ആന്തരിക പരിവര്‍ത്തനം ആവശ്യം

ആന്തരിക പരിവര്‍ത്തനം ആവശ്യം

ആന്തരിക പരിവര്‍ത്തനം ആവശ്യം
ക്രൈസ്തവ ജീവിതം ഇന്ന് പല രീതിയിലും തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നാമധേയ ക്രൈസ്തവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കര്‍മ്മാനുഷ്ഠാനങ്ങളിലാണ്. അവര്‍ ശുശ്രൂഷകളേക്കാളും ജീവിതത്തേക്കാളും കര്‍മ്മങ്ങള്‍ക്കാണ്് പ്രാധാന്യം നല്‍കുന്നത്. നിലവിളക്ക്, മെഴുകുതിരി, കുരിശു വരയ്ക്കല്‍ പഴയനിയമ ശുശ്രൂഷകളിലെ ആചാര വസ്ത്രങ്ങള്‍ ‍, കര്‍മ്മങ്ങളിലധിഷ്ഠിതമായ ബാഹ്യമായ പ്രകടങ്ങള്‍ ‍, എന്നിവ നാമധേയ ക്രൈസ്തവര്‍ ആചരിച്ചു വരുന്നു.

 

എന്നാല്‍ പുതിയ നിയമ വ്യവസ്ഥ പ്രകാരം തിരുവചനത്തില്‍ പറയുന്ന പ്രധാന കര്‍മ്മങ്ങളായി, പുതിയ നിയമ സഭയ്ക്കു കര്‍ത്താവു നല്‍കിയിരിക്കുന്നത് ഒന്ന് സ്നാനവും രണ്ടാമത്തേത് കര്‍തൃമേശയുമാണ്. ആത്മീകമായി ആരാധിക്കണമെന്നുമാണ് കര്‍ത്താവ് പറഞ്ഞിരിക്കുന്നത്. ബാഹ്യമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മനുഷ്യന്‍ എന്നും പ്രാധന്യം കല്പിക്കുന്നുണ്ട്.

 

എന്നാല്‍ അവയുടെ അന്തസത്ത ഉള്‍ക്കൊണ്ട് ആന്തരികമായ പരിവര്‍ത്തനത്തിനു വിധേയരാകുവാന്‍ അവര്‍ തയ്യാറാകുന്നില്ല. അത്യുന്നതനായ ദൈവം തനിക്കായി ഒരു ജനതയെ വാര്‍ത്തെടുക്കുവാന്‍ അബ്രഹാമിനെ വിളിച്ചു വേര്‍തിരിച്ചു.

 

ദൈവവുമായുള്ള ഉടമ്പടിയുടെ അടയാളമായി 99 വയസ്സുകാരനായ അബ്രഹാമും വീട്ടിലുണ്ടായിരുന്ന പുരുഷന്മാരൊക്കെയും പരിച്ഛേദനയേറ്റു. മാത്രമല്ല ദൈവത്തിന്റെ നിയമം അവരുടെ ശരീരത്തില്‍ നിത്യ നിയമമായിരിക്കേണ്ടതിന് തലമുറതലമുറയായി അവരുടെ എല്ലാ ആണ്‍കുഞ്ഞുങ്ങളും എട്ടു ദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദനയേല്‍ക്കണമെന്ന് ദൈവം കല്‍പ്പിച്ചു. നിന്റെ എല്ലാ തലമുറയിലും, നിന്റെ ഭവനത്തില്‍ ജനിച്ചവരും, നിന്റെ സന്തതിയില്‍ പെടാത്തവരും, അന്യരോട് വിലയ്ക്കു വാങ്ങിയവരും, എട്ടു ദിവസം പ്രായമായ ആണ്‍കുട്ടികള്‍ എല്ലാം പരിച്ഛേദന ഏല്‍ക്കണം.

 

നിന്റെ ഭവനത്തില്‍ ജനിച്ചവനായിരുന്നാലും പരിച്ഛേദന ഏല്‍ക്കേണ്ടതാണ്. എന്റെ ഉടമ്പടി നിങ്ങളുടെ ശരീരത്തില്‍ നിത്യമായ ഉടമ്പടി ആയിരിക്കണം. (ഉല്പ: 17:12,13)
ഈ നിയമം അവര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കി. ദൈവത്തിന്റെ അടയാളം പേറുന്നവരാണെങ്കിലും അവര്‍ ആ അടയാളം പേറികൊണ്ടു തന്നെ അന്യ ദൈവങ്ങളെ ആരാധിച്ചു. ദൈവം അവരെ ശിക്ഷിച്ചു.

 

ശിക്ഷണങ്ങളിലൂടെ നടത്തിയപ്പോഴും പരിച്ഛേദനയുടെ നിയമം മാറ്റമില്ലാതെ പാലിക്കപ്പട്ടു. പെന്തെക്കോസത് പെരുന്നാളിനു ശേഷം പരിശുദ്ധാത്മ നിറവിലും ശക്തിയിലും ശിഷ്യന്മാരുടെ ഇടയില്‍ വന്‍പരിവര്‍ത്തനം തന്നെ ഉണ്ടാക്കി. അതുകൊണ്ടാണ് പരിച്ഛേദനയേല്‍ക്കുന്നതോ പരിച്ഛേദന ഏല്‍ക്കാത്തതോ അല്ല പ്രധാനം പുതിയ സൃഷ്ടിയാകുകയാണ് അത്യന്താപേക്ഷിതം എന്ന് പൌലോസ് അപ്പോസ്തോലനില്‍ കൂടി പരിശുദ്ധാത്മാവ് വ്യക്തമാക്കുന്നത്. (ഗലാ: 6:15) ബാഹ്യമായ ചടങ്ങുകളേക്കാളും അടയാളങ്ങളെക്കാളും ആന്തരികമായ പരിവര്‍ത്തനമാണ് ആവശ്യമായിരിക്കുന്നതെന്ന് അപ്പോസ്തോലനില്‍ കൂടി ദൈവം വ്യക്തമാക്കുന്നു.

 

പരിശുദ്ധാത്മാവ് തരുന്ന ആന്തരിക പരിവര്‍ത്തനമാണ് ഒരു വ്യക്തിയെ പുതുതായി സൃഷ്ടിക്കുന്നത്. ഇതാണ് ദൈവജനം അംഗീകരിക്കേണ്ടത്.
ഷാജി. എസ്.

About Author