|
കാണ്ഡമല്‍ ക്രിസ്ത്യാനികള്‍ പ്രത്യാശയോടെ ഭവനങ്ങളിലേയ്ക്കു തിരികെയെത്തി ഭുവനേശ്വര്‍ : ഒറീസ്സാ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ വീടും ഉടയവരും എല്ലാം നഷ്ടപ്പെട്ടു വനങ്ങളിലും സങ്കേതങ്ങളിലും അഭയം തേടിയിരുന്ന 90% ക്രൈസ്തവരും അവരുടെ സ്വന്തം വീടുകളില്‍ തിരികെയെത്തി യിരിക്കുന്നു.
പലരുടെയും വീടുകള്‍ ഇപ്പോള്‍ അവശിഷ്ടങ്ങള്‍ മാത്രം. ചിലരുടെ വീടുകള്‍ തകര്‍ന്നു തരിപ്പണമായ അവസ്ഥയില്‍. എങ്കിലും എല്ലാവരുടേയും മുഖത്ത് പുഞ്ചിരി ദൃശ്യമായി. തങ്ങളുടെ സ്വന്തം ദേശത്തേയ്ക്ക് മടങ്ങി എത്തിയല്ലോ എന്ന സന്തോഷം. ഡല്‍ഹിയിലെ കോണ്‍ഫറന്‍സ് ഓഫ് റിലീജിയന്‍ ഇന്ത്യയുടെ (CRI) ടീമാണിപ്പോള്‍ ക്രൈസ്തവരെ ധൈര്യപ്പെടുത്തിയിരിക്കുന്നത്. സി.ആര്‍.ഐ. അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മേരി ജയിംസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ മാര്‍ച്ച് 17, 18 തീയതികളില്‍ കാണ്ഡമലിലെ 5 ഡിവിഷനുകളിലും അടുത്തുള്ള ജില്ലയുടെ പകുതിഭാഗങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. ജില്ലാഭരണകൂടം ഒരു പുതുയ വീടുവെയ്ക്കാനായി 50000 രൂപയും ഭാഗീകമായി നാശനഷ്ടമുണ്ടായ വീടുകള്‍ പണിയാനായി 20000 രൂപയും നല്‍കിയിട്ടുണ്ട്. കൂടാതെ എന്‍.ജി.ഒ. യും സഭാസംഘടനകളും കൂടി പുതിയ വീടുകള്‍ക്കായി ഓരോന്നിനും 30000 രൂപയും അനുവദിച്ചിട്ടുണ്ട്. 2000 വീടുകള്‍ ഇപ്പോള്‍ പണി പൂര്‍ത്തിയായി.ഇനിയും അടുത്ത മണ്‍സൂണിനു മുന്‍പായി 70000 വീടുകളുടെ പണിയും പൂര്‍ത്തിയാക്കണം. ബ്രദര്‍ മണി മേകുന്നേല്‍ പണിയുടെ ചുമതലകള്‍ക്കു നേതൃത്വം നല്‍കികൊണ്ട് പ്രവര്‍ത്തിക്കുന്നു. കൂടാതെ സി.ആര്‍.ഐ. യുടെ തീരുമാനപ്രകാരം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും തൊഴിലും പഠനവും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പഠനകേന്ദ്രവും സ്ഥാപിക്കുവാന്‍ തീരുമാനമായി. |