സൃഷ്ടാവിനെ ഓര്‍ക്കുക

സൃഷ്ടാവിനെ ഓര്‍ക്കുക

സൃഷ്ടാവിനെ ഓര്‍ക്കുക
യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ എന്നു പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്.

 

ബുദ്ധിയും കര്‍മ്മ ശേഷിയുംകൊണ്ട് ആരോഗ്യമുള്ള ഒരു നവ ലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ, ഒരു സംഘടനയുടെയോ ശക്തി ശ്രോതസ്സ് യുവാക്കളാണ്.

 

അവരാണ് അതിന്റെ ഉണര്‍വ്വും ആവേശവും. ഇത് ലോകത്തിന്റെ ഒരു സിദ്ധാന്തമാണ്.
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേക്ക് ആദ്യ കാലങ്ങളില്‍ എടുത്തു ചാടിയത് ഒരു കൂട്ടം യുവാക്കളാണ്. അവരാണ് പട നയിച്ചത്.മഹാത്മാ ഗാന്ധി, മോത്തിലാല്‍ നെഹ്റു, ഭഗത്സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, മൗലാന അബ്ദുല്‍ കലാം തുടങ്ങിയ യുവരത്നങ്ങള്‍ കൊളുത്തിയ തിരിനാളങ്ങളാണ് പിന്നീട് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വഴി തെളിക്കുവാനിടയായത്.

 

ആത്മീയ ലോകത്തും ഈ സിദ്ധന്തം തന്നെയാണ് വിജയക്കൊടി പാറിച്ചത്. യുവഹൃദയങ്ങളുടെ അചഞ്ചലമായ പോരാട്ടവീര്യം ക്രിസ്ത്യാനികളായ നമുക്കെല്ലാവര്‍ക്കും ഒരു പാത തെളിയിച്ചു തരികയുണ്ടായി.

 
യേശുതന്നെ നമുക്കേവര്‍ക്കും മാതൃകയാണ്. തന്റെ 30-ാം വയസ്സില്‍ സ്നാനമേറ്റ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി തുടര്‍ന്നു പരസ്യ ശുശ്രൂഷയ്ക്കായി ഇറങ്ങുകയായിരുന്നു. അതുപോലെ യോഹന്നാന്‍ സ്നാപകന്‍ ‍, യേശുവിന്റെ ശിഷ്യന്മാര്‍ ‍, ഇങ്ങനെ പുതിയ നിയമ വിശുദ്ധന്മാര്‍ പലരും തങ്ങളുട യുവ ചൈതന്യം തെളിയിച്ചവരാണ്. യുവ ശരീരത്തിന് മറ്റു ശരീരങ്ങളേക്കാള്‍ പ്രത്യേകതയുണ്ട്.

 

എന്തെന്നാല്‍ ഇവര്‍ ആരോഗ്യവാന്മാരും ബുദ്ധിയും മനസ്സും വികാസം പ്രാപിച്ചവരും, കര്‍മ്മശേഷി പ്രകടിപ്പിക്കുവാന്‍ പ്രാപ്തിയുള്ളവരുമാണ്. പഴയ നിയമത്തില്‍ ശൗല്‍ , ദാവീദ് തുടങ്ങിയ പല രാജാക്കന്മാരും പ്രവാചകന്മാരും ഇങ്ങനെ യുവത്വത്തെ ദൈവത്തിനും രാഷ്ട്രത്തിനുമായി സമര്‍പ്പിച്ച് ചരിത്രത്തില്‍ ഇടം നേടിയവരാണ്.
ദൈവത്തിന് ഒരുവന്റെ പ്രായമോ, സൗന്ദര്യമോ, വിദ്യാഭ്യാസമോ, പാണ്ഡിത്യമോ ഒന്നും ഒരു പ്രശ്നമേയല്ല. എല്ലാവരേയും സമര്‍ത്ഥമായി ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയും.

