പുതിയ മിസൈലുമായി റഷ്യ: ബൈബിള്‍ പ്രവചന യുദ്ധത്തിന്റെ ഒരുക്കമോ?

Breaking News Europe Top News

പുതിയ മിസൈലുമായി റഷ്യ: ബൈബിള്‍ പ്രവചന യുദ്ധത്തിന്റെ ഒരുക്കമോ?
മോസ്ക്കോ: ലോകത്തിന്റെ ഏതു ഭാഗത്തും എത്താന്‍ ശേഷിയുള്ള ശബ്ദാതിവേഗ മിസൈല്‍ റഷ്യ വികസിപ്പിച്ചെടുത്തതായി പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ പ്രഖ്യാപിച്ചത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഞെട്ടലുളവാക്കി.

 

യൂറോപ്പിലും ഏഷ്യയിലുമുള്ള യു.എസ്. പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ ക്രൂസ് മിസൈലിനെ തടയാനാവില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. മാര്‍ച്ച് 1-ന് വ്യാഴാഴ്ച പാര്‍ലമെന്റില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള വാര്‍ഷിക പ്രഭാഷണത്തിലായിരുന്നു പ്രഖ്യാപനം. മിസൈലിനൊപ്പം ആളില്ലാ അന്തര്‍വാഹിനിയും റഷ്യ നിര്‍മ്മിച്ചതായി പുടിന്‍ പറഞ്ഞു. രണ്ടിനും ജനങ്ങളില്‍നിന്നും അദ്ദേഹം പേര് ക്ഷണിക്കുകയും ചെയ്തു.

 

താഴ്ന്നു പറക്കുന്ന ക്രൂസ് മിസൈലിന് അണ്വായുധം വഹിക്കാനുള്ള ശേഷിയുമുണ്ട്. ഇതിനു ദൂരപരിധിയില്ല. ഇതിന്റെ സഞ്ചാരപാത പ്രവചിക്കാനുമാവില്ല. ഇപ്പോഴുള്ളതോ ഭാവിയില്‍ ഉണ്ടാകാനിടയുള്ളതോ ആയ മിസൈല്‍ വ്യോമയാന പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ മിസൈലിനെ തടയാനാകില്ലെന്നും പുടിന്‍ പറഞ്ഞു. മിസൈല്‍ വിരുദ്ധ ഉടമ്പടികളില്‍നിന്നും പിന്‍വാങ്ങരുതെന്ന് വര്‍ഷങ്ങളായി അമേരിക്കയോട് റഷ്യ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു.

 

ചെറിയ മിസൈലുകള്‍ വികസിപ്പിച്ചെടുക്കുമെന്ന് പുതിയ ആണവ നയത്തില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയും യു.എസും വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയ ഉടമ്പടിയുടെ ലംഘനമാണിത്. ലോകസമാധാനത്തിനായാണ് റഷ്യ സൈനികശക്തിയാര്‍ജ്ജിക്കുന്നതെന്ന് പുടിന്‍ അവകാശപ്പെട്ടു. ആരെങ്കിലും റഷ്യയ്ക്കെതിരെ അണ്വായുധം പ്രയോഗിച്ചാല്‍ ഉടന്‍ തിരിച്ചടിയുണ്ടാകുമെന്നു അദ്ദേഹം മുന്നറിയിപ്പു നല്‍കി.

 

പാര്‍ലമെന്റില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്തു രണ്ടു മണിക്കൂര്‍ നടത്തിയ പ്രസംഗത്തിലാണ് റഷ്യയുടെ നയം പ്രഖ്യാപിച്ചത്. എന്നാല്‍ റഷ്യയുടെ പുതിയ മിസൈല്‍ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ അമേരിക്കയും പ്രതികരിച്ചു. തങ്ങള്‍ക്കു നേരെയുള്ള ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ പൂര്‍ണ്ണ സജ്ജരാണെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി.

“പുടിന്റെ പ്രസ്താവനയില്‍ അമേരിക്കയ്ക്ക് ഞെട്ടലില്ല, രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണ്ണായും ആശ്വസിക്കാം. ഏതു തരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ അമേരിക്ക സജ്ജമാണ്”. പെന്റഗണ്‍ വക്താവ് ഡാനാ വൈറ്റ് പ്രഖ്യാപിച്ചു.

