യേശുവിന്റെ കാലത്തെ പുരാതന റോഡ് കണ്ടെത്തി

യേശുവിന്റെ കാലത്തെ പുരാതന റോഡ് കണ്ടെത്തി

യേശുവിന്റെ കാലത്തെ പുരാതന റോഡ് കണ്ടെത്തി
യെരുശലേം: യേശുവിന്റെ ഭൌമ ജീവിത കാലത്തുണ്ടായിരുന്ന റോഡ് യിസ്രായേലില്‍ ഗവേഷകര്‍ കണ്ടെത്തി.

 

പടിഞ്ഞാറന്‍ യെരുശലേമില്‍ ബേത്ത് ശെമേശിനു സമീപം ഹൈവേ 375-നടുത്തായി ജലവിതരണത്തിനുവേണ്ടിയുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി കഴിഞ്ഞ ഫെബ്രുവരിയില്‍ കുഴി എടുത്തപ്പോഴാണ് കല്ലുകള്‍ പാകിയ പുരാതന റോഡ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.

 

പിന്നീട് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ പുരാവസ്തു ഗവേഷകര്‍ വിശദമായി നടത്തിയ ഉല്‍ഖനനത്തിലാണ് 6 മീറ്റര്‍ വീതിയും, 1.5 കിലോമീറ്റര്‍ ദൂരവുമുള്ള റോഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുവാന്‍ സാധിച്ചത്.

 

2000 വര്‍ഷം മുമ്പ് റോമന്‍ സാമ്രാജ്യ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണിതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറഞ്ഞു. ഉല്‍ഖനനത്തില്‍ ഇവിടെനിന്നും ചില നാണയങ്ങളും കണ്ടെടുത്തിട്ടുണ്ട്.

 

എഡി 67-ലെ മഹാ വിപ്ളവ കാലത്തെ ഒരു നാണയവും ഉമയ്യാദ് കാലഘട്ടത്തിലെ ഒരു നാണയവും, പൊന്തിയൂസ് പീലാത്തൊസിന്റെയും, അഗ്രിപ്പാ ഒന്നാമന്റെയും (എ.ഡി.29, എ.ഡി. 41) കാലഘട്ടങ്ങള്‍ രേഖപ്പെടുത്തിയ നാണയങ്ങളുമുണ്ട്.

 
യെരുശലേമിലേക്കുള്ള പൈപ്പ് ലൈന്‍ പദ്ധതി മെയി ശെമേശ് എന്ന കമ്പനിയ്ക്കാണ് നല്‍കിയിരിക്കുന്നത്. കണ്ടെത്തിയ ഈ റോഡ് ഹാഡ്രിയന്‍ സാമ്രാജ്യ കാലത്ത് നിര്‍മ്മിച്ചതായിരിക്കണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കുന്ന ഐ.എ.എ. ഡയറക്ടര്‍ ഐറിന സില്‍ബര്‍ ബോഡ് അഭിപ്രായപ്പെടുന്നു.

 

യെരുശലേമുമായി ബന്ധിപ്പിക്കുന്ന ഈ പുരാതന റോഡ് രാജകീയ പാതയായിരിക്കാമെന്നും സില്‍ബര്‍ ബോഡ് പറഞ്ഞു.

 

റോമാക്കാര്‍ യിസ്രായേലില്‍ വന്നതിനുമുന്‍പു തന്നെ ഈ മേഖലയില്‍ ചരിത്ര പ്രാധാന്യമുള്ള റോഡുകള്‍ ഉണ്ടായിരുന്നുവെന്നും ഇവ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട പാതകളായിരുന്നുവെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

 

ആളുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കുമായി ഈ റോഡ് ഉപയോഗിച്ചിരുന്നു.

About Author