നമുക്കു ലഭിച്ച കൃപയ്ക്കൊത്തവണ്ണം

Articles Breaking News Editorials

നമുക്കു ലഭിച്ച കൃപയ്ക്കൊത്തവണ്ണം
അപ്പോസ്തോലനായ പൌലോസ് റോമാ ലേഖനത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധ്യേയമാണ്. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം പ്രാപിക്കണമെന്ന് ഞാന്‍ എനിക്ക് ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു. (റോമര്‍ 12:3). പൌലോസ് അര്‍ത്ഥമാക്കുന്നത് ഇതാണ്.

 

എനിക്ക് ദൈവം തന്ന കൃപയുടെ അളവനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. അതിനപ്പുറം ഞാന്‍ ചെയ്തെടുക്കുമെന്ന് വിചാരിക്കുന്നില്ല. (ഭാവിക്കുന്നില്ല) എന്നത്രേ അപ്പോസ്തോലന്‍ അര്‍ത്ഥമാക്കുന്നത്.

 

ചെയ്തെടുക്കുവാന്‍ പറ്റാത്ത ഒരു കാര്യവും ദൈവം നമ്മെ ഏല്‍പ്പിക്കുന്നില്ല. ദൈവം നമ്മെ നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കുന്നില്ല. ദൈവത്തിന് അറിയാം നമ്മുടെ സ്ഥിതി. ചിലര്‍ക്ക് ശാരീരികമായ ബലഹീനതകള്‍ ഉണ്ടായിരിക്കാം. അംഗവൈകല്യങ്ങള്‍ ഉള്ളവരായിരിക്കാം, ചിലര്‍ക്ക് നല്ല ആരോഗ്യവും പുഷ്ടിയും ഉണ്ടായിരിക്കാം, ചിലര്‍ വിദ്യാസമ്പന്നര്‍ ആയിരിക്കാം, എന്നാല്‍ വിദ്യാഭ്യാസം കുറഞ്ഞവരുമുണ്ട് നമ്മുടെ ഇടയില്‍ ‍.

 

എല്ലാവരേയും ദൈവം വിളിച്ച് തിരഞ്ഞെടുത്തതിനാല്‍ ഉത്തരവാദിത്വങ്ങളും, ചുമതലകളും ഏല്‍പ്പിച്ച് തന്നിരിക്കുന്നു. അത് പാടുവാനോ, പാട്ട് എഴുതുവാനോ, പ്രസംഗിക്കുവാനോ, എഴുത്തിലൂടെ സുവിശേഷം പങ്കുവെയ്ക്കുവാനോ, ദൈവവചനം പഠിപ്പിക്കുവാനോ ഒക്കെ ആയിരിക്കാം. ഇതെല്ലാം ദൈവത്തിന്റെ കൃപയാണ്. ഉന്നത വിദ്യാഭ്യാസമുള്ള ഒരു വ്യക്തിക്ക് നന്നായി പാടുവാന്‍ കഴിഞ്ഞെന്നു വരികയില്ല.അതിന് കഴിവുള്ളവരെ ദൈവം ഉപയോഗിക്കുന്നു. ഇങ്ങനെ ഓരോരുത്തരേയും ദൈവം കര്‍ത്തൃവേലയ്ക്കായി ഉപയോഗിക്കുന്നു.

 

എന്നാല്‍ ദൈവസഭയുടെ ആരംഭം മുതല്‍ ഇന്നുവരെയും ദൈവം ഏല്‍പ്പിക്കാത്ത കാര്യങ്ങള്‍ പലരും സ്വയം ഏറ്റെടുത്തുകൊണ്ട് ചെയ്യുവാന്‍ ശ്രമിക്കുന്നു. എല്ലാവരും രാജകീയ പുരോഹിത വര്‍ഗ്ഗമാണെന്ന് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട് ഒരു ക്രിസ്ത്യാനി ഒരു സുവിശേഷകന്‍ തന്നെയാണ്. ഈ സത്യം വിസ്മരിക്കുന്നില്ല. മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് വിജയിച്ചു എന്നു വരികില്ല. ബില്ലിഗ്രാഹാമിനെയും, പോള്‍ യോംഗിച്ചോയേയും, ബര്‍ണാര്‍ഡ് ബ്ളെസ്സിംഗിനെയും ഒക്കെ അനുകരിച്ചാല്‍ അവരെപ്പോലെ ആരും ആകണമെന്നില്ല. അവര്‍ക്ക് ദൈവം നല്‍കിയ കൃപ അവര്‍ പ്രയോജനപ്പെടുത്തുന്നു. അവര്‍ക്ക് നല്‍കിയ കൃപയല്ല ദൈവം മറ്റൊരാള്‍ക്ക് നല്‍കുന്നത്.

