേശികളും നിയന്ത്രിക്കാനുള്ള കഴിവും നഷ്ടപ്പെടുന്നതിനാല്‍ അന്നനാളത്തിലൂടെ ആഹാരത്തെ ഇറക്കാന്‍ പ്രയാസമാക്കുന്നു. വെള്ളം കുടിക്കാനാകാതെ കവിളിലൂടെ ഒഴുകിപ്പോവുന്നു.

 

കൈകള്‍ ഉയര്‍ത്തുവാനും സാധിക്കാതെ വരുന്നു: ഏതെങ്കിലും ഒരു കൈയ്യോ, ചിലര്‍ക്ക് ഇരു കൈകളുമോ ഉയര്‍ത്താന്‍ കഴിയാതെ വരുന്നു.
സ്ട്രോക്ക് എങ്ങനെ തടയാം: രക്തസമ്മര്‍ദ്ദം, അമിത കൊളസ്ട്രോള്‍ ‍, പ്രമേഹം, ഇവയുള്ളവര്‍ ആരംഭത്തില്‍ത്ന്നെ നിയന്ത്രിച്ചു നിര്‍ത്തിയാല്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള സാദ്ധ്യത തടയുവാന്‍ സാധിക്കും.

 

സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ആദ്യ മണിക്കൂറില്‍ത്തന്നെ എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമായ ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കുന്നത് അപകടത്തില്‍നിന്നും രക്ഷനേടുന്നതിന് ഉപകരിക്കും.

Categories: Breaking News, Health

About Author