PDF Print E-mail

 മൈക്കല്‍ ഫാരഡേ എന്ന പ്രഗല്‍ഭനായ ശാസ്ത്രജ്ഞന്റെ ജീവിതാന്ത്യനിമിഷങ്ങള്‍.

പാസ്റ്റര്‍ അജി ഡേവിഡ് വെട്ടിയാര്‍:       തന്റെ  മരണക്കിടക്കയില്‍ താന്‍ പ്രസന്നവദനനായിരുന്നു.   അടുത്തിരുന്ന തന്റെ ശിഷ്യന്മാര്‍ അദ്ദേഹത്തോട് ചോദിച്ചു : “അങ്ങ് ഈ സമയത്ത് എന്താണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത് “ അതു കേട്ട് അദ്ദേഹം :


“ചിന്തകളോ, ഞാന്‍ മറ്റൊന്നുമല്ല ചിന്തിച്ചുകൊണ്ടിരുന്നത്, ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു”. എന്നു മറുപടി നല്‍കി. ആധുനിക ലോകത്തിനു അനേകം കണ്ടുപിടുത്തങ്ങള്‍ സംഭാവനചെയ്ത ഭൌതിക രസത്നന്ത്ര ശാസ്ത്രജ്ഞനായ മൈക്കല്‍ ഫാരഡേ എന്ന ബ്രിട്ടീഷുകാരന് ജീവിതത്തില്‍ എപ്പോഴും തന്റെ സമയങ്ങള്‍ ഓരോന്നും വിലപ്പെട്ടതായിരുന്നു. പരീക്ഷണങ്ങള്‍, പഠനക്ലാസ്സുകള്‍, യാത്രകള്‍ എന്നിവ അദ്ദേഹത്തെ തളര്‍ത്തി ഒരിടത്തിരുത്തിയിരുന്നില്ല. തന്റെ ഭൌതിക നേട്ടങ്ങളുടെ നടുവിലും തന്റെ എല്ലാ കഴിവും പാണ്ഡിത്യവും തന്റെ മാത്രം മിടുക്കായി ഈ വലിയ വ്യക്തിത്വത്തിന്റെ ഉടമ അവകാശപ്പെട്ടിരുന്നില്ല. എല്ലാം യഹോവയായ ദൈവത്തിന്റെ കഴിവാണെന്ന് വിശ്വസിച്ചു യേശുക്രിസ്തുവിനെ ആഴമായി സ്നേഹിക്കുകയും പിന്തുടരുകയും ചെയ്തിരുന്നു. തന്റെ വലിയ ജീവിതത്തിരക്കിനിടയിലും പ്രത്യാശ ഉള്ളവനായി ജീവിച്ചു. അതാണ് തന്റെ അന്ത്യനിമിഷത്തിലും പ്രകടമായത്. ഫാരഡേ ആരെ വിശ്വസിക്കുന്നു എന്ന്  ഫാരഡേയ്ക്കു നന്നായി അറിയാം. മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെന്ന് ആ വലിയ മനുഷ്യന്‍ എന്നേ മനസ്സിലാക്കിയിരുന്നു. സ്വര്‍ഗ്ഗത്തില്‍ തനിയ്ക്കായി കര്‍ത്താവ് ഒരുക്കുന്ന ഭവനത്തിലേയ്ക്കു എത്തുവാനുള്ള ശുഭമുഹൂര്‍ത്തമായാണ് തന്റെ അന്ത്യ നിമിഷത്തെ ഫാരഡെ വ്യാഖ്യാനിച്ചത്.