 

പൊലോസിന് ദൈവം നല്‍കിയ കൃപയല്ല അപ്പൊല്ലോസിന് നല്‍കിയത്. അപ്പൊല്ലോസിനെക്കുറിച്ച് പൌലോസ് പറയുന്നത് വാക്ക്സാമര്‍ത്ഥ്യം ഉള്ളവനത്രേ എന്നാണ്. എന്നാല്‍ പൌലോസ് അപ്പല്ലോസിനേക്കാള്‍ അധികം കര്‍ത്താവിനുവേണ്ടി അദ്ധ്വാനിച്ചു എന്നു ബൈബിളില്‍ വ്യക്തമാക്കുന്നു. പത്രോസ് ഒരു മീന്‍പിടുത്തക്കാരന്‍ ആയിരുന്നു. അവന് ഉന്നത വിദ്യാഭ്യാസമോ പാണ്ഡിത്യമോ ഇല്ലായിരുന്നു. എന്നിട്ടും ദൈവം പത്രോസിനെ അന്ത്യാകാലത്ത് സംഭവിപ്പാനുള്ളതിനെക്കുറിച്ച് അല്‍പ്പമെങ്കിലും വെളിപ്പെടുത്തിക്കൊടുത്തു. രണ്ടു ലേഖനങ്ങളും പത്രോസ് എഴുതി. യേശുവിന്റെ ശവസംസ്ക്കാരത്തിന് ദൈവം ഒരുക്കിയത് അരിമഥ്യക്കാരന്‍ യോസഫിനെയാണ്. അവന്‍ മന്ത്രിയായിരുന്നതുകൊണ്ട് ആ സ്വാധീനം ഉപയോഗിച്ച് യേശുവിനെ അടക്കം ചെയ്തു.

 

യോഹന്നാന്‍ എന്ന ശിഷ്യന്‍ യേശുവിനോട് ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്നതിനാല്‍ പത്മോസ് ദ്വീപില്‍വച്ച് ഭാവികാലത്ത് സംഭവിപ്പാനുള്ളതിനേക്കുറിച്ച് വെളിപ്പാട് കൊടുത്തു. അതുപോലെ വിദ്യാവിഹീനരും, ശ്രേഷ്ഠന്മാരും, ബുദ്ധിമാന്മാരും, പണ്ഡിതന്മാരും, അക്ഷരാഭ്യാസമില്ലാത്തവരും, ശാരീരിക ബലഹീനരുമായ ഒരുകൂട്ടം ദൈവജനത്തെ കാലാകാലങ്ങളില്‍ ദൈവത്തിന്റെ വേലയ്ക്കായി തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നു. അതുകൊണ്ട് നാം ചെയ്യുന്ന ശുശ്രൂഷകള്‍ ഒരു കുറച്ചിലായി ആരും കാണേണ്ട. അതുപോലെ മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാനായി, ഞാന്‍ അധികം ചെയ്യുന്നു എന്നു വരുത്തിത്തീര്‍ക്കുവാനായി ആരും ഭാവിക്കുകയും വേണ്ട.

 

ചെയ്യുവാന്‍ പറ്റാത്ത ജോലി ദൈവം ആരേയും ഏല്‍പ്പിച്ചിട്ടില്ല. എല്ലാവര്‍ക്കും പ്രാപ്തിക്കൊത്തതുപോലെ പ്രവര്‍ത്തിക്കുവാന്‍ ദൈവം നമ്മെ നിയോഗിച്ചിരിക്കുന്നു. പ്രാപ്തിക്കൊത്തവണ്ണം ചെയ്യുവാന്‍ ശ്രമിക്കാതെ വേണ്ടാത്ത കാര്യങ്ങളില്‍ നാം ശ്രദ്ധവെച്ചാല്‍ നാം വിജയം കാണുകയില്ല. എന്നാല്‍ ദൈവം ഏല്‍പ്പിക്കുന്ന ശുശ്രൂഷകള്‍ നാം ചെയ്യാതിരിക്കുകയുമരുത്. നമുക്ക് ചെയ്തുകൊടുക്കുവാന്‍ കഴിയുമെന്ന് ദൈവത്തിന് നമ്മെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് അവന്‍ നമ്മെ വിശ്വസ്തരായി കണ്ടത്. പൌലോസ് പറയുന്ന മറ്റൊരു കാര്യത്തിന് കൂടി നമുക്ക് ശ്രദ്ധ കൊടുക്കാം. നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കണം. (2 തിമെ.1:6). അത് നാം നന്നായി ഓര്‍ക്കണം.
പാസ്റ്റര്‍ ഷാജി. എസ്.

Leave a Reply

Your email address will not be published.