ജാര്‍ഖണ്ഡില്‍ സമ്പന്ന ഭിക്ഷാടകന്‍ ‍; മാസ വരുമാനം 30,000 രൂപ

Breaking News India

ജാര്‍ഖണ്ഡില്‍ സമ്പന്ന ഭിക്ഷാടകന്‍ ‍; മാസ വരുമാനം 30,000 രൂപ
സിംദേഗ: ഇന്ത്യയില്‍ പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലുമൊക്കെ കാണുന്ന പതിവു കാഴ്ചകളാണ് ഭാക്ഷാടകര്‍ ‍. ശാരീരിക വൈകല്യങ്ങള്‍ മൂലം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്തവരായവരും, ബലഹീനരെന്ന് അഭിനയിച്ചു കാണിച്ച് ഭിക്ഷാടകരായി സേവനം ചെയ്യുന്നവരുമൊക്കെ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്.

 

എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകളും സ്റ്റാറ്റസിനനുസരിച്ചു നല്‍കുന്ന നോട്ടുകളുമൊക്കെ ഭിക്ഷാടകരെ ഒരര്‍ത്ഥത്തില്‍ സമ്പന്നരാക്കുകയാണെന്നുള്ള കാര്യം ഒരു പക്ഷേ ആരും ചിന്തിച്ചു എന്നു വരികയില്ല. കാലത്ത് ഇറങ്ങി ‘ഭിക്ഷാടന ഡ്യൂട്ടി’ ആരംഭിച്ച് രാത്രിവരെ സമ്പാദിക്കുന്ന പണത്തിനു ആരും കണക്കുകള്‍ ചോദിക്കുന്നില്ല എന്നതാണ് വസ്തുത. എന്നാല്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തുനിന്നുള്ള ഒരു വാര്‍ത്ത പല ഭിക്ഷാടകരുടെയും സാമ്പത്തിക നിലവാരം എത്രത്തോളമുണ്ടെന്ന് വരച്ചു കാട്ടുകയാണ് ചില മാദ്ധ്യമങ്ങള്‍ ‍.

 

ജാര്‍ഖണ്ഡിലെ ചക്രധര്‍പൂര്‍ റയില്‍വേസ്റ്റേഷനിലെ പതിവു ഭിക്ഷാടകനാണ് ചോട്ടു ബാറൈക് (40) എന്ന വികലാംഗന്‍ ‍. ജന്മനാ കാലുകള്‍ക്ക് വൈകല്യമുള്ള ചോട്ടു റെയില്‍വേസ്റ്റേഷന്‍ പരിസരങ്ങളിലും ട്രെയിനുകളിലും കഴുത്തില്‍ തൂക്കിയിട്ട ഒരു ബാഗുമായി ഇഴഞ്ഞുനീങ്ങി സംസാരിച്ചുകൊണ്ട് ശേഖരിക്കുന്നത് ദിവസവും വലിയൊരു തുകയാണ്. ഭിക്ഷാടന സമയത്ത് ചോട്ടു പരമ ദരിദ്രനാണെങ്കിലും ഇയാള്‍ ദിവസവും ശരാശരി 1000 രൂപാ മുതല്‍ 1200 വരെ സമ്പാദിക്കുന്നുവെന്നാണ് വാര്‍ത്ത.

 

പോട്ട്ക ഗ്രാമത്തിലെ താമസക്കാരനായ ചോട്ടുവിനു 3 ഭാര്യമാരുണ്ട്. ആ വകയില്‍ കുട്ടികളും. ഭിക്ഷാടനം കൂടാതെ ഇയാള്‍ക്ക് ചില സൈഡ് ബിസിനസുകളുമുണ്ട്. ബണ്ടി ഗ്രാമത്തില്‍ പാത്രക്കട ബിസിനസുണ്ട്. ഇയാളുടെ 3 ഭാര്യമാരില്‍ ഒരാള്‍ക്കാണ് കടയുടെ ചുമതല. കൂടാതെ ട്രെയിനില്‍ പത്രങ്ങള്‍ വില്‍ക്കുന്ന ബിസിനസുകൂടിയുണ്ട്. എല്ലാ മാസവും ചോട്ടു ഭാര്യമാര്‍ക്ക് തന്റെ സമ്പാദ്യം വീതം വെച്ചു നല്‍കാറുണ്ട്.

 

ചോട്ടുവിന്റെ മാസ വരുമാനം യഥാര്‍ത്ഥത്തില്‍ കൃത്യമായി നിര്‍ണ്ണയിക്കാനും സാദ്ധ്യമല്ല. ചോട്ടുവിനെപ്പോലെതന്നെയാണ് നമ്മുടെ നാട്ടില്‍ വന്നു ചാടുന്ന ഭിക്ഷക്കാരില്‍ നല്ലൊരു പങ്കും. നിത്യ വരുമാനം തന്നെ ചിലര്‍ക്ക് ആയിരത്തില്‍ അധികം വരും. അഭിമാനികളായ മലയാളികള്‍ ഭിക്ഷാടകര്‍ക്ക് നാണയത്തുട്ടുകളാണ് നല്‍കിവന്നതെങ്കില്‍ ഇന്ന് കുറഞ്ഞത് 10 രൂപയെങ്കിലും നല്‍കും.

 

വീടുകള്‍ കയറി ഇറങ്ങി പെണ്‍കുട്ടികളെ കെട്ടിക്കണം, ഭര്‍ത്താവ് ക്യാന്‍സര്‍ രോഗി-അപകടം വന്നു ജോലി ചെയ്യാന്‍ കഴിയില്ല, നാട്ടില്‍ വെള്ളപ്പൊക്കം, വരള്‍ച്ച എന്നിങ്ങനെ തട്ടിവിട്ട് ബുക്കും പേനയുമായി പിരിവിനിറങ്ങുന്ന മാന്യന്മാരായ ഭിക്ഷാടകര്‍ക്ക് ചില വീട്ടില്‍നിന്നു ലഭിക്കുന്നത് കുറഞ്ഞത് 50, 100 രൂപാ നോട്ടുകളാണ്.

 

ഇങ്ങനെ രാവിലെ മുതല്‍ വൈകിട്ട് വരെ നൂറു വീടുകളാണോ ഇരുനൂറ്റമ്പതു വീടുകളാണോ ഇവര്‍ കയറി ഇറങ്ങുന്നത്. ഇങ്ങനെ കണക്കു കൂട്ടിയാല്‍ സന്ധ്യയ്ക്കു മുമ്പ് ഇത്തരക്കാരായ ഭിക്ഷാടകര്‍ക്ക് ലഭിക്കുന്ന തുക ഒന്നു ആലോചിച്ചു നോക്കിയേ.

Leave a Reply

Your email address will not be published.