 മായ ആയ ഈ ലോകത്ത് താന്‍ കണ്ടുപിടിച്ചതും, പ്രയത്നിച്ചതും, നേടിയതുമൊക്കെ അടിയറ വെച്ചിട്ട് ഒരു നിത്യ ജീവിതത്തിലേയ്ക്കു ഫാരഡേ കടന്നുപോയി. അനേക ദൈവദാസന്മാര്‍ക്കും, ദൈവവിശ്വാസികള്‍ക്കും സംഭവിച്ചതുപോലെ മൈക്കല്‍ ഫാരഡേ എന്ന ഈ മഹാത്യാഗിക്കും സംഭവിച്ചു.
തന്റെ ജീവിതത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ അനുഗമിച്ചത് യേശുവിനെ മാത്രമായിരുന്നു. അതുകൊണ്ട് തന്റെ അന്ത്യ നിമിഷത്തിലും മറ്റൊരു ചിന്തയ്ക്കോ അഭിപ്രായത്തിനോ ഫാരഡേ വശീകരിക്കപ്പെട്ടില്ല. എല്ലാ‍ ക്രൈസ്തവ വിശ്വാസികള്‍ക്കും ഇതൊരു നല്ല മാതൃകയായി പിന്‍പറ്റാവുന്നതാണ്.ഫാരഡേ ഉന്നതനായ ഒരു വ്യക്തിയായതുകൊണ്ടുമാത്രം അപ്രകാരം പ്രത്യാശ മുറുകെപിടിച്ചു എന്നതില്‍ അര്‍ത്ഥമില്ല. അതുതന്റെ വ്യക്തിപരമായ ജീവിതത്തിന്റെ നല്ല ഗുണവശം മാത്രമായി നാം അംഗീകരിക്കേ ണ്ടതായിട്ടുണ്ട്. ഒരു വ്യക്തിയെ ദൈവത്തോട് അടുപ്പിക്കുവാനുള്ള മാനദണ്ഡം പ്രശസ്തിയോ ധനപരമായ ഉയര്‍ച്ചയോ മാത്രമല്ല. ആ വ്യക്തിയുടെ ഹൃദയത്തിലുണ്ടാകുന്ന അമിതമായ വാജ്ചയാണ്. ദൈവത്തെക്കുറിച്ച്
നല്ല പരിജ്ഞാനവും അവബോധവും ഒരുവനിലുണ്ടാകുമ്പോള്‍ ആ വ്യക്തിക്ക് ദൈവത്തോടു മാനസ്സികമായി അടുപ്പമുണ്ടാകും. ഇതിനു നാം തന്നെ അവസരം ഉണ്ടാക്കിയെടുക്കുകയോ ഒരു പക്ഷേ ദൈവം നാം അറിയാതെ തന്നെ നമ്മോടു വാത്സല്യം കാണിച്ചതുമൂലമോ സംഭവിക്കാം.


 നമ്മുടെ ചെറിയ കാര്യങ്ങളിലെ തിരക്കിലായാലും വലിയ കാര്യങ്ങളിലെ തിരക്കിലായാലും അവയെ നാം നന്നായി ലാളിക്കുകയും ബഹുമാനിക്കുകയും വേണം. എന്നാല്‍ അതില്‍മാത്രം നാം കടിച്ചുതൂങ്ങി നില്‍ക്കരുത്. നമ്മുടെ നല്ലകാര്യങ്ങളുടെ വിജയശില്പി കര്‍ത്താവായ യേശുക്രിസ്തു മാത്രമാണെ
ന്ന് നാം തിരിച്ചറിയണം. യേശു സ്വര്‍ഗ്ഗത്തില്‍ നമുക്കുവേണ്ടി വസസ്ഥലം ഒരുക്കുമ്പോഴും മനുഷ്യര്‍ ആരും ഈ ഭൂമിയില്‍ പൂര്‍വ്വികമായ പരിഷ്കൃതമായ ജീവിതം നയിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നില്ല. നാം ഈ ഭൂമിയില്‍ എത്രത്തോളം ജീവിക്കുന്നുവോ അത്രയും നന്നായി ജീവിക്കുവാനുള്ള സഹായങ്ങളും സംരക്ഷണങ്ങളും അവന്‍ നമുക്കുവേണ്ടി ഒരുക്കിത്തരും. ഈ ലോകത്തെ ഒട്ടുമിക്ക കണ്ടുപിടുത്തങ്ങളുടേയും സൂത്രധാരന്മാര്‍ പലരും ഉറച്ച ദൈവവിശ്വാസികളായിരുന്നു. ഭൌതിക ആവശ്യങ്ങള്‍ക്ക് മനുഷ്യനെ സഹായിക്കുവാന്‍ വേണ്ടി മനുഷ്യന്‍ തന്നെ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുമ്പോള്‍ ദൈവം ആ കരവിരുതിനെ അംഗീകരിക്കുന്നു. ഈ ലോകത്ത് മനുഷ്യന് ആവശ്യമുള്ളതും അത്യാവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ
അനേകം ഉല്‍പ്പന്നങ്ങളും സൃഷ്ടികളും മനുഷ്യന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്നു. ഗുണകരമായി ചെയ്യുന്ന അദ്ധ്വാനത്തെ ദൈവം അംഗീകരിക്കുന്നു. ആ അവസ്ഥയില്‍ ഒരു ദൈവവിശ്വാസി തന്റെ മിടുക്കും പാണ്ഡിത്യവും ദൈവത്തില്‍ നിന്നുള്ളവയാണെന്ന് ആഴമായി തിരിച്ചറിഞ്ഞിരിക്കണം. ജോലിയിലോ
സേവനങ്ങളിലോ എന്തുമാകട്ടെ നമ്മുടെ രാജ്യത്തിനുവേണ്ടിയും ആത്മീയ കാര്യങ്ങള്‍ക്കുവേണ്ടിയും നാം പ്രയത്നിക്കുമ്പോള്‍ നമ്മുടെ സൃഷ്ടിതാവായ ദൈവത്തെ നാം മറക്കരുത്. നമ്മുടെ കരവിരുതിന്റെ അടിസ്ഥാന ഘടകം ദൈവം നല്‍കുന്ന ബുദ്ധിയും അറിവും മാത്രമാണ്. നല്ല കാര്യങ്ങള്‍ക്കായി നാം
ചിന്തിക്കുമ്പോള്‍ ദൈവം നമ്മെ അതിനായി പ്രയോജനപ്പെടുത്തുന്നു എന്നാ‍ണ് യാഥാര്‍ത്ഥ്യം.