അന്ത്യകാലമാകുമ്പോള്‍ അതായത് യിസ്രായേല്‍ അവരുടെ അവകാശ ഭൂമിയില്‍ എത്തിച്ചേര്‍ന്ന് അവിടെ നിര്‍ഭയം വസിക്കുമ്പോള്‍ റഷ്യ ചില ലോക രാഷ്ട്രങ്ങളെ സംഘടിപ്പിച്ച് ഒരു വന്‍ ശക്തിയായി യിസ്രായേലിനു നേരെ യുദ്ധത്തിനു വരുമെന്നു യെഹസ്ക്കേല്‍ പ്രവചന പുസ്തകം 38-ാം അദ്ധ്യായത്തില്‍ വ്യക്തമാക്കുന്നു.

 

” നീ അവര്‍ക്കു മേധാവിയായിരിക്കുക” (യെഹെ. 38:7) എന്നു പ്രതിപാദിക്കുന്നു. റഷ്യയുടെ ശക്തമായ ആക്രമണത്തെക്കുറിച്ചും ബൈബിള്‍ വ്യക്തമാക്കുന്നു. “നീ മഴക്കോള്‍പോലെ കയറിവരും, നീയും നിന്റെ എല്ലാ സൈന്യങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും. ദേശത്തെ മറയ്ക്കുവാനുള്ള ഒരു മേഘം പോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരെ വരും” (യെഹെ. 38:9-16) എന്നു പറഞ്ഞിരിക്കുന്നു.

 

ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു 2500 വര്‍ഷം മുമ്പാണ് ബൈബിള്‍ ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്. യെഹെസ്ക്കേല്‍ 38-ന്റെ ഒന്നാം വാക്യത്തില്‍ രോശ്, മേശക്ക്, തൂബല്‍ എന്നീ ദേശങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നു. ഇതില്‍ രോശ് റഷ്യയെ മൊത്തത്തിലും, മേശക്ക് മോസ്ക്കോ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ഭാഗങ്ങളെയും, തൂബല്‍ തൂബല്‍സ്ക്കോ, സൈബീരിയ തുടങ്ങിയ ഭാഗങ്ങള്‍ ചേര്‍ന്ന റഷ്യയുടെ കിഴക്കന്‍ മേഖലയേയും സൂചിപ്പിക്കുന്നു.

 

മൂന്നാം ലോക മഹായുദ്ധം അഥവാ ഗോഗ് , മാഗോഗ് യുദ്ധത്തെക്കുറിച്ചാണ് ഈ അദ്ധ്യായം പരാമര്‍ശിച്ചിരിക്കുന്നത്. റഷ്യയുടെ നേതൃത്വത്തില്‍ യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളും അറബ്-ഇസ്ളാമിക് രാജ്യങ്ങളുമെല്ലാം ഈ യുദ്ധത്തില്‍ സംയുക്തമായി യിസ്രായേലിനു നേരെ യുദ്ധം നയിക്കും.

 

ഘോരമായ യുദ്ധത്തില്‍ യിസ്രായേല്‍ തന്നെ ജയിക്കും. പരാജയപ്പെടുന്ന റഷ്യന്‍ സഖ്യത്തിന്റെ ആറില്‍ അഞ്ചും നശിക്കുമെന്നും മുഴു ലോകവും ജീവനുള്ള ദൈവത്തെ ഭയപ്പെടുവാന്‍ കാരണമായിത്തീരുകയും ചെയ്യും.

 

എന്നാല്‍ ദൈവത്തിന്റെ സഭ ഈ ഭയങ്കര യുദ്ധത്തിനുമുമ്പുതന്നെ ഈ ലോകത്തില്‍നിന്നും എടുക്കപ്പെട്ടിരിക്കും. കര്‍ത്താവിന്റെ രണ്ടാം മടങ്ങിവരവില്‍ ദൈവസഭ ഉല്‍പ്രാപണം ചെയ്യുമെന്നും സുരക്ഷിതമായി സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമെന്നും ബൈബിള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.