ലോത്തിന്റെ കാലം പോലെ

ലോത്തിന്റെ കാലം പോലെ

ലോത്തിന്റെ കാലം പോലെ
യേശുകര്‍ത്താവ് തന്റെ പരസ്യ ശുശ്രൂഷാ വേളയില്‍ ശിഷ്യന്മാരോട് അന്ത്യകാലത്തേക്കുറിച്ച് പ്രവചിക്കുന്ന സമയത്ത് ഇപ്രകാരം പറഞ്ഞിരുന്നു. “ലോത്തിന്റെ കാലത്ത് സംഭവിച്ചതുപോലെയും തന്നെ” (ലൂക്കോ.17:18). ലോത്തിന്റെ കാലത്ത് നടന്ന പ്രധാനപ്പെട്ട പാപം പുരുഷന്‍ പുരുഷനോടും, സ്ത്രീ സ്ത്രീയോടും പാപം ചെയ്യുന്ന ദുഷിച്ച പ്രവര്‍ത്തിയായിരുന്നു.

 

ലോത്തിന്റെ വീട്ടിലെത്തിയ രണ്ടു ദൂതന്മാര്‍ സുന്ദര പുരുഷന്മാരെന്ന് വിചാരിച്ച പട്ടണവാസികള്‍ അവരെ ബലാല്‍ക്കാരമായി പിടിച്ചെടുക്കുവാന്‍ ശ്രമം നടത്തിയാതായി ഉല്‍പ്പത്തി പുസ്തകത്തില്‍ വിവരിക്കുന്നു. അവരെ ആവശ്യപ്പെട്ട പാപികള്‍ ഉള്‍പ്പെടെ സകല സോദോം, ഗോമോറക്കാരേയും ദൈവം അഗിനിക്കിരയാക്കി. ദൈവം ആ സ്ഥലത്തെ നശിപ്പിച്ചു.

 

ലോത്തിന്റെ കാലത്തേപ്പോലെയാണ് ഇന്നും പരിഷ്കൃത സമൂഹം. ലോകത്ത് പലയിടങ്ങളിലും ഗെയ് മാര്യേജിന്റെ (പുരുഷനും പുരുഷനും തമ്മിലുള്ള വിവാഹം) കാലമാണിത്. ഒട്ടുമിക്ക രാജ്യങ്ങളിലും ഗെയ് മാര്യേജ് നിയമം മൂലം അംഗീകരിച്ചിട്ടുമുണ്ട്. നാളെ നമ്മുടെ നാട്ടിലും ഈ ദുഷ്പ്രവണതയ്ക്ക് പച്ചക്കൊടി കാട്ടുന്ന കാലം വന്നേക്കാം. എന്തിനും ഏതിനും തെരുവില്‍ സംഘടിക്കുന്ന പുതുതലമുറകള്‍ ഇത്തരം കൊടും പാപങ്ങള്‍ക്ക് വശംവദരായിത്തീരുന്നതില്‍ നാം ലജ്ജിക്കണം. ഉന്നത വിദ്യാഭ്യാസവും, സമ്പത്തും പെരുകിയപ്പോള്‍ പാപം ചെയ്യുന്നതില്‍ ജനം മത്സരിക്കുകയാണ്.

 
കര്‍ത്താവിന്റെ രണ്ടാം മടങ്ങിവരവ് ഏറ്റവും അടുത്തിരിക്കെ ബൈബിളില്‍ പഴയനിയമകാലത്ത് നടന്ന പല സംഭവങ്ങളുടെ സാമ്യവും പ്രവചനങ്ങളും ഇന്നു നിറവേറിക്കൊണ്ടിരിക്കുന്നു. ദുഷ്ടത പെരുകുമ്പോള്‍ ദൈവം കോപിക്കുന്നു. ആരേയും ഭയമില്ലാത്ത ഒരു തലമുറയാണിന്നത്തേത്. ദൈവത്തേപ്പോലും ഭയപ്പെടാത്തവര്‍ അനേകരാണ്. അധര്‍മ്മവും അനീതിയും, സാഹസവും നിറഞ്ഞ സമൂഹത്തില്‍ പരസ്പരമുള്ള ദൈവസ്നേഹം കുറഞ്ഞു വരുന്നു. സോഷ്യല്‍ മീഡിയകള്‍ ഇന്ന് വന്‍ പ്രചാരത്തിലാണ്.

 

ആര്‍ക്കും എവിടെയും സ്വന്തമായി പ്രചരണം നടത്തുവാനുള്ള വഴിയും സ്വതന്ത്ര്യവും ഇന്ന് നാട്ടിലുണ്ട്. ഇതിലൂടെ യുവതലമുറകള്‍ പാപത്തിന്റെ വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ ചില പുരോഗമന ചിന്താഗതിക്കാര്‍ പല അനീതികള്‍ക്കും വളംവച്ചുകൊടുക്കുന്നു. തെറ്റു ശരിയും നന്നായി തിരിച്ചറിയാത്തവരാണ് നല്ലൊരു ശതമാനവും.

 

ആരുടെയെങ്കിലും കൂട്ടായ്മകളില്‍ അകപ്പെട്ടുപോയി മ്ലേച്ഛമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന സംഭവങ്ങളും വര്‍ദ്ധിച്ചുവരികയാണ്. പരസ്പരം ബഹുമാനിക്കാന്‍ കഴിയാത്തവര്‍ ദൈവത്തെ എങ്ങനെ ബഹുമാനിക്കും. ലോത്തിന്റെ കാലത്ത് ദൈവം ന്യായംവിധിച്ചതുപോലെ അഗ്നിക്കായി ഭൂമിയെ ഒരുക്കുന്ന കാലവും ആസന്നമായിരിക്കുന്നു. ഭക്തിയോടും പ്രത്യാശയോടും ദൈവത്തില്‍ ആശ്രയംവച്ചു ജീവിക്കുവാന്‍ നാം സന്നദ്ധരാകുക.
പാസ്റ്റര്‍ ഷാജി. എസ്.

About Author