ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍
ഇന്ത്യയിലെ പല പ്രമുഖ സഭകളുടെയും ക്രൈസ്തവ സംഘടനകളുടെയും കണ്‍വന്‍ഷനുകള്‍ പതിവുപോലെ നടന്നു കഴിഞ്ഞു. ഇനിയും പലതും നടക്കാനുമുണ്ട്. ഈ വര്‍ഷവും ‘ആണ്ടുതോറും നടന്നു വരാറുള്ള’ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കണ്‍വന്‍ഷനുകള്‍ സമാപിക്കുകയുണ്ടായി.

 

പലതും വെറുമൊരു ചടങ്ങു മാത്രമായിരുന്നു. പ്രമുഖ സഭകളുടെ പല ഡിസ്ട്രിക്ടുകളുടെയും സെന്ററുകളുടെയും വാര്‍ഷിക കണ്‍വന്‍ഷനുകളും ഇതിനോടകം പരിസമാപിച്ചു. പലതും ബോറന്‍ യോഗങ്ങള്‍ മാത്രമായിരുന്നു.

പങ്കെടുത്ത ആത്മീയരായ ചില സഹോദരങ്ങള്‍ സാക്ഷ്യം പറഞ്ഞത് കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. സെന്റര്‍ പാസ്റ്റര്‍മാര്‍ അവരുടെ മാത്രം ചില പ്രിയ സുഹൃത്തുക്കളെ വര്‍ഷം തോറും പതിവു പ്രസംഗകരായി ക്ഷണിച്ചു വരുത്തി യോഗങ്ങളില്‍ പ്രസംഗിപ്പിച്ചതിനാല്‍ ചിലയിടങ്ങളില്‍ വചന ദാഹത്തോടെ കടന്നു വരുന്നവര്‍ക്ക് ആഗ്രഹിച്ച തൃപ്തി ലഭിച്ചില്ല.

അവര്‍ അവരുടെ കടമ നിര്‍വ്വഹിച്ചു വിടവാങ്ങി പോകുന്നു. പാവം വിശ്വാസികള്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും നിരാശാ ജനകമായ ഫലം അനുഭവിക്കുന്നു.

 
ഒരു സെന്ററിന്റെ വാര്‍ഷിക കണ്‍വന്‍ഷനില്‍ ഞായറാഴ്ച പകല്‍ സംയുക്ത ആരാധന സമയത്ത് വളരെ ശക്തമായ ആരാധനയും വചനഘോഷണവും നടക്കേണ്ട സമയത്ത് ചില വിദേശ രാജ്യങ്ങളില്‍ ജോലിക്കു പോയ മലയാളി അസിസ്റ്റന്‍റ് പാസ്റ്റര്‍രുടെ സാക്ഷ്യങ്ങളും ഷോര്‍ട്ടു മെസ്സേജുകളുമായിരുന്നു ബോറടിപ്പിച്ചത്. രാവിലെ 9ന് തുടങ്ങിയ യോഗം ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ചപ്പോള്‍ ആകെ പ്രസംഗകര്‍ 5 പേര്‍ ‍.

ഇതിനു പിന്നിലെ കഥ, സെന്റര്‍ പാസ്റ്റര്‍ കൂടെകൂടെ വിദേശത്തു പോകുമ്പോള്‍ ഇവരുടെയൊക്കെ വീടുകള്‍ ഇദ്ദേഹത്തിനു സത്രങ്ങളാണ്. നല്ല സ്വീകരണങ്ങളും പടിയും നല്‍കിയതിന്റെ തിക്താനുഭവമാണ് പാവം ജനങ്ങള്‍ അനുഭവിച്ചതെന്നാണ് സംസാരം.
ഒരു കാലത്ത് ആത്മീകരായ ദൈവദാസന്മാര്‍ സഭകളെ ഭരിക്കുമ്പോള്‍ ആത്മീക ജലത്തിനായുള്ള ദൗര്‍ലഭ്യം ഇല്ലായിരുന്നു. ഇന്ന് അതല്ല സ്ഥിതി. എല്ലാവര്‍ക്കും വേണ്ടത് സ്റ്റേജുകളും പണവും പ്രസക്തിയുമാണ്. ഇതെല്ലാം സാത്താന്റെ തന്ത്രങ്ങളാണ്. ഇന്ന് സഭകളുടെ സെന്റര്‍ ‍-ജനറല്‍ കണ്‍വന്‍ഷനുകളില്‍ പോകുവാന്‍ വിശ്വാസികള്‍ക്കു മടിയാണ്. അതിനു മുഖ്യ കാരണം ഭീമമായ യാത്രാ ചെലവും, ദുരിതവും. ഇവ സഹിച്ചു എങ്ങനെയെങ്കിലും ചെന്നു പറ്റിയാല്‍ ഉദ്ദേശിച്ച രീതിയിലുള്ള ആത്മീക സംതൃപ്തി ലഭിക്കാതെ വരുന്നു.

അതുകൊണ്ട് ഞായറാഴ്ചകളില്‍ പോലും, കര്‍ത്താവിനെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വിശുദ്ധന്മാരായ പല വിശ്വാസി കുടുംബങ്ങളും സ്വന്തം വീട്ടില്‍ പായ വിരിച്ച് മുട്ടിന്മേല്‍ നിന്ന് കര്‍ത്താവിനെ ആരാധിക്കുന്ന രീതി വര്‍ദ്ധിച്ചു വരികയാണ്. കര്‍ത്താവിന്റെ വരവ് ഏറ്റവും ആസന്നമായ സമയത്ത് ഭയഭക്തിയോടും ആദരവോടും കൂടി ആത്മീക യോഗങ്ങള്‍ ക്രമീകരിക്കുന്നത് നന്ന്.

ദൈവദാസന്മാരും വിശ്വാസികളും തമ്മിലുള്ള ആത്മ ബന്ധം കൂടുതല്‍ ദൃഡമാക്കണം. ദൈവവുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കണം. വിശ്വാസികളെ മനം മടുപ്പിക്കരുതെന്ന് മാത്രം ഓര്‍പ്പിച്ചുകൊള്ളുന്നു. ഇല്ലായെങ്കില്‍ നാം എല്ലാവരും അതിനു വലിയ വില കല്‍പ്പിക്കേണ്ടി വരുമെന്ന് തീര്‍ച്ച.
പാസ്റ്റര്‍ ഷാജി. എസ്.

About Author