ബ്രിട്ടനിൽ 11,000 പേർക്ക് ജോലിനഷ്ടം 

ബ്രിട്ടനിൽ 11,000 പേർക്ക് ജോലിനഷ്ടം 

ലണ്ടന്‍• ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ബിഎച്ച്‌എസിന്റെ (ബ്രിട്ടിഷ് ഹോം സ്റ്റോഴ്സ്) അവസാനത്തെ 22 ശാഖകളും ഇന്നലെ അടച്ചുപൂട്ടി.

ബ്രിട്ടീഷ് ഹൈസ്ട്രീറ്റുകളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്ന ബിഎച്ച്‌എസിന്‍റെ 164 ശാഖകള്‍ക്കും താഴുവീണതോടെ 11,000 പേര്‍ക്കു തൊഴില്‍ നഷ്ടമായി. ഇവരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും അനിശ്ചിതത്വത്തിലാണ്.

മാനേജ്മെന്റിന്റെ പിടിപ്പുകേടുമൂലം നഷ്ടത്തിലായ കമ്ബനി കഴിഞ്ഞ മാര്‍ച്ചു മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായിരുന്നു. ഇവര്‍ ചില സ്റ്റോറുകളെങ്കിലും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.

141 സ്റ്റോറുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ പൂട്ടിയിരുന്നു. അവശേഷിച്ച 22 സ്റ്റോറുകളാണ് ഇന്നലെ പൂട്ടിയത്.

സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി 70 മുതല്‍ 80 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചതോടെ ഇന്നലെ ബിഎച്ച്‌എസ് സ്റ്റോറുകളില്‍ പതിവില്ലാത്ത തിരക്കായിരുന്നു. അവിശ്വസിനീയമായ വിലക്കുറവില്‍ ആളുകള്‍ വേണ്ടതും വേണ്ടാത്തതുമെല്ലാം വാരിക്കൂട്ടിയതോടെ വൈകുന്നേരമായപ്പോള്‍ പലയിടത്തും അവശേഷിച്ചത് കാലിയായ റാക്കുകള്‍ മാത്രം. ചില സ്റ്റോറുകളില്‍ ക്യൂ നിയന്ത്രിക്കാന്‍ സ്റ്റാഫ് നന്നേ ബുദ്ധിമുട്ടി. വിലക്കുറവിന്റെ സന്തോഷത്തില്‍ ഉപഭോക്താക്കള്‍ തിരക്കുകൂട്ടിയപ്പോള്‍ വിഷമം ഉള്ളിലൊതുക്കി അവസാനദിവസത്തെ ജോലിയിലായിരുന്നു സ്റ്റോറുകളിലെ തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാര്‍.

വസ്ത്രങ്ങളും വീട്ടുപകരണങ്ങളും മറ്റു നിത്യോപയോഗസാധനങ്ങളും വില്‍ക്കുന്ന ബിഎച്ച്‌എസ് സ്റ്റോറുകള്‍ 1928 മുതലാണ് പ്രമുഖ അമേരിക്കന്‍ കമ്ബനിയുടെ ഉടമസ്ഥതയില്‍ യുകെയിലെ ഹൈസ്ട്രീറ്റുകളില്‍ പ്രവര്‍ത്തനം തുടങ്ങിയത്. സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിലായിരുന്നു ആദ്യ സ്റ്റോര്‍. ശൃംഖല വിപുലമായതോടെ ഫര്‍ണിച്ചര്‍, ഇലക്‌ട്രോണിക്സ്, എന്റര്‍ടെയ്ന്‍മെന്റ് വിഭാഗങ്ങളിലേക്കും സ്റ്റോറുകള്‍ വിപുലീകരിച്ചു. പെര്‍ഫ്യൂം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്കു മാത്രമായും ചിലയിടങ്ങളില്‍ സ്റ്റോറുകള്‍ തുറന്നു. ഒരു ഘട്ടത്തില്‍ യുകെയില്‍ മാത്രം 164 സ്റ്റോറുകളും 74 ഇന്‍റര്‍നാഷനല്‍ സ്റ്റോറുകളുമായി കമ്ബനി വളര്‍ന്നു.

2000ല്‍ റീട്ടെയില്‍ വ്യവസായരംഗത്തെ അതികായനായ സര്‍ ഫിലിപ്പ് ഗ്രീന്‍ എന്ന വ്യവസായി കമ്ബനി ഏറ്റെടുത്തു. മാനേജ്മെന്‍റ് മാറിയതോടെ കമ്പനി നഷ്ടത്തിലായി. ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയുള്‍പ്പെടെ താറുമാറായതോടെ 2009 മുതല്‍ കമ്ബനിയുടെ പ്രവര്‍ത്തനം സുഗമമല്ലാതായി. 2015ല്‍ സര്‍ക്കാര്‍ ഇടപെടലോടെ ചില റീട്ടെയില്‍ ഡീലര്‍മാരുടെ ഒരു കണ്‍സോര്‍ഷ്യം കമ്ബനി ഏറ്റെടുത്തെങ്കിലും രക്ഷയുണ്ടായില്ല. തുടര്‍ന്നായിരുന്നു അഡ്മിനിസ്ട്രേഷന്‍ ഭരണവും അടച്ചുപൂട്ടല്‍ നടപടികളും. മാര്‍ച്ച്‌ മുതല്‍ വില്‍പനയ്ക്കു വച്ച കമ്പനി  ആരും ഏറ്റെടുക്കാന്‍ എത്തിയില്ല. ജൂലൈയില്‍ കമ്പനി  വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം നിലച്ചു. ദിവസേനയെന്നോണം സ്റ്റോറുകള്‍ പൂട്ടിയ കമ്പനി  അവസാനത്തെ 22 സ്റ്റോറുകള്‍ ഇന്നലെ ഒറ്റയടിക്കു നിര്‍ത്തിയതോടെ 88 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു വമ്പന്‍ ബിസിനസിന് അന്ത്യമായി.

2010ല്‍ യൂറോപ്പിനെ ആകെ ബാധിച്ച ആഗോള സാമ്ബത്തിക മാന്ദ്യത്തില്‍നിന്നും കരകയറാനാകാതെ പോയതാണ് ഭീമന്‍ റീട്ടെയില്‍ ശൃംഖലയെ ഈവിധം തളര്‍ത്തിയത്. മാന്ദ്യകാലത്ത് ബിഎച്ച്‌എസിനു സമാനമായ ‘വൂള്‍വര്‍ത്ത്’ റീട്ടെയില്‍ ശൃംഖലയും ഇലക്‌ട്രോണിക് – ഇലക്‌ട്രിക് സാധനങ്ങളുടെ വില്‍പനകേന്ദ്രങ്ങളായിരുന്ന കൊമെറ്റ് ശൃംഖലയും ഇത്തരത്തില്‍ അടച്ചുപൂട്ടിയിരുന്നു.

വൂള്‍വര്‍ത്ത്, കൊമെറ്റ് സ്റ്റോറുകള്‍ക്കൊപ്പം ബിഎച്ച്‌എസും ഇനി ബ്രിട്ടീഷ് ഉപയോക്താക്കളുടെ ഓര്‍മകളില്‍ മാത്രം നിലനില്‍ക്കും.

About Author