ജീവിതം ദൈവവഴിയിലൂടെ

Articles Breaking News Editorials

ജീവിതം ദൈവവഴിയിലൂടെ
വേര്‍പാടിന്റെ മുറിവുകളും സ്നേഹത്തിന്റെ വ്യാകുലതകളും നിത്യേന അനുഭവിക്കുന്നവരാണ് മനുഷ്യരില്‍ ഏറിയ പങ്കും. ദുഃഖത്തിന്റെയും ഏകാന്തതയുടെയും ആഴം മനുഷ്യര്‍ക്ക് അളന്നു തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഏതു കടുത്തപാറയിലും അലിവിന്റെയും സ്നേഹത്തിന്റെയും ഉറവുകള്‍ ഉണ്ടായിരിക്കും.

 

പാറപൊട്ടിച്ച് അതിനുള്ളില്‍ നിന്ന് ലഭിക്കുന്ന ഉറവയ്ക്ക് മറ്റുള്ളവയെക്കാള്‍ കുളിര്‍മ്മയും മധുരവും ഉണ്ടായിരിക്കും. കടുത്ത മനസ്സ് വല്ലാത്ത ഒരു പ്രശ്നമാണ്. ആരും കടുത്തമനസ്സോടെ ജനിക്കുന്നില്ല. എന്നാല്‍ ജീവിത അനുഭവം പലരേയും ആവിധം ആക്കിത്തീര്‍ക്കുന്നു. ഏകാന്തതയിലെ ആലോചനയും പ്രാര്‍ത്ഥനയും മനസ്സില്‍ നന്മയുടെ നീറുറവയായി തീരുമ്പോള്‍ കടുത്തമനസ്സ് എന്ന രോഗത്തില്‍ നിന്നും രക്ഷനേടാന്‍ ഈ സ്ഥിതിയിലുള്ളവര്‍ക്ക് ആഗ്രഹം തോന്നും.

 

മനസ്സ് കടുത്ത് പോയിട്ടുണ്ട്. എന്തുണ്ട് പരിഹാരം എന്നു ചോദിച്ച വ്യക്തിയോട് ഒരു മഹാന്‍ പറഞ്ഞത് രോഗിയെ സന്ദര്‍ശിക്കുക എന്ന നിര്‍ദ്ദേശമാണ്. എന്റെ ജീവിതത്തില്‍ പലപ്പോഴും ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എന്റെ ആരോഗ്യവും സൌഖ്യവും ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്. മനസ്സില്‍ ദയയും അലിവും തോന്നാനും തന്നിലെ പാരുഷ്യത്തിന്റെ മുനമ്പ് തകര്‍ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട മാര്‍ഗ്ഗമാണിത്.

 

എത്ര കഠിനഹൃദയരായാലും അവരില്‍ നിന്നും നിശബ്ദമായ വിലാപം ഉയരും. ചിലപ്പോള്‍ തനിക്ക് വേണ്ടപ്പെട്ടവരോട് അവര്‍ ഈ സങ്കടം ബോധിപ്പിക്കും. മാറ്റണമെന്ന് ആഗ്രഹം ഉണ്ടായിട്ടും അത് മാറ്റാന്‍ കഴിയാത്തതിലുള്ള വേദന ഇത്തരം പ്രതികരണങ്ങളില്‍ കാണാന്‍ കഴിയും. ഈ സന്ദര്‍ഭത്തിലാണ് ഇവരില്‍ ദൈവവചനം എത്തിക്കേണ്ടത്. വിശ്വാസികളിലും ഹൃദയകാഠിന്യത്താല്‍ പ്രയാസപ്പെടുന്നവരുണ്ട്. ഇവര്‍ക്ക് ഹൃദയം ആര്‍ദ്രമായിരിക്കണമെന്നുണ്ട്.

 
മറ്റുള്ളവരുടെ കഠിനമായ ജീവിതം കാണുമ്പോള്‍ നമുക്ക് കര്‍ത്താവ് തന്ന അനുഗ്രഹങ്ങളോര്‍ത്ത് സ്തുതിക്കാം. മനസ്സിലേയും ശരീരത്തിലെയും വേദനകൊണ്ട് ഉറക്കംവരാത്ത അനേകരുണ്ട്. പുറമേയുള്ള വേദന അതി കഠിനമാകുമ്പോള്‍ അകമെ ഉള്ള വേദന തല്ക്കാലം മറ്റുള്ളവരെ അറിയ്ക്കാതിരിക്കുന്നവരുണ്ട്. മേല്‍പ്പറഞ്ഞപ്രകാരമുള്ള കാഴ്ചകളും സന്ദര്‍ശനങ്ങളും പുതിയ പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

 

ഇത് വേദനപ്പെടുത്തുന്നവരെ വീണ്ടും കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അവര്‍ക്ക് ആശ്വാസവും സഹായവും നല്‍കിയാല്‍ നമ്മുടെ അവസ്ഥകള്‍ക്കും കര്‍ത്താവ് മാറ്റം വരുത്തും. അപ്പോള്‍ യേശുവിനെ തൊടുവാന്‍ ‍, അറിയുവാന്‍ നമുക്കും ആഗ്രഹം ഉണ്ടാകും. അങ്ങനെ അവന്‍ നമ്മെ തൊടും.

 

ഇങ്ങനെ നാം ക്രിസ്തുവുമായുള്ള രഹസ്യബന്ധം തുടരണം. ഇതാണ് നമ്മെപ്പറ്റി കര്‍ത്താവ് ആഗ്രഹിക്കുന്നത്. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ സ്നേഹത്തില്‍ നിലനിര്‍ത്തട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.

Leave a Reply

Your email address will not be published.