എന്നാല്‍ യൗവ്വനകാലത്ത് ദൈവത്തിങ്കലേക്ക് തിരിയുന്നവരോടാണ് ദൈവത്തിന് മറ്റുള്ളവരേക്കാള്‍ ഒരു പിടികൂടുതല്‍ സന്തോഷമുളവാകുന്നത്. എന്തെന്നാല്‍ യൗവ്വന പ്രായത്തിലാണ് പലരും വഴിതെറ്റിപ്പോകുന്നത്. ദുര്‍മ്മാര്‍ഗ്ഗികളും കോപിഷ്ഠരും, ദൈവഭയമില്ലാത്തവരുമൊക്കെയാകുന്നത് കൂടുതലും യുവാക്കളാണ്. ഈ പ്രായം ഇവര്‍ക്ക് എന്തിനുമുള്ള ലൈസന്‍സായാണ് ഇവര്‍ കാണുന്നത്. കായികശേഷിയും ബുദ്ധി വൈഭവത്തിലുമൊക്കെ ഇവര്‍ സജ്ജരാണ്.
ദൈവത്തിനുവേണ്ടി മനുഷ്യന് നല്‍കാവുന്ന ഏറ്റവും നല്ല ജീവിത കാലം പ്രവര്‍ത്തനക്ഷമത വര്‍ദ്ധിച്ച യൗവ്വനകാലമാണ്. അതുകൊണ്ട് യൗവ്വനകാലത്ത് ദൈവത്തെ ഓര്‍ക്കുവാനും ദൈവവചനം അനുസരിക്കുവാനും ദൈവം ആഹ്വാനം ചെയ്യുന്നു.

“നിന്റെ യൗവ്വനകാലത്ത് നിന്റെ സൃഷ്ടാവിനെ ഓര്‍ത്തുകൊള്‍ക, ദുര്‍ദിവസങ്ങള്‍ വരികയും എനിക്ക് ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കുകയും സൂര്യനും, വെളിച്ചവും, ചന്ദ്രനും, നക്ഷത്രങ്ങളും ഇരുണ്ടു പോവുകയും മഴ പെയ്തശേഷം മേഘങ്ങള്‍ മടങ്ങിവരികയും ചെയ്യും മുമ്പെ തന്നെ” (സഭാ പ്ര.12: 1,2). ദൈവം ഓര്‍പ്പിക്കുന്നത്: യൗവ്വന മോഹങ്ങളില്‍ മുഴുകി പാപവഴികളിലൂടെ അലഞ്ഞ് ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവുമില്ലാതെ അസ്തമിക്കുന്നതിനു മുമ്പായി ദൈവത്തിങ്കലേക്കു മടങ്ങിവരിക എന്നാണ് ഉപദേശിക്കുന്നത്. ഇന്നത്തെ സകല മ്ലേച്ഛതയും നടപ്പാക്കുന്നത് യുവാക്കളാണ്. ഇത്തരം യുവാക്കള്‍ സമൂഹത്തെ മലീമസമാക്കുന്നു. ഈ ദുര്‍ഗന്ധം നമുക്കെല്ലാവര്‍ക്കും ഒരു ശാപമാണ്.

 
നമ്മുടെ സമൂഹത്തിന് ക്രിസ്തീയ യുവാക്കള്‍ ഒരു നല്ല മാതൃകയാകണം. അവര്‍ കൊളുത്തുന്ന മെഴുകു തിരികള്‍ ഒരു വലിയ പ്രകാശമായിത്തീരട്ടെ. സുവിശേഷത്തിന്റെ കാവല്‍ ഭടനായ തിമഥിയോസിനെപ്പോലെ നമുക്കും നല്ല പോരാട്ടം നടത്താം. ദൈവം നമുക്ക് ശക്തി പകരട്ടെ.
ഷാജി. എസ്.

Categories: Breaking News, Editorials

About Author