പരസ്പരം പ്രാര്‍ത്ഥിക്കാം

പരസ്പരം പ്രാര്‍ത്ഥിക്കാം

പരസ്പരം പ്രാര്‍ത്ഥിക്കാം
മനുഷ്യര്‍ പ്രശ്നങ്ങളുടെ മദ്ധ്യത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് തുണയും ആശ്രയവും പലപ്പോഴും മരീചികയായി തോന്നുന്നു. അവസാന കച്ചിത്തുരുമ്പിനായി അവര്‍ ശ്രമിക്കുന്നു. അവിടെ പ്രാര്‍ത്ഥന ആവശ്യമാണ്.

 

രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മനിയില്‍ നടന്നഒരു സംഭവം പറയാം. ഹിറ്റ്ലറുടെ സൈന്യത്തിലെ ഒരു പട്ടാളക്കാരന്‍ നിരീശ്വരവാദി ആയിരുന്നു. തനിക്ക് ശത്രുക്കളുടെ ആക്രമണത്തില്‍ മുറിവേറ്റ് ആഴ്ചകളോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. തന്റെ സ്ഥലവാസിയായ ഒരു പുരോഹിതന്‍ മുറിവേറ്റ പട്ടാളക്കാരന്റെ അടുക്കല്‍വന്ന് പ്രാര്‍ത്ഥിക്കുകയുണ്ടായി. പട്ടാളക്കാരന് വിശ്വാസം വന്നില്ല. അദ്ദേഹം പ്രാര്‍ത്ഥന നിരസിക്കുകയുണ്ടായി.

 

പിന്നീട് ബന്ധുവായ ഒരു സ്നേഹിതന്‍ വന്ന് പ്രാര്‍ത്ഥിച്ചു. പട്ടാ‍ളക്കാരന്‍ അദ്ദേഹത്തെ പരിഹസിച്ചു വിട്ടു. എന്നാല്‍ മുറിവേറ്റവരെ സന്ദര്‍ശിക്കുന്നതിനായി കടന്നുവന്ന ഒരു മിഷന്‍ടീമിലെ അംഗമായ സ്ത്രീ ഈ പട്ടാളക്കാരനുവേണ്ടി നിലവിളിച്ചു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനകേട്ട പട്ടാളക്കാരന് അനുതാപമുണ്ടായി. അദ്ദേഹം മിഷന്‍സംഘത്തോട് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. പൊടുന്നനവെ യേശുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചു.

 
ഇതേപോലെ അനേകം പട്ടാളക്കാര്‍ നമ്മുടെ രാജ്യത്ത് ഉണ്ടായിരിക്കാം. പലരും നിരീശ്വരവാദികളും ദൈവത്തെ അംഗീകരിക്കാന്‍ തയ്യാറാകാത്തവരുമാണ്. എങ്കിലും അവരും പ്രശ്നങ്ങളുടെ നടുവിലാണ് കഴിയുന്നത്. തങ്ങളുടെ ചിന്താഗതികളും ഇസങ്ങളുമൊക്കെ അവര്‍ മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു.

 

ഒടുവില്‍ ജീവിതത്തില്‍ പ്രതിസന്ധികളും ദുരിതങ്ങളും വരുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുന്നു. ഇവര്‍ക്ക് സാമ്പത്തിക സഹായമോ മറ്റുള്ളവരുടെ സഹായങ്ങളോ പോരാതെ വരുന്നു. അവരുടെ മനസ്സിന് ആശ്വാസവും സന്തോഷവും തൃപ്തിയും ഇല്ലാതെ വരുന്നു.

 

പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ ആ വ്യക്തിയുടെ മനോനില പൂര്‍ണ്ണമായും മനസ്സിലാക്കി തന്റെ സ്വന്തം വിഷയംപോലെ കണക്കാക്കി പ്രാര്‍ത്ഥിക്കുമ്പോഴാണ് ദൈവം കൂടുതല്‍ പ്രസാദിക്കുന്നത്. ഇതു മറ്റേവ്യക്തിക്ക് കൂടുതല്‍ മനസ്സലിവും ചിന്താശക്തിയും ഉണ്ടാക്കുന്നു.

 

അപ്പോള്‍ ആ വ്യക്തിക്ക് തന്റെ തെറ്റുകളും പാപങ്ങളും ഓര്‍ക്കുവാന്‍ കഴിയുന്നു. ഹൃദയത്തില്‍ തട്ടുന്ന ആശ്വാസവചനങ്ങളാണ് ഒരു വ്യക്തിയെ രൂപാന്തരപ്പെടുത്തുന്നത്. ഇത് ലോകമനുഷ്യരില്‍ നിന്നും പ്രതീഷിക്കണ്ട.

 
ദൈവത്തെ യഥാര്‍ത്ഥമായി കണ്ടുമുട്ടി ദൈവത്തിന്റെ കൃപയും ശക്തിയും പരിജ്ഞാവും പ്രാപിച്ച ഒരു വ്യക്തിക്കുമാത്രമേ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനോ അവരെ ആശ്വസിപ്പിക്കുവാനോ കഴിയുകയുള്ളൂ. ദൈവമക്കളായ ക്രൈസ്തവര്‍ ദൈവത്താല്‍ ഒരു വരം സ്വീകരിക്കപ്പെട്ടവരാണ്. അത് പ്രാര്‍ത്ഥന എന്ന വരമാണ്.

 

പ്രാര്‍ത്ഥന ആ വ്യക്തിക്കും മറ്റുള്ളവര്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്നു. പ്രാര്‍ത്ഥന ഇല്ലാതെ നമുക്കാര്‍ക്കും ഈ ലോകത്ത് ജീവിക്കാന്‍ സാധ്യമല്ല. യേശുപോലും തന്റെ പരസ്യശുശ്രൂഷാ കാലയളവില്‍ തന്റെ പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. നമ്മില്‍ നിന്നും ഒരു പക്ഷേ മറ്റുള്ളവര്‍ നല്ല ആശ്വാസ വാക്കുകള്‍ പ്രതീക്ഷിക്കുന്നുണ്ടായിരിക്കാം.

 

നമ്മുടെ ആയുധമായ പ്രാര്‍ത്ഥനയുടെ ശക്തി മറ്റുള്ളവര്‍ക്ക് രഹസ്യമായെങ്കിലും അനുഭവിക്കാന്‍ വെമ്പല്‍കൊള്ളുന്നുണ്ടായിരിക്കാം. ദിവസവും പ്രാര്‍ത്ഥിക്കുമ്പോള്‍ നാം മറ്റുള്ളവരെക്കൂടി ഓര്‍ക്കുന്നത് നമ്മുടെ അനുഗ്രഹത്തിനും കാരണമാകും. ഇയ്യോബ് തന്റെ ദുരിതഅവസ്ഥയിലായിരുന്നിട്ടും തന്റെ സ്നേഹിതന്‍മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി.

 

ഒടുവില്‍ ഇയ്യോബിന് വിടുതലും അനുഗ്രഹവും ഉണ്ടായി. ഇത് നാം പ്രത്യേകം ഓര്‍ക്കുന്നത് നന്നായിരിക്കും. പ്രിയരേ നമുക്ക് ലോകത്ത് മറ്റുള്ളവര്‍ക്കുവേണ്ടി പങ്കുവെയ്ക്കാന്‍ കഴിയുന്ന ഏകസ്വത്താണ് പ്രാര്‍ത്ഥന. അത് നമുക്ക് ആത്മാര്‍ത്ഥമായി വിനിയോഗിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഷാജി. എസ്.

Categories: Breaking News, Editorials

About Author