ബൈബിളില്‍ പരാമര്‍ശിക്കുന്ന ഒന്നാം യെരുശലേം ദൈവാലയ കാലത്തെ കളിമണ്‍ മുദ്ര കണ്ടെടുത്തു

ബൈബിളില്‍ പരാമര്‍ശിക്കുന്ന ഒന്നാം യെരുശലേം ദൈവാലയ കാലത്തെ കളിമണ്‍ മുദ്ര കണ്ടെടുത്തു

ബൈബിളില്‍ പരാമര്‍ശിക്കുന്ന ഒന്നാം യെരുശലേം ദൈവാലയ കാലത്തെ കളിമണ്‍ മുദ്ര കണ്ടെടുത്തു
യെരുശലേം: ബൈബിളില്‍ പരാമര്‍ശിക്കുന്ന വ്യക്തിയുടേതെന്ന് കരുതുന്ന കളിമണ്‍കൊണ്ടു നിര്‍മ്മിച്ച മുദ്ര യെരുശലേമില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

 

ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഗവര്‍ണറുടെ മുദ്രയാണ് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി ഉല്‍ഖനനത്തില്‍ കണ്ടെടുത്തത്. യെരുശലേമിലെ വെസ്റ്റേണ്‍ വാള്‍ പ്ളാസയില്‍ മണ്‍മറഞ്ഞ നിലയില്‍ നൂറ്റാണ്ടുകളായി കിടന്ന മുദ്രയാണ് ഗവേഷകര്‍ പുറത്തെടുത്തത്.

 

മുദ്രയില്‍ ‘lesar ha’ air’ എന്ന് ഹീബ്രു ഭാഷയില്‍ എഴുത്തുമുണ്ട്. ‘പട്ടണത്തിന്റെ ഗവര്‍ണര്‍ ‍’ എന്നാണ് അര്‍ത്ഥം. 13 – 15 മില്ലീമീറ്റര്‍ വലിപ്പവും, 2-3 മില്ലീമീറ്റര്‍ കനവുമുള്ള ഈ കളിമണ്‍ മുദ്ര 2700 വര്‍ഷം മണ്ണിനടിയില്‍ കേടുകൂടാതെ കിടന്നത് മഹാ അത്ഭുതം തന്നെയെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. ഷിലോമിത് പെക്സ്ളര്‍ ബദ്ല അഭിപ്രായപ്പെടുന്നു.

 

മുദ്രയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഗവര്‍ണറെക്കുറിച്ച് ബൈബിളില്‍ രണ്ടു ഭാഗങ്ങളില്‍ പ്രസ്താവിക്കുന്നുണ്ട്. യെഹൂദാ രാജാവായ യോശിയാവിന്റെ കാലത്ത് നഗരാധിപതിയായ യോശുവയെക്കുറിച്ചും (2 രാജാ. 23:8) നഗരാധിപതിയായ മയശേയിവെയെ കുറിച്ചും (2 ദിന. 34:8) പ്രതിപാദിക്കുന്നു. ഇവരിലാരെങ്കിലും ഒരാളാകാം ഗവര്‍ണറെന്ന് ഊഹിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

 

കണ്ടെടുത്ത ഈ മുദ്ര യെരുശലേം മേയര്‍ നിര്‍ ബര്‍ക്കത്തിന്റെ സാന്നിദ്ധ്യത്തില്‍ താല്‍ക്കാലികമായി പ്രദര്‍ശിപ്പിച്ചശേഷം കൂടുതല്‍ ശാസ്ത്രീയ പഠനത്തിനു വിധേയമാക്കാനാണ് തീരുമാനം. ഇപ്പോള്‍ യെരുശലേം നഗരത്തെപ്പറ്റി യെഹൂദരും മുസ്ളീങ്ങളും തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കുന്ന വേളയില്‍ യെരുശലേമിലെ അതിപുരാതന സംസ്ക്കാരവും ചരിത്രവും വിളിച്ചോതുന്ന തെളിവുകള്‍ കൂടുതല്‍ പുറത്തു വരുന്നത് യിസ്രായേലിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

 

3000 വര്‍ഷത്തെ പാരമ്പര്യമുള്ള യെരുശലേം നഗരത്തിന്റെ അസ്തിത്വം ലോകത്തിന്റെ മുമ്പില്‍ ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് യെഹൂദ ജനം വിശ്വസിക്കുന്നു.

Categories: Breaking News, Middle East

About Author