ഹൃദയത്തെ കൈവിടരുത്

ഹൃദയത്തെ കൈവിടരുത്

ഹൃദയത്തെ കൈവിടരുത്

ലോകത്തെയും ഭൂമിയിലെയും സര്‍വ്വചരാചരങ്ങളെയും ദൈവം വാക്കുകൊണ്ട് സൃഷ്ടിച്ചപ്പോള്‍ മനുഷ്യനെമാത്രം ദൈവം തന്റെ കരം കൊണ്ട് നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യം ദൈവത്തിന് നമ്മെ ആവശ്യമുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

 

ദൈവം ഓരോത്തര്‍ക്കും അവരുടെ കഴിവിനും പ്രാപ്തിക്കുമൊത്തവണ്ണമാണ് ശുശ്രൂഷകള്‍ നല്‍കുന്നത്. യേശു കടല്‍ത്തീരത്തുകൂടി നടന്നപ്പോള്‍ പത്രോസിനെയും ആന്ത്രയോസിനെയുമൊക്കെ തിരഞ്ഞെടുത്തു. മത്താ:4:18-ാം വാക്യത്തില്‍ കാണുന്നത് അവര്‍ കടലില്‍ വലവീശുന്നത് യേശു കണ്ടു എന്നാണ്. അങ്ങനെ ഊര്‍ജ്ജസ്വലരായി അദ്ധ്വാനിക്കുന്ന ചിലരെയാണ് യേശു തിരഞ്ഞെടുത്തത്. നമുക്ക് എല്ലാവര്‍ക്കും കഴിവുണ്ട്.

 

പക്ഷേ നാം പലപ്പോഴും ഊര്‍ജ്ജസ്വലരല്ല എന്നതാണ് നമ്മെക്കുറിച്ചുള്ള പോരായ്മകളിലൊന്ന്. ഇന്ന് നാം കാണുന്ന പലരും കടലിലല്ല വലവീശുന്നത് കരയിലാണ്. വ്യര്‍ത്ഥമായി അദ്ധ്വാനിക്കുന്നതിന് ഫലം ഉണ്ടാകുകയില്ല.
ശാലോമോന്‍ ദൈവത്തില്‍ നിന്നും ചോദിച്ചത് ധനമോ ദീര്‍ഘായുസ്സോ ശത്രുസംഹാരമോ ഒന്നുമല്ലായിരുന്നു. ഒരു മഹാജനതയെ ഭരിക്കുവാന്‍ ഉള്ള വിവേകമുള്ള ഒരു ഹൃദയമായിരുന്നു അവന്‍ ആവശ്യപ്പെട്ടത്. അങ്ങനെ ആദ്യകാലങ്ങളില്‍ അവന്‍ നന്നായി ജനത്തെ ഭരിച്ചു. ബൈബിള്‍ ശലോമോനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. “സകല പൂര്‍വ്വ ദിഗ്വാസികളുടേയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകല ജ്ഞാനത്തെക്കാളും ശാലോമോന്റെ ജ്ഞാനം ശ്രേഷ്ടമായിരുന്നു” (1 രാജാ: 4:30) എന്നാണ്.

 

അവന്‍ മൂവായിരം സദൃശ്യവാക്യം പറഞ്ഞു, അവന്റെ ഗീതങ്ങള്‍ ആയിരത്തഞ്ചും ആയിരുന്നു എന്നും, സകലത്തെക്കുറിച്ചും അവന് അറിവുണ്ടായിരുന്നുവെന്നും അടുത്ത വാക്യങ്ങളില്‍ കാണുന്നു. ശലോമോന്‍ ഇത്രയും ഉന്നതനാകാന്‍ കഴിഞ്ഞത് അവന്‍ ദൈവത്തില്‍ ആശ്രയിച്ചതുമൂലമാണ്.

അവന്‍ അവന്റെ ഹൃദയത്തെയാണ് ദൈവത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് ഈ ശലോമോന്‍ തന്നെ തെറ്റിപ്പോകുവാന്‍ ഇടയായത് മറ്റൊരു കഥ. അവന്‍ അന്യജാതിക്കാരികളെ വിവാഹം ചെയ്തതുമൂലം അവന്റെ ഹൃദയത്തെത്തന്നെ അവര്‍ അപഹരിച്ചു. ഇതും ദൈവമക്കളായ നമുക്ക് ശലോമോനില്‍നിന്നും ലഭിക്കുന്ന മറ്റൊരു സന്ദേശമാണ്.
ക്രിസ്ത്യാനികളായ നാം, ദൈവവേലക്കാരായ നാം നമ്മുടെ ഉത്തരവാദിത്വങ്ങളും ദൌത്യങ്ങളും വളരെ പ്രാര്‍ത്ഥനയോടും സ്തോത്രത്തോടും കൂടി വളരെ ജാഗ്രതയോടും കൂടി പരിപാലിക്കണം. നമ്മുടെ ഹൃദയത്തെയാണ് ശത്രുവിനാവശ്യം.

 

ദൈവത്തിന് നമ്മുടെ ഹൃദയത്തെ ആവശ്യമുള്ളതുപോലെതന്നെ നമ്മെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന സാത്താനും ആവശ്യം നമ്മുടെ ഹൃദയത്തെത്തന്നെയാണ്. നമ്മുടെ ഹൃദയം സാത്താന്റെ കരങ്ങളിലേക്ക് കൈവിടപ്പെട്ടുപോയാല്‍ എല്ലാം നശിക്കുവാന്‍ ഇടയാകും. അതുകൊണ്ട് പരാജിതനായ ഒരു വ്യക്തിയാണെങ്കില്‍കൂടി ശലോമോന്‍ ഓര്‍മ്മിപ്പിക്കുന്നത് സ്വന്തം അനുഭവം മുന്‍കൂട്ടിയായിരിക്കാം. എങ്കിലും നമുക്ക് ഇത് വലിയപാഠമാണ്; വലിയ സന്ദേശവുമാണ്.
പാസ്റ്റര്‍ ഷാജി. എസ്.

Categories: Breaking News, Editorials

About Author