കൊടും ദുരിതത്തില്‍ സിറിയ; കുട്ടികള്‍ വിശപ്പടക്കുന്നത് പുല്ലും, ഇലയും കഴിച്ച്

കൊടും ദുരിതത്തില്‍ സിറിയ; കുട്ടികള്‍ വിശപ്പടക്കുന്നത് പുല്ലും, ഇലയും കഴിച്ച്

കൊടും ദുരിതത്തില്‍ സിറിയ; കുട്ടികള്‍ വിശപ്പടക്കുന്നത് പുല്ലും, ഇലയും കഴിച്ച്
ദമാസ്ക്കസ്: ആഭ്യന്തര സംഘര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയില്‍ ജനം കൊടും ദുരിതത്തില്‍ കഴിയുകയാണ്. പട്ടിണി മരണവും ദാരിദ്ര്യവും നടമാടുന്ന സിറിയയിലെ കുട്ടികള്‍ വിശപ്പടക്കുന്നത് പുല്ലും ഇലകളും തിന്നാണ്.

 

പട്ടിണി കിടന്ന് പേക്കോലങ്ങളായ കുട്ടികളുടെ ചിത്രങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. സംഘര്‍ഷത്തിനിടയില്‍ കുറേപ്പേര്‍ കിട്ടാവുന്നതെല്ലാം കൈക്കലാക്കി രക്ഷപെട്ടെങ്കിലും ശേഷിക്കുന്ന ജീവിതങ്ങള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ കൊടും തണുപ്പില്‍ നരകിക്കുന്ന കാഴ്ചയാണ് സിറിയയില്‍ കാണുന്നത്.

 

റാഖ, മദായ, അലെപ്പോ, ദമാസ്ക്കസ് നഗരങ്ങളിലാണ് ജനം ദുരിതം അനുഭവിക്കുന്നത്. ഒരു മാസത്തിനിടെ മദായയില്‍ മാത്രം പട്ടിണി കിടന്നു മരിച്ചവരുടെ എണ്ണം 23 കഴിഞ്ഞു. സിറിയന്‍ ഒബ്സര്‍വേറ്ററി എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

 

വിശപ്പു സഹിക്കാന്‍ കഴിയാതെ ചിലര്‍ തങ്ങള്‍ വളര്‍ത്തിയ നായ്ക്കളേയും, പൂച്ചകളേയുമെല്ലാം കൊന്നു തിന്നുന്നതും, മാലിന്യ കൂമ്പാരങ്ങളില്‍നിന്നും ആളുകള്‍ ഭക്ഷണം തിരയുന്നതുമായ ചിത്രങ്ങളും, വാര്‍ത്തകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. വല്ലപ്പോഴും ഹെലികോപ്റ്ററുകള്‍ എറിഞ്ഞു കൊടുക്കുന്ന ഭക്ഷണപൊതികളാണ് ഈ ജീവിതങ്ങളെ പിടിച്ചു നിര്‍ത്തുന്നത്.

 

സിറിയന്‍ സൈന്യവും, വിമതരും, ഭീകരരും സ്ഥാപിക്കുന്ന ബോംബുകള്‍ പൊട്ടി ഏതു നിമിഷവും ജീവന്‍ നഷ്ടപ്പെട്ടേക്കാം, അല്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കാം. ഇതിലേതെങ്കിലും ഒന്ന് സംഭവിക്കാമെന്നാണ് സിറിയക്കാരായ ഈ ജനതയുടെ ഇപ്പോഴത്തെ അവസ്ഥ.

 

പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ അനുയായികള്‍ , ഇദ്ദേഹത്തെ എതിര്‍ക്കുന്ന വിമതര്‍ , ഐ.എസ്. ഭീകരര്‍ ‍, ഇവര്‍ പരസ്പരം ചേരി തിരിഞ്ഞ് ആയുധങ്ങള്‍ തൊടുക്കുമ്പോള്‍ നിസ്സഹായരായി മരണത്തിന്റെ താഴ്വരയിലാണ് ഇപ്പോള്‍ സിറിയക്കാര്‍ .

About Author