ദൈവവചനം സ്വര്‍ഗ്ഗീയ വിത്ത്

ദൈവവചനം സ്വര്‍ഗ്ഗീയ വിത്ത്

ദൈവവചനം സ്വര്‍ഗ്ഗീയ വിത്ത്
ലോകത്തിന്റെ മുഖച്ഛായ മാറ്റിയത് സുവിശേഷമാണ്. കര്‍ത്താവിന്റെ സുവിശേഷം കോടിക്കണക്കിനു ജനങ്ങളെയാണ് 2000 വര്‍ഷങ്ങള്‍ക്കിടെ രൂപാന്തിരപ്പെടുത്തിയത്. യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലയളവില്‍ രോഗികള്‍ ‍, ഭൂതഗ്രസ്ഥര്‍ ‍, വ്യാധിക്കാര്‍ മുതലായ അനേകായിരങ്ങള്‍ സൌഖ്യവും വിടുതലും പ്രാപിക്കുവാനിടയായി.

 

അതുപോലെ വിശന്നവര്‍ക്ക് ആഹാരവും, ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസവും അവനില്‍നിന്ന് ലഭിക്കുവാനിടയായി. മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും പാപികള്‍ മാനസാന്തരപ്പെടുകയും ചെയ്തു.

 
മേല്‍ വിവിരിച്ച അത്ഭുത പ്രവര്‍ത്തികള്‍ പാരമ്പര്യ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇപ്പോള്‍ അത്ര വലിയ കാര്യമായി തോന്നുകയില്ലായിരിക്കാം. അത് ശരിതന്നെ. എന്നാല്‍ നമ്മുടെ ഇടയില്‍ത്തന്നെ ഈ അത്ഭുത പ്രവര്‍ത്തികള്‍ ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലാത്ത എത്രയോ പേര്‍ ജീവിക്കുന്നുണ്ട്.

 

അവരും ഇതൊക്കെ അറിയേണ്ടതല്ലേ? നമ്മെ രൂപാന്തിരപ്പെടുത്തിയത് ദൈവവചനം തന്നെയാണെന്ന് നാം സമ്മതിക്കുന്നു. അതുപോലെ നാം അറിയുന്ന, നാം ദിവസവും കാണുന്ന അനേക പ്രിയപ്പെട്ടവര്‍ക്ക് ഇതൊക്കെ ഇന്നും അന്യം തന്നെയല്ലേ? ഇന്നത്തെ സുവിശേഷ പ്രചാരണങ്ങളും, പ്രസംഗങ്ങളും പെന്തക്കോസ്തുകാരെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന് പലപ്പോഴും തോന്നിപ്പോകുന്നു. കാരണം എല്ലാത്തിനും കേള്‍വിക്കാരും പങ്കാളികളും ദൈവസഭയിലെ അംഗങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു എന്നതാണ് വസ്തുത.

 
സുവിശേഷത്തിന്റെ വിത്തുകള്‍ വിതയ്ക്കുമ്പോള്‍ അതിനുവേണ്ട പ്രതികരണം നല്‍കുന്നില്ല എന്ന മുന്‍വിധിയോടുകൂടിയ ചിന്തകളാണ് പലരേയും ഭരിക്കുന്നത്. അതുകൊണ്ട് പത്തുപേര്‍ കൂടണം, അവര്‍ കേള്‍ക്കണം എന്ന് മാത്രമായിരിക്കുന്നു ചിന്ത. വാഹന സൌകര്യങ്ങള്‍ ഉള്ളപ്പോള്‍ പത്തിന് ഇന്ന് ആയിരം പേരും കാണും. എല്ലാം ശരിയായിരിക്കാം. പക്ഷേ കേള്‍ക്കേണ്ടവര്‍ വരുന്നുണ്ടോ? അവര്‍ കേള്‍ക്കുന്നുണ്ടോ? ഇത് ആഴമായി ചിന്തിക്കുന്നത് നന്ന്.

 

ഇന്ന് പോയി പ്രസംഗിക്കേണ്ടുന്നതിനു പകരം പലരും വരുത്തി പ്രസംഗിക്കുകയാണ് ചെയ്തു വരുന്നത്. യേശു ധാരാളം സ്ഥലങ്ങളില്‍ യാത്ര ചെയ്താണ് ശുശ്രൂഷകള്‍ നിര്‍വ്വഹിച്ചത്. അതുകൊണ്ട് അനേകം ആളുകളെ യേശുവിന് സന്ദര്‍ശിക്കുവാനും യേശുവിനെ അനേകര്‍ക്ക് കാണുവാനും ഇടയായി. ആദിമ അപ്പോസ്തോലന്മാരും അപ്രകാരം തന്നെയാണ് ചെയ്തു പോന്നത്.

 

അവര്‍ സ്ഥാപിച്ച സഭകളില്‍നിന്നും സുവിശേഷം കേട്ടിട്ടുപോലുമില്ലാത്ത പല സ്ഥലങ്ങളിലേക്ക് അവര്‍ യാത്ര ചെയ്തു. രാജ്യങ്ങള്‍ക്ക് വെളിയില്‍വരെയും വ്യാപിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

 
പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനാല്‍ ഫിലിപ്പോസ് നിര്‍ജ്ജനമായ വഴിയിലേക്ക് പോയപ്പോള്‍ എത്യോപ്യക്കാരന്‍ ഷണ്ഡനെ കണ്ടതുകൊണ്ട് അവനോട് സുവിശേഷം പങ്കുവെച്ചതിനാല്‍ ആഫ്രിക്കയില്‍ സുവിശേഷത്തിന്റെ ആദ്യ വിത്ത് മുളയ്ക്കുവാനിടയായിത്തീര്‍ന്നു. ഇന്നും ലോകത്ത് ദൈവത്തിന്റെ ഈ അത്ഭുത പ്രവര്‍ത്തി തലമുറകളിലൂടെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

 
ദൈവവചനം സ്വര്‍ഗ്ഗീയ വിത്താണ്. അത് ജീവനുള്ളതാണ്. അത് മുളയ്ക്കുന്നതും തളിര്‍ത്ത് വലുതാകുന്നതും ദൈവീക പ്രവര്‍ത്തിയാണ്. ഇന്ന് അക്രൈസ്തവ രാജ്യങ്ങളിലും സമൂഹങ്ങളിലും വളരെ പ്രതികൂല സ്ഥിതിയിലാണെങ്കിലും സുവിശേഷ വിത്ത് വിതയ്ക്കുന്നത് മുളച്ചു വരുന്നു.

 

നാം ഇന്ന് വിതയ്ക്കുന്ന വിത്ത് പിന്നീട് നാം തന്നെ കൊയ്യും. അതല്ലെങ്കില്‍ ദൈവം മറ്റൊരാളെ അതിന് നിയോഗിക്കും. അതുകൊണ്ട് ദൈവവചനമാകുന്ന വിത്ത് വിതയ്ക്കേണ്ടുന്ന സ്ഥലത്ത് തന്നെ വിതയ്ക്കുക. ഇന്നല്ലെങ്കില്‍ നാളെ നൂറുമേനി വിളവു കൊയ്യാന്‍ ദൈവം സഹിയിക്കും.
ഷാജി. എസ്.

Categories: Breaking News, Editorials

About Author