കനത്ത മോചനദ്രവ്യം വാങ്ങി ഐ.എസ്. 43 ക്രൈസ്തവരേക്കൂടി വിട്ടയച്ചു

കനത്ത മോചനദ്രവ്യം വാങ്ങി ഐ.എസ്. 43 ക്രൈസ്തവരേക്കൂടി വിട്ടയച്ചു

കനത്ത മോചനദ്രവ്യം വാങ്ങി ഐ.എസ്. 43 ക്രൈസ്തവരേക്കൂടി വിട്ടയച്ചു
റാഖ: 2015 ഫെബ്രുവരിയില്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന അവസാനത്തെ ക്രൈസ്തവനേയും വിട്ടയച്ചു. ഫെബ്രുവരി 22-ന് തിങ്കളാഴ്ച പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമടങ്ങുന്ന 43 പേരെയാണ് വന്‍ മോചനദ്രവ്യം വാങ്ങിയശേഷം വിട്ടയച്ചത്.

 

ഓരോരുത്തര്‍ക്കും ഓരോ ലക്ഷം ഡോളര്‍ വീതമാണ് തീവ്രവാദികള്‍ മോചനദ്രവ്യമായി തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ ബന്ധുക്കളില്‍നിന്നും വാങ്ങിയത്. സിറിയന്‍ നഗരമായ റാഖയിലായിരുന്നു അവര്‍ തടവില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹസ്സാക്കെ പ്രവിശ്യയിലെ ഖാബോര്‍ മേഖലയിലെ ഗ്രാമങ്ങളില്‍നിന്നായിരുന്നു ഐ.എസ്. തീവ്രവാദികള്‍ 230 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയത്.

 

തീവ്രവാദികള്‍ കഴിഞ്ഞ ജനുവരി 16-നും, 25-നും, 2015 മാര്‍ച്ചിലും, നവംബറിലും, ഡിസംബറിലുമായി ക്രൈസ്തവരെ ഇതുപോലെ മോചനദ്രവ്യം വാങ്ങി വിട്ടയച്ചിരുന്നു. ഐ.എസ്. പണം കണ്ടെത്താനായാണ് ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുന്നതെന്നും ക്രൈസ്തവരുടെ ജീവിതം ഭീതിജനകമാണെന്നും അസ്സീറിയന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ നേതാവ് യുവാനന്‍ താലിയ പറഞ്ഞു.

 

ഇനിയും ഇത്തരം ഹീനകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുര്‍ക്കി, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണ് ഹസ്സാക്കെ പ്രവിശ്യ. ഇവിടം ഐ.എസിന്റെ ശക്തി കേന്ദ്രമാണ്. ഇവിടെ സൈന്യവും ഐ.എസും തമ്മില്‍ നിരന്തരം പോരാട്ടം നടക്കുന്ന പ്രദേശമാണ്. ഖാബോര്‍ നദി തീരപ്രദേശത്തുനിന്നും ആയിരക്കണക്കിനു ക്രൈസ്തവര്‍ നേരത്തേ സുരക്ഷിത സ്ഥലങ്ങളിലേക്ക് പാലായനം ചെയ്തിരുന്നു.

About Author