അന്ധനായ ഇറാക്കി അഭയാര്‍ത്ഥി മനപാഠമാക്കിയത് 87 ബൈബിള്‍ അദ്ധ്യായങ്ങള്‍

Breaking News Middle East

അന്ധനായ ഇറാക്കി അഭയാര്‍ത്ഥി മനപാഠമാക്കിയത് 87 ബൈബിള്‍ അദ്ധ്യായങ്ങള്‍
അമ്മാന്‍ ‍: അന്ധനായ ഇറാക്കി ക്രിസ്ത്യന്‍ അഭയാര്‍ത്ഥി മനപാഠമാക്കിയത് ബൈബിളിലെ 87 അദ്ധ്യായങ്ങള്‍ ‍.

ലീഡിംഗ് ദ വേ എന്ന ക്രിസ്ത്യന്‍ മിനിസ്ട്രി നല്‍കിയ സോളാര്‍ പവര്‍ എംപി3 ഓഡിയോ ബൈബിള്‍ ദിനംപ്രതി കേട്ടാണ് ഫാദില്‍ എന്ന അന്ധനായ ദൈവഭക്തന്‍ ഇത്രയും ബൈബിള്‍ അദ്ധ്യായങ്ങള്‍ ഹൃദിസ്ഥമാക്കിയത്.

ഇപ്പോള്‍ യോര്‍ദ്ദാനിലെ അമ്മാനില്‍ ഒരു കൊച്ചു ഭവനത്തില്‍ താമസിച്ചു വരുന്ന ഫാദില്‍ ദൈവവചനത്തോടുള്ള അമിതമായ വാഞ്ചയും ബഹുമാനവും വിശ്വാസവും മൂലം താന്‍ ദിവസവും പതിവു തെറ്റാതെ ഓഡിയോ ബൈബിള്‍ സെറ്റ് ഓണ്‍ ചെയ്ത് ദൈവവചനം കേള്‍ക്കുന്നതിന്റെ ഫലമാണ് ഇത്രയും അദ്ധ്യായങ്ങള്‍ മനഃപാഠമാക്കുവാന്‍ സാധിച്ചതെന്ന് ക്രിസ്ത്യന്‍ മിഷണറിയായ റോന്‍ ഹഗ്ഗ്സ് സാക്ഷ്യപ്പെടുത്തുന്നു.

ഇത് വലിയൊരു അത്ഭുതം തന്നെയാണെന്നു ഹഗ്ഗ്സ് പറയുന്നു. ഓഡിയോ ബൈബിളില്‍കൂടി ദൈവവചനം കേള്‍ക്കുകയും ധ്യാനിക്കുകയും അതുപ്രകാരം ജീവിക്കുകയും ചെയ്യുന്ന ഫാദില്‍ തന്റെ അന്ധത ഒരു ബലഹീനതയായി കാണുന്നില്ല.

എപ്പോഴും നിറഞ്ഞ പുഞ്ചിരിയുമായി നടക്കുന്ന ഫാദിലിന്റെ കൈവശം ഓഡിയോ ബൈബിള്‍ സെറ്റ് ഉണ്ടായിരിക്കും. തന്റെ നാടും വീടും ഒക്കെ വിട്ട് അന്യ സ്ഥലത്ത് താമസിക്കുമ്പോഴും താന്‍ ഏകനല്ല, സര്‍വ്വശക്തനായ കര്‍ത്താവ് കൂടെയുണ്ടെന്നുള്ള വിശ്വാസവും ഫാദിലിനുണ്ട്.

അന്ധര്‍ക്കു വേണ്ടി നിര്‍മ്മിച്ച ഓഡിയോ ബൈബിള്‍ സെറ്റ് പതിനായിരക്കണക്കിനു അന്ധര്‍ക്ക് പ്രയോജനമാകുന്നതായും അവരും ദൈവവചനം കേള്‍ക്കുകയും ധ്യാനിക്കുകയും ചെയ്യുവാനുള്ള അവസരം ഒരുക്കിയതിന് ദൈവത്തിനു നന്ദി പറയുകയാണ് ഹഗ്ഗ്സ്.