ഝാര്‍ഖണ്ഡില്‍ 6 ക്രൈസ്തവരുടെ അറസ്റ്റ്: 5,000 വിശ്വാസികളുടെ പ്രതിഷേധ റാലി നടന്നു

ഝാര്‍ഖണ്ഡില്‍ 6 ക്രൈസ്തവരുടെ അറസ്റ്റ്: 5,000 വിശ്വാസികളുടെ പ്രതിഷേധ റാലി നടന്നു

ഝാര്‍ഖണ്ഡില്‍ 6 ക്രൈസ്തവരുടെ അറസ്റ്റ്: 5,000 വിശ്വാസികളുടെ പ്രതിഷേധ റാലി നടന്നു
റാഞ്ചി: ഝാര്‍ഖണ്ഡില്‍ വ്യാജ ആരോപണത്തിന്മേല്‍ 6 പെന്തക്കോസ്തു വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു റിമാന്റിലാക്കിയതില്‍ പ്രതിഷേധിച്ച് 5000 ക്രൈസ്തവരുടെ വന്‍ പ്രതിഷേധ റാലി നടന്നു.

 

സെപ്റ്റംബര്‍ 25-ന് സിംദേഗ ജില്ലയിലെ തുകുപിനിയിലാണ് 5000 പേര്‍ പങ്കെടുത്ത നിശ്ശബ്ദ പ്രതിഷേധ റാലി നടന്നത്. സെപ്റ്റംബര്‍ 15-ന് 5 പുരുഷന്മാരും ഒരു സ്ത്രീയും അടക്കം 6 വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയിരുന്നു. ‘ഇവര്‍ പണം നല്‍കി ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാന്‍ ശ്രമിച്ചു’ എന്നാരോപിച്ച് ചിലര്‍ നല്‍കിയ വ്യാജ പരാതിയിന്മേലാണ് പോലീസ് നടപടി ഉണ്ടായത്.

 

ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജാമ്യ ഹര്‍ജി സിംദേഗ കോടതി തള്ളിയിരുന്നു. ക്രൈസ്തവര്‍ക്ക് മോചനവും നീതിയും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സിംദേഗ മേഖലയിലെ കത്തോലിക്കരടക്കമുള്ള ക്രൈസ്തവ സമൂഹം ഒന്നടങ്കം പ്രതിഷേധ റാലിയില്‍ അണിചേരുകയായിരുന്നു.

 
കത്തോലിക്കാ നേതാവ് ഗ്ളാഡ്സണ്‍ ഡങ്ഡങ് ഉള്‍പ്പെടെ നിരവധി പാസ്റ്റര്‍മാരും പുരോഹിതന്മാരും പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്ളേക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ട് റാലിയില്‍ അണി നിരന്നത് ക്രൈസ്തവ സംഘടിത ശക്തി തെളിയിക്കുന്ന അനുഭവമായിരുന്നു.

 

റാഞ്ചി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ചില ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ക്കെതിരായി സംഘടിത അതിക്രമങ്ങളാണ് നടന്നുവരുന്നതെന്ന് ബിഷപ്പ് വിന്‍സെന്റ് ബാര്‍വ പറഞ്ഞു.

 

ആഗസ്റ്റ് 12-ന് ഝാര്‍ഖണ്ഡില്‍ മതപരിവര്‍ത്തന നിരോധന നിയമം സംസ്ഥാന ഗവണ്മെന്റ് പാസ്സാക്കിയിരുന്നു. ഇതിനെതുടര്‍ന്നുള്ള നടപടികളുടെ അപകട സൂചനകളാണ് സംസ്ഥാനത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നതെന്ന് റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ ആരോപിച്ചു.

Categories: Breaking News, Top News

About Author