ബിന്‍ലാദന്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപമുള്ള ചര്‍ച്ചുകള്‍ക്കുള്ള നിരോധനം പിന്‍വലിച്ചു

Breaking News Middle East

ബിന്‍ലാദന്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപമുള്ള ചര്‍ച്ചുകള്‍ക്കുള്ള നിരോധനം പിന്‍വലിച്ചു
അബോട്ടാബാദ്: പാക്കിസ്ഥാനില്‍ ഒസാമ ബിന്‍ ലാദന്‍ ഒളിവില്‍ താമസിച്ച വീടിനു സമീപ പ്രദേശങ്ങളിലുള്ള 6 ക്രിസ്ത്യന്‍ സഭകള്‍ക്കു ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ കൈബര്‍ പാക്ക്തുങ്ക്വായിലെ അബോട്ടാബാദിലുള്ള ഹൌസ് ചര്‍ച്ചുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്.

 

2018 ജനുവരി മാസം മദ്ധ്യത്തില്‍ സുരക്ഷാ ഭീഷണികള്‍ മുന്‍ നിര്‍ത്തിയാണെന്നു പറഞ്ഞായിരുന്നു ഈ പ്രദേശത്തെ ഹൌസ് ചര്‍ച്ചുകള്‍ക്ക് പ്രാദേശിക ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന സഭാ ആരാധനാ കൂട്ടങ്ങളായിരുന്നു ഇവ. അധികാരികളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്രൈസ്തവ നേതാക്കന്മാരും പാസ്റ്റര്‍മാരും വിശ്വാസികളും ശക്തമായി പ്രതിഷേധിക്കുകയും തങ്ങളുടെ ആരാധനാ സ്വാതന്ത്യ്രം മടക്കിത്തരണമെന്ന് ആവശ്യപ്പെട്ട് അധികാരികളെ സമീപിച്ചതിനാല്‍ രണ്ടാഴ്ചയ്ക്കു ശേഷം തീരുമാനം പിന്‍ വലിച്ചതായി അധികാരികള്‍ പ്രഖ്യാപിക്കുകയായിരുന്നു.

 

ചര്‍ച്ചുകള്‍ക്കുള്ള നിരോധനത്തിനു പകരം സുരക്ഷ ഏര്‍പ്പെടുത്തുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്നു ഹൌസ് ചര്‍ച്ച് പാസ്റ്റര്‍ അര്‍ഷാദ് നായര്‍ പറഞ്ഞു. “എല്ലാ ചര്‍ച്ചുകളും തുറന്നു പ്രവര്‍ത്തിക്കുവാനും വിശ്വാസികള്‍ക്ക് ആരാധിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള സ്വാതന്ത്യ്രം തിരിച്ചുതന്നു.

പക്ഷേ വ്യക്തമായി രേഖാമൂലം ഈ ഉത്തരവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് ” പാസ്റ്റര്‍ ക്രിസ്റ്റഫര്‍ ഷക്കിര്‍ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച എല്ലാ സഭാ ആരാധനാ കൂട്ടവും പതിവുപോലെ നടത്തുകയുണ്ടായി. 2011 മെയ് 2-ന് യു.എസ്. നേവി സീല്‍ കമാണ്ടോകള്‍ നടത്തിയ ഓപ്പറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ബിന്‍ ലാദന്‍ കഴിഞ്ഞ 10 വര്‍ഷക്കാലം അബോട്ടാബാദിലെ തന്റെ വീട്ടില്‍ രഹസ്യമായി താമസിച്ചു വരികയായിരുന്നു.

 

ഇതേ തുടര്‍ന്നാണ് അബോട്ടാബാദ് ലോക ശ്രദ്ധ നേടിയത്. 2012-ല്‍ പാക്കിസ്ഥാന്‍ സുരക്ഷാ ഏജന്‍സി ബിന്‍ ലാദന്റെ വീട് ഇടിച്ചു നിരത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രവിശ്യയാണ് കൈബര്‍ പാക്ക്തുങ്ക്വാ. പഴയതുപോലുള്ള തീവ്രവാദി ആക്രമണങ്ങള്‍ കുറവാണ് ഇപ്പോള്‍ ‍. എങ്കിലും ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരെ പലരീതിയിലും ആക്രമണങ്ങളും ഭീഷണികളും നിലനില്‍ക്കുന്നുണ്ട്.

Leave a Reply

Your email address will not be published.