 പക്ഷേ ഒന്നു നാം ഓര്‍ക്കണം, നാം എന്തൊക്കെ ചെയ്തു തിര്‍ത്താലും ഈ ലോകത്തിനായി എന്തൊക്കെ സംഭാവന ചെയ്താലും നമ്മുടെ ലക്ഷ്യം ഒന്നുമാത്രമായിരിക്കണം. നിത്യത. കര്‍ത്താവിനോടു കൂടെയുള്ള നിത്യവാസം. ആ ചിന്ത നമ്മെ ഭരിക്കണം. പറയാതിരിക്കാന്‍ എനിയ്ക്കു കഴിയില്ല, ആത്മീയകാര്യത്തിലായാലും ഭൌതികകാര്യങ്ങള്‍കായാലും ഇന്നു പലരും ഒരേ നിലവാരമാണു രണ്ടിനും കല്പിക്കുന്നത്. അത് തെറ്റാണ്. കര്‍ത്താവിനുവേണ്ടി നാം പ്രയത്നിക്കുന്നതില്‍ നമുക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. നമുക്ക് പ്രതിഫലമുണ്ട്. അത് സ്വര്‍ഗ്ഗത്തില്‍ സ്ഥിരമായിരിക്കും. ഭൌതിക കാര്യങ്ങളിലെ ചെയ്തികള്‍ക്കു നടുവിലും നല്ല മനസാക്ഷിയുടെ കാവല്‍ക്കാരായി നാം കര്‍ത്താവായ യേശുവില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. നമ്മുടെ
ജീവിതത്തിന്റെ ആരംഭത്തേക്കാള്‍ അവസാനം നല്ലതായിരിക്കണം. ഇന്ന് അവസാന ഘട്ടങ്ങളിലാണ് പലരും വീണുപോകുന്നത്. നാം അങ്ങനെയാവരുത്. നമ്മുടെ പ്രത്യാശ നമ്മുടെ ഈ ജീവിതാന്ത്യം വരെ നിലനില്‍ക്കണം. നമ്മുടെ സേവനത്തിനും അമൂല്യമായ ക്രൈസ്തവ ജീവിതമാര്‍ഗ്ഗത്തിനും നമുക്ക്  തീര്‍ച്ചയായും പ്രതിഫലമുണ്ട്. ഇവിടെയുമുണ്ട് സ്വര്‍ഗ്ഗത്തിലുമുണ്ട്. അപ്പോസ്തലനായ പൌലോസ് പറയുന്നു:
“ ഞാന്‍ നല്ല പോര്‍ പൊരുതി, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിയ്ക്കായി വെച്ചിരിക്കുന്നു. അതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവു ആ ദിവസത്തില്‍ എനിയ്ക്കു നല്‍കും, എനിയ്ക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയില്‍ പ്രിയംവെച്ച ഏവര്‍ക്കും കൂടെ” (2 തിമൊഥയോസ് 4:7,8). നമ്മുടെ ജീവിതത്തിന്റെ സായാഹ്ന ഘട്ടത്തിലെ ചിന്തയും പ്രത്യാശയും നീതിപ്രവൃത്തികളുടെ മികച്ച നിലവാരങ്ങളുമാണ് സ്വര്‍ഗ്ഗത്തിലേയ്ക്കു നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. ആ സത്യം നമ്മെ ഭരിക്കട്ടെ!.