പൊടിക്കാറ്റ് മുന്നറിയിപ്പ്സംവിധാനവുമായി യുഎഇ:

പൊടിക്കാറ്റ് മുന്നറിയിപ്പ്സംവിധാനവുമായി യുഎഇ:

{atlas.masdar.ac.ae/forecast ഈ വെബ്‌സൈറ്റ് വഴി പൊടിക്കാറ്റിന് വിവരങ്ങൾ അറിയാൻ സാധിക്കും)

ദുബായ്: യുഎഇ ശാസ്‌ത്രജ്‌ഞർ ഗൾഫ് മേഖലയിൽ ജനജീവിതത്തിനു പലവിധത്തിൽ ഭീഷണി സൃഷ്‌ടിക്കുന്ന പൊടിക്കാറ്റിനെക്കുറിച്ച് കൃത്യമായി മുന്നറിയിപ്പു നൽകുന്ന സംവിധാനം വികസിപ്പിച്ചു.
കാറ്റിനുള്ള സാധ്യതകൾ മാത്രമല്ല, പൊടിയുടെ അളവും സ്വഭാവവും നിർണയിക്കാനാകും.
സൂര്യപ്രകാശത്തെ തടസ്സപ്പെടുത്തുന്ന പൊടിക്കാറ്റിന്‍റെ സാന്നിധ്യവും സ്വഭാവവും നിർണയിക്കാവുന്ന (എയ്റോസോൾ ഒപ്‌ടിക്കൽ ഡെപ്‌ത്– എഒഡി) ഓൺലൈൻ സംവിധാനമാണിത്.
ഓരോ മിനിറ്റിലെയും എഒഡി റീഡിങ് വിലയിരുത്തും.

കാലാവസ്‌ഥാ മാറ്റം വ്യത്യസ്‌ത റീഡിങ്ങിൽ മനസ്സിലാക്കാം.
റീഡിങ് 0.01 ആണെങ്കിൽ ഏറ്റവും തെളിമയുള്ളതായിരിക്കും. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിൽ 0.4. പൊടിപടലങ്ങളുടെ നേരിയ സാന്നിധ്യം പോലും മനസ്സിലാക്കാം. അഗ്നിപർവതങ്ങളിൽ നിന്നുള്ള ചാരം, കടലിൽ നിന്നുള്ള ഉപ്പുകണങ്ങൾ, ഫാക്‌ടറികളിലെ മാലിന്യം തുടങ്ങിയവ വേർതിരിച്ചറിയാൻ സംവിധാനമുണ്ട്.

ഗതാഗതമേഖലയെയും സോളാർ പാനലുകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്ന പൊടിക്കാറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്ന സാഹചര്യത്തിൽ ഈ സംവിധാനം ഏറെ ഗുണകരമാകുമെന്നു അബുദാബി മസ്‌ദർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ശാസ്‌ത്രജ്‌ഞർ പറയുന്നു.

വിമാനസർവീസുകളെയും ഒട്ടേറെ റോഡപകടങ്ങൾക്കു പൊടിക്കാറ്റ് കാരണമാകുന്നുണ്ട്. വാഹനയാത്രക്കാർക്കു വൻഭീഷണിയാണ് പെട്ടെന്നുണ്ടാകുന്ന പൊടിക്കാറ്റ്.

ഇതു ആസ്‌മ ഉൾപ്പെടെയുള്ള രോഗങ്ങൾ കൂടുതലാകാനും വഴിയൊരുക്കുന്നു. പൊടിപടലങ്ങളിലെ രാസമാലിന്യങ്ങളും പ്ലാസ്‌റ്റിക് കണങ്ങളും പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പുതിയ സംവിധാനം വികസിപ്പിച്ചത് കാർഷികമേഖലയ്‌ക്കും ഗുണകരമാണ്. പൊടിക്കാറ്റിനുള്ള സാധ്യത നേരത്തെ മനസിലാക്കാൻ കഴിയുന്നതോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാകും. വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി അപകടസാധ്യതകൾ ഒഴിവാക്കാം.

ഇത്തരമൊരു സംവിധാനം ശാസ്‌ത്രജ്‌ഞർ വികസിപ്പിച്ചത് മൂന്നുവർഷം കൊണ്ടാണെന്ന് റിസർച് സെന്റർ ഫോർ റിന്യൂവബിൾ എനർജി മാപ്പിങ് ആൻഡ് അസെസ്‌മെന്റ് വിഭാഗത്തിലെ പ്രഫ. ഡോ. ഹൊസ്‌നി ഗെദീര പറഞ്ഞു. സൗദി അറേബ്യയിലെ കിങ് അബ്‌ദുല്ല സിറ്റി ഫോർ ആറ്റമിക് ആൻഡ് റിന്യൂവബിൾ എനർജിയും പദ്ധതിയുമായി സഹകരിച്ചു. ഓസോൺ പാളികളിലെ മാറ്റങ്ങളും പുതിയ സംവിധാനത്തിലൂടെ കണ്ടെത്താം.

atlas.masdar.ac.ae/forecast ഈ വെബ്‌സൈറ്റ് വഴി പൊടിക്കാറ്റിന് വിവരങ്ങൾ അറിയാൻ സാധിക്കും.

About Author