യേശുവിന്റെ നസ്രേത്തിലെ വീട് കണ്ടെത്തിയെന്ന് ഗവേഷകര്‍

യേശുവിന്റെ നസ്രേത്തിലെ വീട് കണ്ടെത്തിയെന്ന് ഗവേഷകര്‍

യേശുവിന്റെ നസ്രേത്തിലെ വീട് കണ്ടെത്തിയെന്ന് ഗവേഷകര്‍
യരുശലേം: യേശുക്രിസ്തു ബാലനായിരുന്നപ്പോള്‍ താമസിച്ചിരുന്ന നസ്രേത്തിലെ വീട് കണ്ടെത്തിയതായി ഗവേഷക സംഘം. എ.ഡി. 670-ല്‍ ഐറിഷ് സന്യാസി ആബോട്ട് ആഡം നാം എഴുതിയ യാത്രാ വിവരണത്തിന്റെ സഹായത്തോടെയാണ് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ പ്രൊഫ. കെന്‍ ഡാര്‍ക്കിന്റെ നേതൃത്വത്തിലുള്ള സംഘം വീട് കണ്ടെത്തിയത്.

 

ഫ്രാങ്കിഷ് മെത്രാനായിരുന്ന ആര്‍ ‍. കള്‍ഫിന്റെ യരുശലേം സന്ദര്‍ശനം അടിസ്ഥാനമാക്കിയാണ് യാത്രാ വിവരണം തയ്യാറാക്കിയത്. രണ്ട് ശവകുടീരങ്ങള്‍ക്കു മദ്ധ്യേ ഒരു പള്ളിയുടെ അടിയിലാണ് യേശുവിന്റെ നസ്രേത്തിലെ വീടെന്നാണ് യാത്രാ കുറിപ്പിലുള്ളത്. മെത്രാന്‍ സഞ്ചരിച്ചിരുന്ന പാതയെക്കുറിച്ചുള്ള വിവരവും അതിലുണ്ടായിരുന്നു.

 

ഈ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് വീട് കണ്ടെത്തിയതെന്നും പ്രൊഫ. കെന്‍ അറിയിച്ചു. 12-ാം നൂറ്റാണ്ടില്‍ ഈ മേഖലകളിലെ ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു.

 

എന്നാല്‍ ആദ്യ നൂറ്റാണ്ടിലെ നിര്‍മ്മാണ വിദ്യ നസ്രേത്തിലെ വീട് തിരിച്ചറിയുവാന്‍ ഏറെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യ നൂറ്റാണ്ടുകളിലെ യഹൂദാ ഭവനങ്ങളുടെ മാതൃകയിലാണ് നസ്രേത്തിലെ വീട് നിര്‍മ്മിച്ചിരുന്നത്. കുമ്മായവും ചുണ്ണാമ്പു കല്ലുകളും ചേര്‍ത്തു നിര്‍മ്മിച്ച വീടാണ് ക്രിസ്തുവിന്റേതായി ഗവേഷകര്‍ കരുതുന്നത്.

 

സിസ്റ്റേഴ്സ് നസ്രേത്ത് കോണ്‍വെന്റ് മന്ദിരത്തിന് അടിയിലാണ് ക്രിസ്തുവിന്റെ വീടെന്നു കരുതുന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്. 2009-ല്‍ ഇസ്രായേല്‍ ഗവേഷകര്‍ ക്രിസ്തുവിന്റേതെന്നു കരുതുന്ന ഭവനം കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇതിന് സ്ഥിരീകരണം നല്‍കിയില്ല. ഇപ്പോള്‍ കണ്ടെത്തിയ വീട് സംബന്ധിച്ചും ക്രൈസ്തവ ചരിത്രകാരന്മാര്‍ക്കിടെ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നുണ്ട്.

About Author