അധഃപതിക്കുന്ന ലോകം

അധഃപതിക്കുന്ന ലോകം

അധഃപതിക്കുന്ന ലോകം
നമ്മുടെ നാട്ടില്‍ കൊലയും കൊള്ളിവെയ്പും അക്രമങ്ങളും പുത്തരിയല്ല. സദാചാരവിരുദ്ധതയും അഴിമതിയും പുതുമയുള്ള കാര്യങ്ങളല്ല. എല്ലാറ്റിനും അനേക വര്‍ഷത്തെ പാരമ്പര്യമുണ്ട്.

 

ഇതിനു പിന്നില്‍ വന്‍ സംഘങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യ-രഹസ്യ പിന്‍തുണയുമുണ്ടെന്ന് ഏവര്‍ക്കും അറിവുള്ളതുമാണ്. പലതെറ്റുകുറ്റങ്ങളും ചെയ്ത് ‘നല്ല നിലയില്‍ ‍’ ആയതിനുശേഷം പിന്നീട് ഇതില്‍ പലതും പുറത്തു വരുന്ന വാര്‍ത്തകളാണ് ഈ അടുത്ത കാലത്ത് കേരളത്തില്‍ കേട്ടുവരുന്നത്.

 

ഇതില്‍ മുന്‍പ് കേസെടുത്തതും ‘മതിയായ തെളിവുകളുടെ’ അഭാവത്താല്‍ എഴുതിത്തള്ളിയ കേസുകളും, പല കേസുകള്‍ക്കും പ്രതികളായി അപരന്മാര്‍ രംഗത്തുവന്നു ശിക്ഷ ഏറ്റുവാങ്ങിയതുമൊക്കെ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. എല്ലാ സംഭവങ്ങളുടെയും പിന്നില്‍ ഒരു യഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ട്, ഒരു നാള്‍ പിടിക്കപ്പെടുമെന്നുള്ള സത്യം.

 
കൊലപാതകങ്ങളും അക്രമങ്ങളും നടത്തി നാടിനെ വിറപ്പിച്ചിരുന്ന പലരും ഇന്ന് മണ്ണില്‍ അലിഞ്ഞുചേര്‍ന്നു കിടക്കുന്നു. പല കുപ്രസിദ്ധ വീര കഥകളുടെയും നായകന്മാര്‍ തകര്‍ന്നു തരിപ്പണമായി ചരിത്രത്തില്‍ സ്ഥാനമില്ലാതെ പോയതും കാലം നമ്മെ ഓര്‍പ്പിക്കുന്നു.

 

ഇന്നു നമ്മള്‍ ചെയ്യുന്ന നന്മകളായാലും തിന്മകളായാലും അതിന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നു. തിന്മകള്‍ക്കു പിന്നില്‍ സാത്താന്‍ വീര്യത്തോടെ മനുഷ്യനെ സഹായിക്കുന്നു. എന്തു തിന്മകള്‍ ചെയ്താലും പരാജയപ്പെടുന്നില്ല. എന്തു അകൃത്യങ്ങളും പാപങ്ങളും ചെയ്തുകൂട്ടിയാലും അതിനു തടസ്സം ഉണ്ടാകുന്നില്ല. കാരണം സാത്താനാണ് ഇതിനു പിന്നില്‍ ‍.

 

ഇതെല്ലാം ദൈവം കാണുന്നില്ല എന്നു വിചാരിക്കുന്നവരുമുണ്ട്. അങ്ങനെ വിചാരിക്കുന്നവര്‍ മൂഢന്മാരാണ്. മനുഷ്യന്‍ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും ശിക്ഷാവിധിയുണ്ട്. ലോകത്ത് നടക്കുന്ന ഒട്ടുമിക്ക ക്രൂരകൃത്യങ്ങളും പിടിക്കപ്പെടുന്നു. ചിലത് കുറേക്കാലം മൂടിവെക്കുന്നു എന്നുമാത്രം. എന്നാല്‍ ഈ മൂടിവെയ്പ് അധികകാലം നിലനില്‍ക്കുന്നില്ല എന്നതിനു തെളിവാണ് മാധ്യമങ്ങളിലൂടെ വെളിപ്പെട്ടുവരുന്ന വാര്‍ത്തകള്‍ ‍.

 

മുകളില്‍ എല്ലാം കാണുകയും ന്യായംവിധിക്കുകയും ചെയ്യുന്ന ഒരു ദൈവം ഉണ്ടെന്നുള്ളതിനു ഏറ്റവും വിശ്വാസ്യതയുള്ള തെളിവുകളാണ് പല തെറ്റുകളുടെയും, അകൃത്യങ്ങളുടെയും വെളിപ്പെടുത്തല്‍ ‍. ഈ അവസരത്തില്‍ ദൈവമക്കളായ നാം ദൈവവചനത്തിനു നമ്മുടെ ഹൃദയത്തില്‍ സ്ഥാനം കൊടുക്കണം. നമ്മള്‍ തെറ്റുകളേയും പാപത്തേയും വെറുക്കണം. അതിനോട് സന്ധിയില്ലാത്ത സമരം ചെയ്യേണം.

 

സങ്കീര്‍ത്തനക്കാരനായ ദാവീദ് ഹൃദയത്തിലെടുത്ത തീരുമാനത്തിലൊന്ന് ഇപ്രകാരമാണ് ” ഞാന്‍ ഒരു നീചകാര്യം എന്റെ കണ്ണിനു മുമ്പില്‍ വെയ്ക്കുകയില്ല, ക്രമം കെട്ടവരുടെ പ്രവര്‍ത്തി ഞാന്‍ വെറുക്കുന്നു, അത് എന്നോട് പറ്റിച്ചേരുകയില്ല” (സങ്കീ.101:3) ഈ തീരുമാനം ഓരോ ദൈവ പൈതലിനും ഉണ്ടാകട്ടെ.
ലോകപ്രകാരം ജീവിക്കുന്ന ഒരു വ്യക്തിക്ക് പാപത്തെയും നീതിയെക്കുറിച്ചും വിചാരമുണ്ടായിരിക്കില്ല. എന്നാല്‍ ഈ നാട്ടിലെ നീതിപീഠം അവര്‍ക്കു ശിക്ഷ നല്‍കുന്നു. എന്നാല്‍ ദൈവമക്കളെന്നു അവകാശപ്പെടുന്ന ക്രൈസ്തവര്‍ക്ക് ലോകത്തിന്റെ ശിക്ഷയും ദൈവീക ശിക്ഷയും ഒരുപോലെ ഉണ്ടാകും. അതായത് ദൈവവചനം അറിഞ്ഞിട്ട് അറിയാത്തവരേപ്പോലെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അടി ഉറപ്പ്.

 

ദൈവം നമ്മോട് ക്ഷമിക്കുകയില്ല. കേസും കോടതിയും ജയിലറകളും ഇവ അവിശ്വാസികള്‍ക്കായി തുറന്നിരിക്കുമ്പോള്‍ ദൈവമക്കള്‍ക്കുംകൂടി ഇതില്‍ പങ്കാളിത്തം ലഭിക്കുന്നുവെന്ന കാലം വരുമെന്നു ചിന്തിക്കാനേ കഴിയുന്നില്ല. കൂടുതല്‍ ജാഗ്രതയോടെ നമുക്കു ജീവിക്കാം.
ഷാജി. എസ്.

Categories: Breaking News, Editorials

About Author