എല്ലായ്പ്പോഴും സന്തോഷിക്കുന്‍

എല്ലായ്പ്പോഴും സന്തോഷിക്കുന്‍

എല്ലായ്പ്പോഴും സന്തോഷിക്കുന്‍
യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുപ്പ് പ്രാപിച്ച് അവന്റെ മക്കളായിത്തീര്‍ന്ന ദൈവജനം ഈ ഭൌമിക ജീവിതത്തില്‍ മറ്റഉള്ളവരേക്കാള്‍ ഏറെ വ്യത്യസ്തത ഉള്ള ജനമാണ്.

 

അവിശ്വാസികളേക്കാള്‍ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ സംഭവിച്ചവരും രൂപാന്തിരം പ്രാപിച്ചവരുമാണ് ദൈവത്തിന്റെ മക്കളായ നമ്മള്‍ ‍. ആ മാറ്റം നമ്മുടെ ഹൃദയത്തില്‍ പ്രകടമാകണം. ഹൃദയത്തില്‍ പ്രകാശിക്കുന്ന ചൈതന്യം നമ്മുടെ മുഖത്ത് തെളിയണം. ദൈവമക്കളുടെ മുഖം എപ്പോഴും പ്രസന്നതയുള്ളതായിരിക്കണം. അത് മറ്റുള്ളവര്‍ക്ക് തിരിച്ചറിയുവാന്‍ കഴിയണം.

 

അപ്പോസ്തോലനായ പൌലോസ് എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു “കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍ ‍, സന്തോഷിപ്പിന്‍ എന്നു ഞാന്‍ പിന്നെയും പറയുന്നു” (ഫിലി. 4:4). കര്‍ത്തൃവേലയില്‍ വളരെ കഷ്ടങ്ങളും പീഢനങ്ങളും സഹിച്ച് വിശ്വസ്തതയോടെ തന്റെ ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരുന്ന പൌലോസിന് വേണമെങ്കില്‍ നിരാശയോടെ ജീവിതം തള്ളിനീക്കാമായിരുന്നു.

 

എന്നാല്‍ കഷ്ടതകളില്‍ കര്‍ത്താവില്‍ സന്തോഷിക്കുന്ന ഈ കര്‍ത്തൃദാസന്‍ ദൈവവിശ്വാസികളേയും താന്‍ അനുഭവിക്കുന്ന ഈ ദിവ്യ അനുഭവത്തിലേക്കു കൈപിടിച്ചു നടത്തുകയാണ് ചെയ്യുന്നത്. ഒരു ദൈവപൈതലിന് എപ്പോഴും പ്രത്യാശ ഉണ്ടായിരിക്കണം. പ്രത്യാശയും, സഹിഷ്ണതയും ഉണ്ടാകുമ്പോള്‍ വരുവാനുള്ള വലിയ അനുഗ്രഹത്തേക്കുറിച്ച് ഹൃദയത്തില്‍ സന്തോഷം ഉണ്ടാകും. ഈ അനുഭവം ഒരു ദൈവ പൈതലിന്റെ മുഖത്ത് പ്രകാശിക്കും.

 
ഇന്ന് പെന്തക്കോസ്തു വിശ്വാസികളായ പലരേയും നിരാശ നിറഞ്ഞവരായാണ് കാണുവാന്‍ കഴിയുന്നത്. എപ്പോഴും പരാതികളും ആവലാതികളും കൊണ്ട് ജീവിതം നയിക്കുന്ന ഇക്കൂട്ടരുടെ മുഖം കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും ഇവര്‍ നിരാശരാണെന്ന്. ഒരു സത്യ ക്രിസ്ത്യാനിയുടെ മുഖത്തെ തേജസ്സ് കണ്ടാല്‍ അറിയും ആ വ്യക്തി വളരെ സന്തോഷം അനുഭവിക്കുന്ന ഒരു ജീവിതത്തിന് ഉടമയാണെന്ന്.

 

അത് മനസ്സിലക്കി ക്ലേശങ്ങള്‍ സഹിക്കുന്നവരും, പീഢിതരുമായ അനേകര്‍ സന്തോഷം അനുഭവിക്കുന്നവരുടെ അനുഭവ ജീവിതത്തിലും പങ്കാളികളാകുന്നു.
മനുഷ്യന്റെ ഈ നവ്യ അനുഭവം ഏതൊരാളും ആഗ്രഹിക്കുന്നു. ആരും ദുഃഖിക്കുവാനും, നശിച്ചുപോകുവാനും കര്‍ത്താവ് ആഗ്രഹിക്കുന്നില്ല. എല്ലാവരും പ്രത്യാശ നിറഞ്ഞവരായി ജീവിതത്തില്‍ സന്തോഷം അനുഭവിക്കുന്നവരായിത്തീരണമെന്നാണ് നമ്മേക്കാളും നമ്മുടെ കര്‍ത്താവ് ആഗ്രഹിക്കുന്നത്.

 

ദൈവവചനം ഏതൊരു വ്യക്തിയേയും രൂപാന്തിരപ്പെടുത്തുന്നു. പാപത്തില്‍നിന്നും ശാപത്തില്‍ നിന്നും കരകയറുന്നവര്‍ തികച്ചും സന്തോഷവാന്മാരാണ്. അവര്‍ ഏറ്റവും വലിയ ഒരു അനുഗ്രഹത്തിന്റെ ഉടമകളാണ്. അവര്‍ക്ക് അടങ്ങിയിരിപ്പാന്‍ കഴിയുകയില്ല. അവരുടെ ഭാവി ഒരിക്കലും നഷ്ടമാകില്ല. മഹാ പ്രതിഫലത്തിനായി അവര്‍ കാത്തിരിക്കുന്നു. ഈ മഹാസന്തോഷം ഏതൊരു വ്യക്തിയുടെയും മുഖത്ത് ദൃശ്യമാകും.
പാസ്റ്റര്‍ ഷാജി. എസ്.

About Author