പാക്കിസ്ഥാനില്‍ ഞായറാഴ്ച ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം, 9 മരണം

പാക്കിസ്ഥാനില്‍ ഞായറാഴ്ച ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം, 9 മരണം

പാക്കിസ്ഥാനില്‍ ഞായറാഴ്ച ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം, 9 മരണം ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ഡിസംബര്‍ 17-ന് ഞായറാഴ്ച രാവിലെ ആരാധനയ്ക്കിടയില്‍ ഐ.എസ്. തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 9 പേര്‍ മരിക്കുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.

 

ഇതില്‍ 7 പേരുടെ നില ഗുരുതരമാണ്. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലെ ബെഥേല്‍ മെമ്മോറിയല്‍ മെതഡിസ്റ്റ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്. ഏകദേശം 400 പേര്‍ ചര്‍ച്ചിനുള്ളില്‍ ഉണ്ടായിരുന്നു. ബോംബുമായി ചര്‍ച്ചിനുള്ളില്‍ കടക്കാന്‍ ശ്രമിച്ച ചാവേറുകളിലൊരാളെ സുരക്ഷാ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.

 

രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു. അക്രമികളില്‍ രണ്ടു പേര്‍ രക്ഷപെട്ടതായി ബലൂചിസ്ഥാന്‍ പോലീസ് ചീഫ് മൊസ്സം അന്‍സാരി പറഞ്ഞു. ചാവേറുകള്‍ ആരാധനാലയത്തിനുള്ളില്‍ പ്രവേശിക്കാതെ സുരക്ഷാ പോലീസ് തടഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായിക്കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

 

ചാവേറുകള്‍ ചര്‍ച്ചിനുള്ളില്‍ കടന്നു വിശ്വാസികളെ വെടിവെയ്ക്കുകയോ കൂട്ടക്കൊല നടത്തുകയോ ചെയ്തിരുന്നുവെങ്കില്‍ മരണ സംഖ്യ എത്രയോ പെരുകുമായിരുന്നുവെന്നും അന്‍സാരി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തു. ക്രിസ്തുമസ് സീസണായതിനാല്‍ ചര്‍ച്ചിനു ഭീഷണി ഉണ്ടായതിനെത്തുടര്‍ന്നു പോലീസ് അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു.

 

നേരത്തെ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍നിന്നും ഭീഷണി കത്തുകളും ലഭിച്ചിരുന്നതിനാല്‍ പല ചര്‍ച്ചുകള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ 1.6 ശതമാനം മാത്രമാണ്.

 

രാജ്യത്ത് ക്രൈസ്തവര്‍ക്ക് ജീവനു സംരക്ഷണവും നീതിയും ലബിക്കുന്നില്ലെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു. മുമ്പും സമാനമായ ആക്രമണങ്ങള്‍ പല ചര്‍ച്ചുകളിലും ഉണ്ടായിട്ടുണ്ട്. തീവ്രവാദികളെ മെരുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുകയാണെന്നു ക്രൈസ്തവര്‍ ആക്ഷേപിക്കുന്നു.

Categories: Breaking News, Global

About Author