ആശ്വാസകരമല്ലാത്ത ജീവിത ശൈലികള്‍

ആശ്വാസകരമല്ലാത്ത ജീവിത ശൈലികള്‍

ആശ്വാസകരമല്ലാത്ത ജീവിത ശൈലികള്‍
ഇന്ന് വസ്ത്രത്തിലും ജീവിത ചര്യകളിലും പെരുമാറ്റത്തിലുമെല്ലാം ഫാഷന്‍ പ്രകടമാണ്. കാലത്തിന്റെ പുരോഗതിക്കനുസരിച്ച് ജീവിക്കുമ്പോള്‍ത്തന്നെ അത് ഒരിക്കലും ധാര്‍മ്മികതയുടെ അതിരുകളെ ലംഘിക്കുവാനും അനുവദിച്ചുകൂടാ.
സിനിമകളുടെയും ദൃശ്യമാദ്ധ്യമങ്ങളുടെയും വേലിയേറ്റത്തില്‍ പുത്തന്‍ തലമുറകള്‍ ഇന്ന് മോഡേണ്‍ സ്റ്റൈലുകളിലാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് ഇന്ന് പല വന്‍കിട കമ്പനികളും സ്ഥാപനങ്ങളും അവരുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കായി വിവിധ മോഡലുകളെ അവതരിപ്പിച്ചുകൊണ്ട് ജന ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

ഇതില്‍ മയങ്ങിപ്പോകുന്ന പുതു തലമുറകള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തങ്ങളുടെ ശരീര സൗന്ദര്യം, വസ്ത്ര ധാരണം എന്നിവ കൂടുതല്‍ മോടി പിടിപ്പിക്കുവാന്‍ എന്തിനും തയ്യാറാകുന്നു.
പാശ്ചാത്യ സംസ്ക്കാരത്തിന്റെ പുത്തന്‍ ഏണിപ്പടിയിലൂടെ കയറി ആഡംബര ജീവിതത്തിന് അടിമകളാണ് ഒട്ടുമിക്ക ആളുകളും. ലളിത ജീവിതം ഇന്ന് പലര്‍ക്കും ‘ഷെയിം’ ആയി തോന്നുന്നു. അതുകൊണ്ടുതന്നെ എത്ര രൂപ മുടക്കിയാലും തങ്ങളുടെ വീടും വാഹനങ്ങളും സ്വത്തുക്കളുമൊക്കെ വിലകൂടിയവതന്നെയാകട്ടെ എന്നു തീരുമാനിക്കുന്നു.

 

ഇന്ന് അദ്ധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം ഭൂരിഭാഗവും കണക്കില്ലാതെ ഫാഷന്‍ ഭ്രമത്തിനായി വാരി എറിയുന്നു. ചിലര്‍ ഇല്ലായ്മയുടെ ലോകത്തേപ്പോലും വിസ്മരിച്ചുകൊണ്ടാണ് തങ്ങളുടെ ഫാഷന്‍ സങ്കല്‍പ്പം സാക്ഷാത്ക്കരിക്കുന്നത്. തങ്ങളുടെ അയല്‍ ക്കാരും സ്നേഹിതരുമൊക്കെ ഏതെങ്കിലും ഭൗതിക നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ അതിനേക്കാള്‍ മെച്ചമായത് അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ബഹുഭൂരിപക്ഷവും.
അനാവശ്യമായ ചിലവുകളിലൂടെ ധൂര്‍ത്തടിക്കുന്ന സമൂഹത്തില്‍ എന്തെല്ലാമാണ് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്നേഹം, കരുണ, പരോപകാരം എന്നിവ മറന്നുപോകുന്നു. വ്യക്തികളില്‍ മാത്രമല്ല ഈ ദോഷം കാണപ്പെടുന്നത്. ഇന്ന് ക്രിസ്തീയ സഭകളേയും ഫാഷന്‍ ഭ്രമം ബാധിച്ചുകൊണ്ടിരിക്കുകയാണ്.

 

പല ആരാധനാലയങ്ങളും വര്‍ണ്ണ മനോഹര മാളികകളായാണ് പണി കഴിപ്പിച്ചുകൊണ്ടിരിക്കുന്നത്. ‘താജ്മഹല്‍ ‍’ പോലും മാറിപ്പോകുന്ന തരത്തിലുള്ള പണികളാണ് ഇന്നുള്ളത്. വീടു പണിയില്‍ മത്സരിക്കുന്നതുപോലെതന്നെയാണ് ആരാധനാലയങ്ങള്‍ പണിയുന്നതിലും മത്സരം നടത്തുന്നത്. കോടികളുടെ ബഡ്ജറ്റ് ഇതിനുവേണ്ടി ചിലവഴിക്കുന്നു. ഇത് ദൈവം പ്രസാദിക്കുമോ?
‘കാലത്തിനു തക്ക കോലം’ എന്ന തത്വം എന്തായാലും ക്രിസ്ത്യാനികള്‍ക്ക് നല്ലതല്ല. ക്രിസ്ത്യാനികള്‍ പ്രത്യേകിച്ച് പെന്തക്കോസ്തു വിശ്വാസികള്‍ എല്ലാറ്റിനും നല്ല മാതൃക കാണി ക്കേണ്ടവരാണ്. യേശുവിന്റെ താഴ്മയും എളിമയും ജീവിതത്തില്‍ ഉണ്ടാകണം.

 

ജീവിതത്തിനു പുരോഗതിയും മാറ്റവുമൊക്കെ ആവശ്യമാണെങ്കിലും ധൂര്‍ത്തന്മാരായി സമൂഹത്തില്‍ ജീവിക്കുന്നത് ഒഴിവാക്കുക തന്നെ ചെയ്യണം. ക്രിസ്തീയ ജീവിതത്തിന്റെ മൂല്യത്തിലധിഷ്ഠിതമായ നല്ല പെരുമാറ്റം എല്ലാവരില്‍നിന്നും ഉണ്ടാകേണ്ടത് വളരെ ആവശ്യമാണ്. അതിന് അത്ഭുത മന്ത്രിയും വീരനാം ദൈവവും നിത്യ പിതാവുമായ ദൈവം സഹായിക്കട്ടെ.
ഷാജി. എസ്.

About Author